Showing posts with label Sufi Motivational Story in Malayalam. Show all posts
Showing posts with label Sufi Motivational Story in Malayalam. Show all posts

Tuesday, June 4, 2024

Sufi motivational story in Malayalam | Alif Ahad


1. ദരിദ്രനായ സൂഫിയും ധനികനായ സൂഫിയും




















Wednesday, June 15, 2022

ശരീരത്തിലെ ഏറ്റവും നല്ല അവയവം നാവ് | ഏറ്റവും ചീത്ത അവയവവും നാവ് | Sufi Motivational Story in Malayalam | Luqman Al Hakeem | Alif Ahad

ഗുരു ലുഖ്മാനുൽ ഹക്കീം അടിമയായിരിക്കെ തന്റെ യജമാനൻ ഒരാടിനെ അറുക്കുവാൻ വേണ്ടി നൽകി.
ശേഷം കൽപ്പിച്ചു: ഈ ആടിന്റെ ഏറ്റവും നല്ല ഭാഗം വേവിച്ച് കൊണ്ട് വരുക.
അപ്പോൾ ലുഖ്മാനുൽ ഹകീം (റ) ആടിനെ അറുത്ത ശേഷം അതിന്റെ നാവെടുത്ത് വേവിച്ച് യജമാനന് നൽകി.
പോഷക സമൃദ്ധമായ മറ്റു പല ഭാഗങ്ങളുമുണ്ടായിട്ടും എല്ലാവരും വെറുക്കുന്ന നാവ് വേവിച്ചത് കണ്ട യജമാനൻ ദേഷ്യപ്പെട്ട് അദ്ദേഹത്തെ ചീത്ത വിളിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞ ശേഷം യജമാനൻ അദ്ദേഹത്തെ വിളിച്ച് മറ്റൊരാടിനെ നൽകി.
അന്ന് അയാൾ പറഞ്ഞത് എനിക്ക് ഈ ആടിന്റെ ഏറ്റവും വൃത്തികെട്ട ഭാഗമാണ് വേണ്ടത്.
കൊണ്ടുവരൂ...

അന്നും ലുഖ്മാൻ (റ) ആടിനെ അറുത്ത് അതിന്റെ നാവ് തന്നെയാണ് കൊണ്ടുവന്നത്.

കൗതുകത്തോടെ യജമാനൻ ചോദിച്ചു.
അന്നൊരിക്കൽ ഞാൻ ഏറ്റവും നല്ല അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
ഇന്ന് ഞാൻ ഏറ്റവും ചീത്ത അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
എന്താണ് കാരണം!?

ഗുരു ലുഖ്മാൻ പറഞ്ഞു:
നല്ലതെങ്കിൽ ഏറ്റവും നല്ല അവയവം നാവാണ്.
ചീത്തയായാലോ,
ആ നാവിനേക്കാൾ വൃത്തികെട്ട മറ്റൊരവയവമില്ല.
അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യാൻ കാരണം.

ജീവിതത്തിൽ നാം ദുഃഖിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിൽ വലിയൊരു പങ്കും നമ്മുടെ നാവിനായിരിക്കും.
അതുകൊണ്ടാണ് ഖലീഫ ഉമർ (റ) പറഞ്ഞത്:
ഞാൻ 
സംസാരിച്ചതിന്റെ 
പേരിൽ 
പലപ്പോഴും എനിക്ക്
ഖേദിക്കേണ്ടി
വന്നിട്ടുണ്ട്.
എന്നാൽ
മിണ്ടാതിരുന്നതിന്റെ
പേരിൽ
എനിക്കൊരിക്കലും
ഖേദിക്കേണ്ടി 
വന്നിട്ടില്ല. 

ബുദ്ധിമാൻ ചിന്തിച്ചതിന് ശേഷം സംസാരിക്കുന്നു.
എന്നാൽ ബുദ്ധിശൂന്യൻ സംസാരിച്ചതിന് ശേഷമേ ചിന്തിക്കുകയൊള്ളു എന്ന മഹദ് വചനം എത്ര അർത്ഥവത്താണ്.

വാക്കുകൾ കൊണ്ടുള്ള മുറിവുകൾ ഉണങ്ങാൻ ഒരുപാട് നാളെടുക്കും എന്ന് നാം പറയാറുണ്ട്.
ഈ വാക്യം കേൾക്കുമ്പോൾ നാം നമ്മുടെ വാക്കു കൊണ്ട് മറ്റുള്ളവർക്ക് മുറിവായാൽ അതു മാറാൻ കുറേകാലമെടുക്കും എന്നാണ് നാം എപ്പോഴും മനസ്സിലാക്കാറുള്ളത്.
അത് ശരിയാണ്.
മുറിവാകുന്നത് മറ്റുള്ളവർക്കല്ലേ എന്ന് ചിന്തിക്കുമ്പോൾ ഒരാശ്വാസവും ഉള്ളിന്റെ ഉള്ളിൽ ചിലപ്പോൾ തോന്നിയേക്കാം.

എന്നാൽ നമ്മുടെ നാവു കാരണം ഒരാളുടെ മനസ്സിൽ മുറിവായാൽ 
അതിനേക്കാൾ ആഴമുള്ള ഒരു മുറിവ് നമ്മുടെ ഹൃദയത്തിൽ സംഭവിക്കുന്നു.
ആ മുറിവ് നാം തിരിച്ചറിഞ്ഞെന്ന് വരില്ല.

നമ്മുടെ ഹൃദയത്തിലെ ആ മുറിവുകൾ സുഖപ്പെടാതെ ഹൃദയനാഥന്റെ ഇശ്ഖിന്റെ മുറ്റത്ത് ഒരിക്കലും ഒരുമിച്ച് കൂടാൻ സാധിക്കില്ല.
ആ മുറിവുകൾ നമ്മെ എപ്പോഴും വേട്ടയാടിക്കൊണ്ടേയിരിക്കും.

സംസാരം മൗനത്തേക്കാൾ ശ്രേഷ്ഠമാകുന്നത് എപ്പോഴാണോ
അപ്പോൾ മാത്രം സംസാരിക്കാം.

"ഒന്നുകിൽ നല്ലത് സംസാരിക്കുക,
അല്ലെങ്കിൽ നീ മിണ്ടാതിരിക്കുക" എന്ന
മുത്ത് നബിയുടെ വാക്ക് ജീവിതത്തിൽ പകർത്താം.
നാവിന്റെ വിപത്തുകളെ ഭയന്ന് കല്ല് കടിച്ച് പിടിച്ച് നടന്ന സിദ്ധീഖുൽ അക്ബറെന്ന മഹാ പുരുഷന്റെ വഴിയെ പിന്തുടരാം.

നാവിലെ മൗനം ഹൃദയത്തിലേക്കും വ്യാപിക്കട്ടെ.
അങ്ങനെ പ്രക്ഷുബ്ധമായ ഹൃദയം ശാന്തിയുടെ ഇടമായി പരിണമിക്കട്ടെ.

അപ്പോൾ ആ ഹൃദയം ഖൽബുൻ സലീം എന്ന ഉന്നതമായ അവസ്ഥയിൽ വിരാചിക്കും.

Wednesday, May 11, 2022

ഇമാം റാസിയും കിഴവിയും | Sufi Motivational Story in Malayalam | Imam Razi | Alif Ahad

ഫഖ്റുദ്ദീൻ അർ-റാസി എന്ന വിശ്വപ്രസിദ്ധ പണ്ഡിതരെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും.
ഇസ്ലാമിക ജ്ഞാനലോകത്തെ അത്ഭുത പ്രതിഭയായിരുന്നു അദ്ധേഹം.
ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് അഥവാ പരിഷ്കർത്താവ് എന്നറിയപ്പെട്ട മഹാൻ കൈ വെക്കാത്ത വൈജ്ഞാനിക ശാഖകൾ ഉണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു.

തഫ്സീറുൽ കബീർ എന്ന അദ്ധേഹത്തിന്റെ ഖുർആൻ വ്യാഖ്യാനം ബൃഹത്തായ ഒരു ഗ്രന്ഥം തന്നെയാണ്.
തത്വശാസ്ത്രത്തിലും ആത്മീയതയിലും അറബി ഭാഷാ സാഹിത്യത്തിലും ഭൂമിശാസ്ത്രം ഗോളശാസ്ത്രം പ്രകൃതി ശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം 
ഇവയെല്ലാം തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായാണ് നിർവ്വഹിച്ചത്.
പ്രപഞ്ചനാഥന്റെ അസ്തിത്വത്തെ കുറിച്ചും നാഥന്റെ വിശേഷണങ്ങളെ കുറിച്ചും അദ്ദേഹം കൂടുതൽ ചിന്തിക്കുകയും
തന്റെ കാലഘട്ടത്തിലെ നിരീശ്വര - യുക്തിവാദികളെ തന്റെ ധിഷണാവൈഭവം കൊണ്ട് മുട്ട് മുത്തിക്കുകയും ചെയ്തു.

പ്രപഞ്ചനാഥന്റെ അനിവാര്യവും അനിഷേധ്യവുമായ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന ആയിരക്കണക്കിന് തെളിവുകൾ സമർത്ഥിക്കുന്ന അദ്ധേഹത്തിന്റെ വിശ്വപ്രസിദ്ധമായ മറ്റൊരു ഗ്രന്ഥമാണ് അൽ-മത്വാലിബുൽ ആലിയ.

ആ മഹാനുഭാവനുമായി ബന്ധപ്പെട്ട ഒരു കഥയാണ് നാം ഇന്ന് പറയുന്നത്.

ഒരിക്കൽ ഇമാം റാസി ഒരു റോഡിലൂടെ നടന്ന് പോവുകയായിരുന്നു.
അപ്പോൾ റോഡരികിൽ നിൽക്കുന്ന ഒരു വൃദ്ധയായ സ്ത്രീ ഇമാം റാസി തങ്ങളെ കാണാനിടയായി.
ഇമാമിന്റെ പിന്നിൽ അകമ്പടി സേവിച്ചുകൊണ്ട് ഒരുപാട് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു.
വളരെ അച്ചടക്കത്തോടെയും ആദരവോടെയും നിശബ്ദരായാണ് അവർ നടക്കുന്നത്.
കാരണം വിശ്വോത്തര പണ്ഡിതനായ തങ്ങളുടെ ഇമാമിന്റെ ഓരോ വാക്കുകളും അവർക്ക് അമൂല്യ നിധി പോലെയായിരുന്നു.
അദ്ദേഹം എന്ത് പറഞ്ഞാലും അവർ തങ്ങളുടെ പുസ്തകങ്ങളിൽ അവ എഴുതി വച്ചു.
ഇമാം റാസിയുടെ ശിഷ്യരാണ് എന്ന് പറയാൻ അവർക്കെല്ലാം വലിയ അഭിമാനമായിരുന്നു.
കാരണം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ബൗദ്ധിക സംവാദങ്ങിളിൽ അദ്ധേഹത്തെ പരാജയപ്പെടുത്താൻ ഒരു യുക്തിവാദികൾക്കോ ചിന്തകർക്കോ കഴിഞ്ഞിരുന്നില്ല.

വഴിയിലുളള ആളുകളെല്ലാം വളരെ ഭവ്യതയോടെയാണ്
ഇമാമിനെ വരവേൽക്കാറുള്ളത്.

ഈ മഹാനായ പണ്ഡിതരും ശിഷ്യരും ആരെന്ന് അറിയാത്ത ഗ്രാമീണയായ ആ വൃദ്ധ മാതാവ് വളരെ കൗതുകത്തോടെ കൂട്ടത്തിലുള്ള ഒരു ശിഷ്യനെ വിളിച്ചു കൊണ്ട് ചോദിച്ചു:
എന്റെ മോനേ..
ഇദ്ദേഹം ആരാണ്?

ഇത് കേട്ട ശിഷ്യൻ കോപാകുലനായി.
ദേഷ്യത്തോടെ പറഞ്ഞു:
കഷ്ടം,
ഇദ്ദേഹം ആരാണെന്ന് നിങ്ങൾക്കറിയില്ലേ..
പ്രപഞ്ചനാഥൻ ഉണ്ട് എന്നതിന്റെ ആയിരമായിരം തെളിവുകൾ വ്യക്തമായറിയുന്ന മഹാജ്ഞാനിയായ ഇമാം റാസിയാണ് ഇദ്ദേഹം.

അപ്പോൾ ആ വൃദ്ധമാതാവ് മറുപടിയായി പറഞ്ഞ
അവരുടെ വാക്കുകൾ വളരെ അത്ഭുതപ്പെടുത്തുന്നതും പിൽക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചതുമായ വാക്കുകളായിരുന്നു.
മഹതി പറഞ്ഞു:
എന്റെ പൊന്നു മോനെ, 
പ്രപഞ്ചനാഥനായ ദൈവം ഉണ്ടോ ഇല്ലയോ എന്ന ആയിരമായിരം സംശയങ്ങൾ അദ്ദേഹത്തിൽ ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന് ആയിരം തെളിവുകളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല.

മോനെ, നിനക്ക് പ്രപഞ്ചനാഥനിൽ സംശയമുണ്ടോ?

ശിഷ്യൻ പറഞ്ഞു: ഇല്ല.

ഈ വൃദ്ധമാതാവിന്റെ സംസാരം ഇമാം റാസി തങ്ങൾ കേട്ടപ്പോൾ അദ്ധേഹം നാഥനിലേക്ക് കൈയ്യുയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു..
നാഥാ... ആ കിഴവികളെ പോലെയുള്ളവരുടെ വിശ്വാസം ഞങ്ങൾക്കും നൽകണേ..

യഥാർത്ഥത്തിൽ സ്ഥലകാലങ്ങൾക്കതീതനായ നാഥനെ സ്ഥലകാലങ്ങൾക്കതീനമായ തെളിവുകൾ കൊണ്ട് സമർത്ഥിക്കുക അസാധ്യമാണ്.
പദാർത്ഥ ലോകത്തു ചർച്ച ചെയ്യപ്പെടുന്ന തെളിവുകൾ നാഥനെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്.
കാരണം പദാർത്ഥങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ ഹൃദയനാഥൻ രൂപഭേതങ്ങളിൽ നിന്ന് പരിശുദ്ധനാണ്.

അതുകൊണ്ട് പദാർത്ഥങ്ങളിൽ ദൈവത്തിന് തെളിവുകൾ തിരഞ്ഞ് സമയം കളയുന്നതിന് പകരം 
സൃഷ്ടികളായ പദാർത്ഥങ്ങളിലൂടെ പദാർത്ഥനാഥനെ പ്രണയിക്കാൻ ശ്രമിക്കുക.
ചേതന അചേതന വസ്തുക്കളേതിലും അന്യായമായി കൈകടത്തലുകൾ നടത്താതിരിക്കുക.
അപ്പോൾ പ്രപഞ്ചനാഥൻ ആരാണെന്ന് ഹൃദയ ബോധ്യം വരും.
ആ ബോധ്യം വന്നു കഴിഞ്ഞാൽ അന്യരാക്കി അകറ്റി നിർത്താൽ ലോകത്ത് ഒന്നുമുണ്ടാവില്ല.
എല്ലാം തന്റെ കുടുംബമായി മാറും.


Monday, December 27, 2021

ചുറ്റുപാടും നന്മ മാത്രം കാണാൻ എന്ത് ചെയ്യണം? | സൂഫീ കഥ | Sufi Motivational Story in Malayalam | Alif Ahad

മറ്റൊരാളുടെ ന്യൂനതകൾ മാത്രം ശ്രദ്ധിക്കാറുണ്ടോ നമ്മൾ?
ആളുകൾ ചെയ്യുന്ന നന്മകൾ കാണാതെ അവരുടെ തെറ്റുകൾ മാത്രം കണ്ടെത്തുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നത് പൊതുവെ മാനുഷിക പ്രകൃതമാണ്. 
ഇതിൻറെ കാരണം എന്തായിരിക്കും. 
നമുക്കൊരു കഥയിലൂടെ അതിന്റെ കാരണം കണ്ടെത്താം. 

ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ജോലി ആവശ്യാർത്ഥം പുതിയൊരു ദേശത്തേക്ക് താമസം മാറി.
അവിടെ വളരെ ആകർഷണീയമായ, ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പഴയകാല മോഡൽ വീടായിരുന്നു അവർക്ക് ലഭിച്ചത്. 
അവർക്കാ വീട് വളരെയധികം ഇഷ്ടമായി. 
കൊണ്ടുവന്ന വീട്ടുപകരണങ്ങൾ എല്ലാം ഒരു ഭാഗത്ത് വെച്ച് രണ്ടുപേരും തങ്ങളുടെ പുതിയ വീട് ഒന്നു വിശദമായി കാണാൻ തീരുമാനിച്ചു. 
അങ്ങനെ അവർ മാളികപ്പുറത്തേക്ക് കയറി.
മുകളിലത്തെ ഹാളിൽ ഒരു ഗ്ലാസിന്റെ കിളിവാതിൽ ഉണ്ടായിരുന്നു.

ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ധൃതിയോടെ ഭാര്യ ഭർത്താവിനെ വിളിച്ചു.

ഭർത്താവ് അവളുടെ അരികെ വന്ന് കൊണ്ട് ചോദിച്ചു.
എന്താണു കാര്യം? 
അവൾ പുച്ഛഭാവത്തോടെ പറഞ്ഞു,
അപ്പുറത്തെ വീട്ടിലേക്കൊന്നു നോക്കൂ.. 
എന്തൊരു വൃത്തികെട്ട വീടാണത്. 
സ്വന്തം വീടിനെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്ത വീട്ടുകാർ.
ചുമരിലും മതിലിലുമെല്ലാം ചെളി പുരണ്ടിരിക്കുന്നു.
എന്തിനധികം പറയണം അവർ അലക്കിയിട്ട വസ്ത്രങ്ങൾ പോലും കണ്ടില്ലേ! 
എത്ര വൃത്തിഹീനമാണവ.

 ഇതൊക്കെ കേട്ട് നിന്ന ഭർത്താവ് ഒന്നും പറയാതെ ഒരു ചെറു ചിരി പാസ്സാക്കി താഴെ പോയി നല്ലൊരു തുണിയും ഒരു കപ്പിൽ വെള്ളവുമായി കേറി വന്നു.

നിങ്ങൾ എന്താണ് ചെയ്യുന്നത്?
അവൾ ചോദിച്ചു. 
അദ്ദേഹം പുഞ്ചിരിച്ചു, 
എന്നിട്ട് തന്റെ കയ്യിലുള്ള തുണി വെള്ളത്തിൽ മുക്കിയെടുത്ത് ഗ്ലാസ് വിൻഡോ നന്നായി തുടക്കാൻ തുടങ്ങി.
അൽപ സമയത്തെ പരിശ്രമത്തിനൊടുവിൽ അയാൾ ആ ജനവാതിൽ വൃത്തിയാക്കി.
ഇപ്പോഴത് സ്ഫടികം പോലെ 
തിളങ്ങുന്നുണ്ട്. 

ശേഷം അയാൾ ഭാര്യയോട് പറഞ്ഞു,
നീ ഇനിയൊന്ന് പുറത്തേക്കു നോക്കൂ.. 
അവൾ പുറത്തേക്കു നോക്കി.

 അവൾ പറഞ്ഞു, 
ഹൗ.. എന്തൊരു ഭംഗിയുള്ള വീട്. 
എത്ര ആകർഷകം. 
അവർ അലക്കിയിട്ട വസ്ത്രങ്ങൾ പോലെ സുന്ദരമായ ഒരു വസ്ത്രം ഞാനിത് വരെ കണ്ടിട്ടില്ല.

ഇതെല്ലാം കേട്ട് ഭർത്താവ് പുഞ്ചിരിയോടെ പറഞ്ഞു,
ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ,
ആർക്കായിരുന്നു പ്രശ്നമെന്ന്?

ഭർത്താവ് തുടർന്നു, 
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഇതുപോലെ ഒരു ഗ്ലാസുണ്ട്.
അതൊന്നു വൃത്തിയായി തുടച്ചു വെച്ചാൽ എല്ലാ പ്രശ്നവും തീരും. 
നമ്മുടെ ഹൃദയമാണത്.
മോശമായ മനസ്സുമായി നാം എന്ത് നോക്കിയാലും എല്ലാം അഴുക്കും തിന്മയുമായേ കാണാനാവൂ. 
ആയിരം നന്മകൾ ഉള്ള ഒരു വ്യക്തിയുടെ ഒരേയൊരു ന്യൂനത മാത്രമായിരിക്കും നമ്മുടെ കണ്ണിൽ പെടുക.

 എല്ലാം കേട്ടു നിന്ന ആ നല്ല ഭാര്യ സ്നേഹാദരവോടെ ഭർത്താവിനെ നോക്കി. 

എത്ര ശരിയാണ് ഈ കഥ. എല്ലാ സമയവും പോസിറ്റീവായി ചിന്തിക്കാൻ കഴിയുക എന്നത് ഒരു മഹാഭാഗ്യമാണ് മാത്രമല്ല ശ്രമകരവും ആണ്. 

നല്ലത് മാത്രം കേൾക്കുകയും നല്ലത് കാണുകയും നല്ലത് പറയും ചെയ്യുന്നവർക്ക് നല്ലത് ചിന്തിക്കാനും കഴിയും.

ദൈവത്തിൻറെ ഇരിപ്പിടം ആവേണ്ട ഹൃദയം എപ്പോഴും നിർമ്മലവും സുന്ദരവും ആവട്ടെ.

നന്ദി.

Tuesday, December 7, 2021

സൂഫിയുടെ ധ്യാനം | മൗലാനാ ജലാലുദ്ധീൻ റൂമി പറഞ്ഞ കഥ Sufi Meditation | Sufi Motivational Story in Malayalam | Alif Ahad

സൂഫിയുടെ ധ്യാനം | Sufi Meditation in Malayalam
സൂഫിയുടെ ധ്യാനം തൻറെ മെഹബൂബിനെ കുറിച്ചുള്ള ഓർമ്മയാണ്. എല്ലാത്തിന്റെയും തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമെല്ലാം ദൈവത്തെ അവൻ സ്മരിക്കുന്നു. 
അവരുടെ ശ്വാസവും നിശ്വാസവുമെല്ലാം പ്രണയ ഭാജനത്തിൻറെ ഓർമ്മയോടെയായിരിക്കും.

സൂഫി സാമ്രാജ്യത്തിലെ സുൽത്താൻ അജ്മീർ ഖാജാ തങ്ങൾ ധ്യാനാവസ്ഥയിൽ ഓരോ ശ്വാസത്തിലും ഏഴുതവണ എൻറെ മഅ്ശൂഖിനെ ഓർക്കുമായിരുന്നു.
അവരുടെ മുഴുവൻ സമയവും ധ്യാനമായിരുന്നു. 

കാല്പനികവും സാങ്കൽപ്പികവുമായ ധ്യാനത്തിനപ്പുറം ഹൃദയത്തിൻറെ ധ്യാന കവാടം തുറന്നു കഴിഞ്ഞാൽ പിന്നെ ആ ധ്യാനത്തിൽ നിന്ന് വിരമിക്കാനാവില്ല.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സൂഫിയുടെ ഹൃദയം നാൾക്കുനാൾ വിശാലമാകുന്നു. 
വിശ്വ ചൈതന്യമായ പ്രപഞ്ചനാഥനെ ഉൾക്കൊള്ളാൻ മാത്രമുള്ള വിശാലതയിലേക്ക് അവൻറെ ഹൃദയം വികാസം പ്രാപിക്കുന്നു.

ഖുദ്സിയ്യായ ഹദീസിൽ ഇങ്ങനെ കാണാം, എന്നെ ഉൾക്കൊള്ളാൻ അർശിനു പോലും സാധ്യമല്ല.
എന്നാൽ മനുഷ്യ ഹൃദയത്തിനു കഴിയും.

ധ്യാനം പ്രിയനോടുള്ള രഹസ്യ സംഭാഷണമാണ്. അതുകൊണ്ട് തന്നെ ഒരാൾ ധ്യാനത്തിലാണോ അല്ലയോ എന്ന് അയാളുടെ പ്രത്യക്ഷ ഭാവം കണ്ട് തിരിച്ചറിയാനാവില്ല.
ഞാൻ പഠിച്ചത് പോലെ തന്നെ മറ്റുള്ളവരും ധ്യാനിക്കണമെന്ന് പറയുന്നതിലും അർത്ഥമില്ല.

 മൗലാനാ ജലാലുദ്ദീൻ റൂമി ഒരു കഥ പറയുന്നുണ്ട്.
ഒരിക്കൽ ഒരു സൂഫി, പൂക്കൾ വിടർന്നു നിൽക്കുന്ന സുന്ദരമായ ഒരു തോട്ടത്തിൽ പ്രവേശിച്ചു. 
വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളും ചെടികളും നിറഞ്ഞ് നിൽക്കുന്ന തോട്ടത്തിന്റെ മനോഹാരിത കണ്ടമാത്രയിൽ അദ്ദേഹം ഉന്മേഷവാനും ആനന്ദഭരിതനുമായി.
അദ്ധേഹം കണ്ണുകളടച്ചു ധ്യാനിയായിരുന്നു. 

ഇത് കണ്ടുനിൽക്കുന്ന ഒരാൾ ചിന്തിച്ചു,
എന്തൊരത്ഭുതം! 
ഇത്രയും സുന്ദരമായ ഒരു തോട്ടത്തിൽ വന്നിരുന്ന് എങ്ങനെ ഇയാൾക്ക് ഉറങ്ങാൻ കഴിയുന്നു. 

അയാൾ സൂഫിയോട് ചോദിച്ചു, 
നിങ്ങൾ എന്തൊരു മനുഷ്യനാണ്.
ഈ വശ്യമാർന്ന പൂന്തോട്ടത്തിൽ ഉറങ്ങുകയോ?! 
നിങ്ങളൊന്ന് കണ്ണു തുറന്നു നോക്കൂ... 
എത്ര സുന്ദരമാണ് ഈ മുന്തിരിത്തോപ്പ്.
വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഹരിതാഭമായ മരങ്ങളും കണ്ടിട്ട് ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളെ കുറിച്ച് നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ...


ഇത് കേട്ട് സൂഫി കണ്ണുതുറന്നു.
അദ്ദേഹം പറഞ്ഞു യഥാർത്ഥ അനുഗ്രഹത്തിന്റെ അടയാളങ്ങളെ തൊട്ട് നീ അശ്രദ്ധവാനാണ്. 
നിന്റെ ഹൃദയമാണ് നിനക്ക് അനുഗ്രഹമായി ലഭിച്ച ഏറ്റവും വലിയ സമ്മാനം.
ബാക്കിയുള്ള ഈ ദൃശ്യ വസ്തുക്കൾ മുഴുവനും അതിൻറെ നിഴലുകൾ മാത്രമാണ്.

ഏതുപോലെയെന്നാൽ മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന അരുവിയിൽ ആ വ്യക്ഷങ്ങളുടെ പ്രതിബിംബം ഉണ്ടാവും. 
ആ പ്രതിബിംബങ്ങൾ കണ്ടുകൊണ്ട് ഒരാൾ തെറ്റിദ്ധരിപ്പിക്കുകയാണ്, ഇതാണ് യഥാർത്ഥ തോട്ടമെന്ന്.

യഥാർത്ഥ പൂന്തോട്ടം അതിനടുത്തു തന്നെ ഉണ്ടല്ലോ. നീ നിൻറെ ഹൃദയത്തിലേക്ക് നോക്കൂ.. 

അവിടെ നിന്റെ ഹൃദയനാഥനെ പ്രതിഷ്ഠിക്കൂ... ശാന്തമായി...
അപ്പോൾ അവിടെ ഒഴുകുന്നുണ്ടാകും യഥാർത്ഥ പൂന്തേനരുവികൾ.
അവിടെയുണ്ട് പൂന്തോട്ടവും, അവിടെത്തന്നെയുണ്ട് പ്രണയവും പ്രണയഭാജനവും.


ഈ കഥയിലൂടെ സൂഫി ആസ്വാദനത്തയും അതിലുള്ള ദൈവീക ചിന്തയെയും നിരുത്സാഹപ്പെടുത്തുകയല്ല.
മറിച്ച്, ആ വ്യക്തി മനസ്സിലാക്കിയതിനും അപ്പുറം ധ്യാനത്തിൻറെ മറ്റൊരു തലം കൂടിയുണ്ടെന്ന് അയാളെ ബോധ്യപ്പെടുത്തുകയാണ്.

 ഹൃദയത്തിൽ പ്രണയത്തിൻറെ തിരിനാളം തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ കണ്ണടച്ചാലും കണ്ണ് തുറന്നാലും തനിച്ചിരുന്നാലും ജന മധ്യത്തിലും ആരാധനാലയത്തിലാണെങ്കിലും സ്വന്തം വീട്ടിൽതന്നെയെങ്കിലും അയാൾ ധ്യാനത്തിൽ തന്നെയായിരിക്കും.

 സൂഫിയുടെ ധ്യാനത്തിന് പ്രത്യേക രീതിയിൽ ഒരു ഇറുത്തമോ അല്ലെങ്കിൽ പ്രത്യേക പൊസിഷനോ ഉണ്ടാവണമെന്നില്ല. 

കാരണം ദൈവ വചനം ഇങ്ങനെയാണ്,
Who contemplate the God while standing or sitting or [lying] on their sides
(നിന്നും ഇരുന്നും കിടന്നും തങ്ങളുടെ നാഥനെ ധ്യാനിക്കുന്ന വരാണ് അവർ)

 ഹൃദയത്തിൽ ധ്യാനത്തിന്റെ സുന്ദരനിമിഷങ്ങൾ സദാ അനുഭവിക്കാനാവട്ടെ എന്ന പ്രാർത്ഥനയോടെ.

നന്ദി.

Saturday, November 6, 2021

ഗുരുവും കോങ്കണ്ണനായ ശിഷ്യനും | സൂഫീ കഥ | Sufi Motivational Story in Malayalam | Alif Ahad

ഗുരുവും കോങ്കണ്ണനായ ശിഷ്യനും

മൗലാനാ ജലാലുദ്ധീൻ റൂമി ഒരു ഗുരുവിന്റെയും വക്രദൃഷ്ടിയുള്ള ഒരു ശിഷ്യന്റെയും കഥ തന്റെ വിശ്വോത്തര ഗ്രന്ഥനമായ മസ്നവിയിൽ പറയുന്നുണ്ട്.
ഒരിക്കൽ ഗുരു കോങ്കണ്ണുള്ള തന്റെ ശിഷ്യനോട് പറഞ്ഞു: ആ കാണുന്ന കോഴിയെ പിടിച്ച് കൊണ്ട് വരൂ, 
കണ്ണിന് പ്രോബ്ലമുള്ള ആ ശിഷ്യൻ ചില വസ്തുക്കളെ ഇരട്ടയായി കാണുമായിരുന്നു.
അയാൾ അവിടെയുണ്ടായിരുന്ന ഒരു കോഴിയെ രണ്ടെണ്ണമായിട്ടാണ് കണ്ടത്.
അയാൾ ചോദിച്ചു: രണ്ട് കോഴികളിൽ ഏതിനെയാണ് ഞാൻ പിടിച്ചു കൊണ്ട് വരേണ്ടത്?
ഗുരു പറഞ്ഞു: അവിടെ ആകെ ഒരു കോഴിയല്ലേ ഒള്ളൂ..
ശിഷ്യൻ സമ്മതിച്ചില്ല. 
ഗുരു പല തവണ ശിഷ്യന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു. നിന്റെ കണ്ണിന്റെ പ്രശ്നം കാരണമാണ് നിനക്ക് രണ്ടെണ്ണം ഉള്ളത് പോലെ തോന്നിയത്. യഥാർത്ഥത്തിൽ ഒന്നേ ഒള്ളു.

എന്നാൽ ശിഷ്യന് താൻ കണ്ട യാഥാർത്ഥ്യത്തെ നിഷേധിക്കാൻ കഴിഞ്ഞില്ല. അയാൾ കരുതിയത് ഗുരു തന്നെ വെറുതെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് എന്നാണ്.

എത്ര തവണ പറഞ്ഞിട്ടും മനസ്സിലാവാത്ത ശിഷ്യനോട് ഗുരു പറഞ്ഞു: എങ്കിൽ നീ അതിൽ ഏതെങ്കിലും ഒരു കോഴിയെ അറുക്കുകയും മറ്റേ കോഴിയെ ജീവനോടെ കൊണ്ടു വരികയും ചെയ്യുക.
ശിഷ്യൻ ഗുരുവിന്റെ ആജ്ഞ കേൾക്കേണ്ട താമസം കോഴിയെ ഓടിച്ച് പിടിച്ച് അതിനെ അറുത്തു.
ശേഷം ഇല്ലാത്ത കോഴിയേ തിരഞ്ഞ് നടന്നു. ജീവനോടെ ഗുരുവിന്റെ മുമ്പിൽ ഹാജറാക്കാൻ.

മൗലാനാ റൂമി പറഞ്ഞ ഈ കഥക്ക് വളരെ വലിയ പൊരുളുകളുണ്ട്.
ഒന്ന്, കണ്ണിന്റെ കാഴ്ചക്ക് സംഭവിച്ച പ്രശ്നമാണ് ഏകമായതിനെ രണ്ടായി കാണിച്ച് തരുന്നത്. 
യഥാർത്ഥത്തിൽ ഒന്നേ ഒള്ളു. രണ്ടായിക്കാണുന്നത് കാണപ്പെടുന്ന ഒന്നിന്റെ ന്യൂനതയല്ല. മറിച്ച്, കാണുന്ന കണ്ണിന്റെ പ്രോബ്ലമാണ്.


മറ്റൊരർത്ഥത്തിൽ ഓരോ അപൂർണ്ണനായ മനുഷ്യനെയും അവന്റെ ഉള്ളിലെ ദേഷ്യയും കാമവും കീഴ്പ്പെടുത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ എല്ലാത്തിനെയും വികലമായിട്ടേ അവന് കാണാൻ കഴിയുന്നൊള്ളു. 
അവന്റെ ദുർമോഹങ്ങൾ അവനെ സ്നേഹത്തെ തൊട്ട്, കരുണയെ തൊട്ട്, യാഥാത്ഥ്യത്തെ തൊട്ട് അവനെ അന്ധനാക്കിയിരിക്കുന്നു.
നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള മനുഷ്യന്റെ സവിശേഷമായ വകതിരിവ് അവന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ അവനിലുണ്ടെന്ന് വാദിക്കപ്പെടുന്ന വകതിരിവ് മൃഗങ്ങളിലും കാണപ്പെടുന്ന സാമാന്യമായ വകതിരിവാണ്.
അത് വച്ച് മാലാഖമാരെക്കാൾ ഉയരാൻ എങ്ങനെ അവന് സാധിക്കും.
അല്ലെങ്കിൽ, ഒരർത്ഥത്തിൽ കൈക്കൂലി വാങ്ങിയ ജഡ്ജിയുടെ അവസ്ഥയാണ് അവനിപ്പോൾ അനുഭവിക്കുന്നത്. 
അക്രമിയുടെയും അക്രമിക്കപ്പെട്ടവന്റേയും ഇടയിൽ നീതി വിധിക്കാൻ കൈക്കൂലി വാങ്ങിയ ജഡ്ജിക്ക് എങ്ങനെ സാധിക്കും?!

അവന്റെ ദുർമോങ്ങൾ അവന്റെ ഹൃദയത്തിനും ദൈവത്തിനും ഇടയിൽ ഒരു പാട് മറകൾ സൃഷ്ടിച്ചിരിക്കുന്നു.
അത് കൊണ്ട് പ്രപഞ്ച നാഥനിൽ നിന്നുള്ള ജ്ഞാന സൂര്യ കിരണങ്ങൾ അവനിൽ പതിക്കുന്നില്ല. 
സത്യത്തിന്റെ പാതയിലേക്കുള്ള കാഴ്ച അവനു ലഭിക്കുന്നില്ല.

Wednesday, November 3, 2021

നാം അനുഭവിക്കുന്ന ദുരിതങ്ങൾ മറക്കാൻ ഒരു കഥ | Sufi Motivational Story in Malayalam | Alif Ahad


ഒരു വ്യക്തി എല്ലാ രാത്രിയിലും പ്രാർത്ഥിക്കുമായിരുന്നു,
ദൈവമേ.. എനിക്കൊരു ആഗ്രഹമുണ്ട്. ഒരേയൊരാഗ്രഹം. 
അത് നിറവേറ്റി തരണേ..
എത്രയോ കാലമായി ഞാൻ നിന്നോട് പ്രാർത്ഥിക്കുകയാണല്ലോ.
എന്റെ പ്രാർത്ഥന ഒരിക്കലെങ്കിലും നീ സ്വീകരിക്കുമോ? 
ഭൂമിയിലെ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ആൾ ഞാനാണ്. 
എന്തുകൊണ്ടാണ് നീ എനിക്ക്
ഇത്രത്തോളം ബുദ്ധിമുട്ടുകൾ നൽകി പരീക്ഷിക്കുന്നത്. 
"എനിക്ക് എൻ്റെ കഷ്ടപ്പാടുകൾ മറ്റാർക്കെങ്കിലും കൈമാറാനുള്ള ഒരു അവസരം തരണേ.. 
എനിക്ക് നിന്നോട് മറ്റൊന്നും ചോദിക്കാനില്ല. 
എനിക്കെന്റെ ദുരിതങ്ങൾ 
മറ്റാർക്കെങ്കിലും കൈമാറണം. അത്രയേ ഉള്ളൂ. 
അങ്ങനെ ഒരു ദിവസം രാത്രി ദൈവം സംസാരിക്കുന്നത് അയാൾ കിനാവുകണ്ടു.

സ്വർഗ്ഗത്തിൽനിന്നും ഉൽകൃഷ്ടമായ ഒരു ശബ്ദം അവൻ കേട്ടു. 
"എല്ലാവരും നിങ്ങളുടെ ദുരിതങ്ങൾ ഒരു സഞ്ചിയിലാക്കി ദേവാലയത്തിലേക്ക് കൊണ്ടു വരിക" 
അങ്ങനെ പ്രദേശവാസികളെല്ലാം തങ്ങളുടെ ദുരിതങ്ങളുടെ ഭാണ്ഡവുമായി ആ ദേവാലയത്തിലേക്ക് വന്നു.

അയാൾക്ക് സന്തോഷം അടക്കാനായില്ല. 
കാരണം തന്റെ ഒരുപാട് കാലത്തെ അഭിലാഷം പൂവണിയാൻ പോവുകയാണ്.
ആ അനർഗ നിമിഷം വന്നണഞ്ഞിരിക്കുന്നു.

അയാൾ ധൃതിയോടെ ദേവാലയത്തിലേക്ക് കേറി.
മറ്റുള്ള ജനങ്ങളും വ്യഗ്രതയിലാണ്. 

എന്നാൽ ഹാളിനകത്ത് കയറിയപ്പോൾ അയാൾ അന്താളിച്ചു പോയി. 
കാരണം ആളുകളിൽ പലരും അയാളെകാൾ വലിയ ഭാണ്ഡങ്ങളാണ് ചുമന്ന് നിൽക്കുന്നത്. 

എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടാറുള്ള, 
നല്ല വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള, 
നല്ല വർത്തമാനങ്ങൾ മാത്രം പറയാറുളള ആളുകളിൽ പലരും വലിയ വലിയ ദാണ്ഡക്കെട്ടുകളാണ് ചുമന്ന് കൊണ്ട് വന്നിട്ടുള്ളത്. 

അയാൾ ചിന്തിച്ചു, 
നിൽക്കണോ അതോ പോണോ. 
പക്ഷെ അയാൾ പോയില്ല. കാരണം ഒരുപാട് കാലത്തെ പ്രാർത്ഥനക്കുത്തരമാണല്ലോ ഇന്ന് സംഭവിച്ചിരിക്കുന്നത്.

അപ്പോൾ മറ്റൊരു അശരീരി മുഴങ്ങി. 
"എല്ലാവരുടെയും ഭാണ്ഡങ്ങൾ ഹാളിന് ചുറ്റും വെക്കുക."

എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങൾ ഓരോ മൂലയിൽ വച്ചു. 
അല്പസമയം മൂകമായ അന്തരീക്ഷം.

അടുത്ത കൽപ്പനക്കായി എല്ലാവരും കാത്തിരുന്നു. പെട്ടെന്ന് വീണ്ടുമൊരു അശരീരി ഉണ്ടായി. 

"ഇനി ആ ഭാണ്ഡങ്ങളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം."

അവിടെ ആ നിമിഷം അത്ഭുതങ്ങളുടെ അത്ഭുതം സംഭവിച്ചു. 
എല്ലാവരും തിക്കുംതിരക്കും ഉണ്ടാക്കിയത്
എങ്ങനെയെങ്കിലും സ്വന്തം ഭാണ്ഡം കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു. 

അയാൾ സ്വന്തം ഭാണ്ഡത്തിന്റെ അടുത്തേക്കാണ് വെപ്രാളപ്പെട്ട് ഓടിയത്.

അയാളും ചിന്തിച്ചത് മറ്റാരെങ്കിലും എൻറെ ഭാണ്ഡം കയ്ക്കലാക്കിയാൽ ഏറ്റവും വലിയ നഷ്ടം അതായിരിക്കും.

എല്ലാവരും അവരവരുടെ തന്നെ ദുരിതങ്ങളുടെ ഭാണ്ഡങ്ങൾ തിരഞ്ഞെടുക്കുകയും ആശ്വാസത്തോടെയും വലിയ സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 
അയാളും വലിയ സന്തോഷത്തിലായിരുന്നു. അയാൾ സ്വയം പറഞ്ഞു: ആർക്കറിയാം, മറ്റുള്ളവരുടെ ഭാഗങ്ങളിലൊക്കെ എന്തൊക്കെയാണ് ഉള്ളത് എന്ന്?! 
നമ്മൾക്ക് നമ്മളുടെത് മാത്രമല്ലേ അറിയൂ. 

അന്ന് അയാൾക്ക് ഒരു കാര്യം ബോധ്യമായി. 
നമ്മുടെ കഷ്ടതകൾ മാത്രമേ നമുക്ക് അനുഭവിക്കാനാവുകയൊള്ളു.

Sunday, October 31, 2021

ആത്മജ്ഞാനി പ്രപഞ്ചനാഥനെയല്ലാതെമറ്റൊന്നിനെയും കാണില്ല | Sufi Motivational Story in Malayalam | Alif Ahad


ദുന്നൂൻ അബുൽ ഫൈദ് അൽ മിസ്രി അഥവാ ദുന്നൂനുൽ മിസ്രി എന്ന മഹാജ്ഞാനിയായ ഒരു സൂഫി ഗുരു ഈജിപ്തിൽ ജീവിച്ചിരുന്നു. 
AD 796 ലാണ് അദ്ദേഹം ജനിച്ചത്.
ഒരു ദിവസം തന്റെ യാത്രക്കിടയിൽ അദ്ദേഹം ഒരു അരുവിക്കരികിലെത്തി. അങ്ങനെ അദ്ദേഹം അരുവിയിലേക്കിറങ്ങുകയും പ്രാർത്ഥനക്ക് വേണ്ടി അംഗസ്നാനം ചെയ്യുകയും ചെയ്തു.
ആ സമയം കുറച്ചപ്പുറത്തുള്ള ഒരു മാളികയിൽ നിന്നും ഒരു സുമുഖിയായ സ്ത്രീ അദ്ദേഹത്തെ നോക്കി നിൽക്കുന്നു. ഇത് കണ്ട് ഗുരു ദുന്നൂനുൽ മിസ്രി ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. ശേഷം അവരോട് എന്തെങ്കിലും സംസാരിക്കുവാനായി ആവശ്യപ്പെട്ടു.

അപ്പോൾ ആ സ്ത്രീ പറഞ്ഞു: അകലെ നിന്ന് ഞാൻ നിങ്ങളെ നോക്കിയപ്പോൾ നിങ്ങളൊരു ഭ്രാന്തനാണ് എന്നാണ് ഞാൻ കരുതിയത്. പിന്നെ നിങ്ങൾ കുറച്ചടുത്ത് വന്നപ്പോൾ എനിക്ക് തോന്നി, നിങ്ങളൊരു ജ്ഞാനിയാണ് എന്ന്.

അൽപം കൂടി മുന്നോട്ട് വന്നപ്പോൾ നിങ്ങൾ ഒരു ആത്മജ്ഞാനിയാണെന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ നിങ്ങളെന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി, 
നിങ്ങളീ മേൽ പറയപ്പെട്ട ഒന്നുമല്ല എന്ന്.

അപ്പോൾ അദ്ദേഹം ആ സ്ത്രീയോട് ചോദിച്ചു: നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കാനുളള കാരണമെന്താണ്?

അവർ പറഞ്ഞു: നിങ്ങൾ ഒരു ഭ്രാന്തനായിരുന്നു എങ്കിൽ നിങ്ങൾ അംഗശുദ്ധി വരുത്തില്ല. കാരണം ഭ്രാന്തന്മാരോട് നിസ്കരിക്കുവാനോ വുദു ചെയ്യുവാനോ ഉള്ള കൽപന ഇല്ല.
നിങ്ങളൊരു ജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾ എന്നെ നോക്കുകയില്ലായിരുന്നു.
ഇനി നിങ്ങൾ ഒരു ആത്മജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾക്ക് എവിടെയും പ്രപഞ്ചനാഥനെയല്ലാതെ മറ്റൊന്നിനെയും കാണാൻ പോലും കഴിയില്ലായിരുന്നു.
ഇത് പറഞ്ഞു കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി.

ഗുരു ദുന്നൂനുൽ മിസ്രി മന്ദസ്മിതം തൂകി. 
തന്റെ നാഥനിൽ നിന്നുള്ള ഒരു സന്ദേശമായിട്ടാണ് അദ്ദേഹം ഈ സംഭവത്തെ മനസ്സിലാക്കിയത്.

നാം ജീവിക്കുന്ന ഓരോ നിമിഷവും നാഥനിൽ നിന്നുളള സന്ദേശവാഹകരാണ്. വളരെ സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അവ ഓരോന്നിന്റെ പൊരുളുകൾ നമുക്ക് മനസ്സിലായി തുടങ്ങും.
നമുക്ക് ചുറ്റുപാടിൽ എന്ത് സംഭവിച്ചാലും, അത് പ്രത്യക്ഷമായോ പരോക്ഷമായോ നാമുമായി ബന്ധപ്പെട്ടതാണെന്ന് നമുക്ക് തോന്നിയാലും ഇല്ലെങ്കിലും എല്ലാത്തിലും ഒരു പാഠം ഒളിഞ്ഞ് കിടക്കുന്നുണ്ട്.
മരത്തിൽ നിന്നും ഒരില വീണതോ, റോസാ പൂ വിരിഞ്ഞതോ, കാക്ക കരഞ്ഞതോ, ഉറുമ്പുകൾ അരിച്ചരിച്ച് പോകുന്നതോ പോലെയുളള വളരെ നിസാരമെന്ന് നാം ധരിക്കുന്ന, പൊതുവെ ആളുകൾ പ്രാധാന്യം കൽപ്പിക്കാത്ത കാര്യങ്ങളാണെങ്കിലും ഇനി നമ്മുടെ ജീവിതത്തിലെ സന്തോഷകരമോ സങ്കടകരമോ ആയ വലിയ വലിയ സംഭവങ്ങളാണെങ്കിലും, ഇവ ഓരോന്നിൽ വളരെയധികം പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
ഇവയെല്ലാം തന്നെ പ്രപഞ്ച നാഥനിൽ നിന്നും നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങളാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
എന്നാൽ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഈ സന്ദേശങ്ങൾ ചില നേരത്ത് നമുക്ക് മാത്രമുള്ളതാവാം. അത് മറ്റുള്ളവർക്ക് ശെയർ ചെയ്യാനോ, മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനോ നാം ശ്രമിക്കരുത്. ജീവിത പരീക്ഷയിൽ കോപ്പയടി ഇല്ല.

ഇങ്ങനെ ജീവിതത്തിലെ ഓരോ പാഠങ്ങളും ഉൾക്കൊള്ളേണ്ട പോലെ ഉൾക്കൊണ്ട് തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയവരാണ് സൂഫികളും, മിസ്റ്റിക്കുകളും, ആത്മജ്ഞാനികളും.

ചിന്തകളും ഉദ്ദേശങ്ങളും പരിശുദ്ധമാക്കുമ്പോൾ കർമ്മങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും പരിശുദ്ധമാകുന്നു.
അപ്പോൾ അനുഭവങ്ങൾ നമുക്ക് വലിയ ആശയങ്ങൾ പകർന്നു തരികയും ജീവിതത്തിൽ നാം പക്വമതികളാവുകയും ചെയ്യുന്നു.

Thursday, October 28, 2021

ഗുരു ഹസൻ ബസരി (റ) പഠിപ്പിക്കുന്നു | സൂഫിയുടെ മനോഭാവം എന്തായിയുന്നു | Sufi Motivational Story in Malayalam | Alif Ahad

ഒരിക്കൽ ഗുരു ഹസൻ ബസരി തങ്ങൾ ടൈഗ്രീസ് നദിയുടെ കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടെ കറു കറുത്ത ഒരു മനുഷ്യനെ കണ്ടു. അയാളുടെ കയ്യിൽ ഒരു കുപ്പിയുണ്ട്. 
അടുത്ത് ഒരു സ്ത്രീ ഇരിക്കുന്നുമുണ്ട്. 
അപ്പോൾ ഗുരു ഹസൻ ബസരി ചിന്തിച്ചു. ഇയാൾ എന്നേക്കാൾ ശ്രേഷ്ഠനാണോ? 
പിന്നെ ചിന്തിച്ചു: അയാൾ ഒരു സ്ത്രീയുടെ കൂടെയിരുന്ന് മദ്യപിക്കുകയായിരുന്നില്ല എങ്കിൽ ഇയാളും എന്നെക്കാൾ ശ്രേഷ്ടൻ തന്നെ.

ഇങ്ങനെ ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ നദിയിൽ കുറച്ചകലെ ഒരു വഞ്ചി പ്രത്യക്ഷപ്പെട്ടു. 
അതിൽ കുറേ ആളുകളും ചരക്കുകളും ഉണ്ടായിരുന്നു. അങ്ങനെ ആ വഞ്ചി ഒരു ഭാഗത്തേക്ക് ചെരിയുകയും ആളുകളും ചരക്കുകളും നദിയിലേക്ക് മറിയുകയും ചെയ്തു.
അതിൽ ഏഴാളുകളുണ്ടായിരുന്നു. അവരെല്ലാം വെളളത്തിൽ മുങ്ങിത്താഴാൻ തുടങ്ങി. 
പെട്ടന്ന് തന്നെ മേൽ പറയപ്പെട്ട ആ വ്യക്തി തന്റെ വസ്ത്രം അഴിച്ചു വെച്ച് ടൈഗ്രീസ് നദിയിലേക്ക് എടുത്ത് ചാടി. 
ശേഷം മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന ആറ് പേരെയും നിഷ്പ്രയാസം കരയിലേക്ക് രക്ഷപ്പെടുത്തി. എന്നിട്ട് ഹസൻ ബസരി തങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് കുറച്ച് ഉച്ചത്തിൽ പറഞ്ഞു: ഓ ഹസൻ, പ്രപഞ്ചനാഥന്റെ സഹായം കൊണ്ട് ഞാനിതാ ആറു പേരെ രക്ഷപ്പെടുത്തിയിരിക്കുന്നു.
ഇനി അവശേഷിക്കുന്ന ഒരാളെ നിങ്ങൾ രക്ഷപ്പെടുത്തുക.
ശേഷം അദ്ദേഹം പറഞ്ഞു: ഹസൻ,
എൻറെ കൂടെ ഇരിക്കുന്ന ഈ സ്ത്രീ എൻറെ മാതാവാണ്.
ആ കുപ്പിയിൽ ഉള്ളത് ശുദ്ധജലമാണ്.

നിങ്ങളുടെ ഹൃദയത്തിന് കാഴ്ചയുണ്ടോ അതോ അന്ധത ബാധിച്ചിരിക്കുകയാണോ എന്ന് പരീക്ഷിച്ചറിയാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്. 
സൂഫീ മാർഗത്തിലേക്ക് പ്രവേശിച്ച ശിഷ്യനെ ഗുരുക്കന്മാർ പലരൂപത്തിലും പരീക്ഷിക്കാറുണ്ടല്ലോ..

അദ്ധേഹത്തിന്റെ ആ വാക്കുകൾ കേട്ട് ഗുരു ഹസൻ ബസരി അത്ഭുതപ്പെട്ടു. 
അദ്ധേഹത്തോട് മാപ്പപേക്ഷിച്ചു.
എന്റെ നാഥൻ എന്നെ പരീക്ഷിക്കാൻ വേണ്ടി അയച്ച വ്യക്തിയാണതെന്ന് ഗുരുവിന് ബോധ്യപ്പെട്ടു.

ശേഷം ഗുരു ഹസൻ ബസരി തങ്ങൾ ആ വ്യക്തിയോട് പറഞ്ഞു: ഈ പുഴയിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന ആളുകളെ നിങ്ങൾ രക്ഷിച്ചത് പോലെ എന്നെയും നിങ്ങൾ രക്ഷിക്കുമോ...
ഞാൻ അഹംഭാവമെന്ന സമുദ്രത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണ്.

അപ്പോൾ ആ വ്യക്തി പ്രാർത്ഥിച്ചു: നാഥൻ നിങ്ങളുടെ കണ്ണുകളെ അനുഗ്രഹിക്കട്ടെ..


അതിനു ശേഷം ഗുരു ഹസൻ ബസ്വരി ആരെ കണ്ടാലും അവരെക്കാൾ തനിക്ക് മഹത്വമുണ്ടെന്ന് ചിന്തിക്കുക പോലും ചെയ്യാറില്ലായിരുന്നു.

എത്രത്തോളമെന്നാൽ, ഒരിക്കൽ മഹാനുഭാവൻ ആരും ഒരു വിലയും കൽപ്പിക്കാത്ത ഒരു തെരുവ് നായയെ കണ്ടു.
അപ്പോൾ അദ്ദേഹം പറഞ്ഞു : 
നാഥാ, എന്നെയും ഈ നായയെയും സമന്മാരാക്കണേ...

അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: അങ്ങ് എന്തിനാണ് അങ്ങനെ പ്രാർത്ഥിച്ചത്?

മഹാൻ പറഞ്ഞു: 
ആ ജീവിയേക്കാൾ ശ്രേഷ്ടതയും മഹത്വം എനിക്കാണെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കിൽ അത് വലിയ അബദ്ധമാകുമായിരുന്നു.
ഞാനാ പടുകുഴിയിൽ വീണാൽ പിന്നെ നാഥന്റെ പ്രതാപം കൊണ്ട് ആ ജീവിയും എന്നേക്കാൾ മഹത്വമുള്ളതായിത്തീരും.

ചിന്തിക്കുക, സൂഫീ വഴിയിലെ അത്യുന്നതങ്ങൾ താണ്ടിയ മഹാജ്ഞാനികളായ സൂഫി വര്യന്മാരുടെ ചിന്തയും മനോഭാവവും എത്ര പരിശുദ്ധമാണ്. 
എത്രത്തോളം താഴ്മയും വിനയവുമാണ് അവർ ജീവിതത്തിൽ വച്ച് പുലർത്തിയത്.
അത് കൊണ്ട് തന്നെയാണ് ഭൗതിക ഭ്രമം പിടിച്ചവർ കാണാത്ത രഹസ്യങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞത്.
ആത്മജ്ഞാനത്തിന്റെ ആനന്ദം അവർക്ക് അനുഭവിക്കാൻ കഴിഞ്ഞത്.

Wednesday, October 27, 2021

അപവാദങ്ങൾ പറഞ്ഞവനോട് ഗുരു നിർദ്ദേശിച്ച പരിഹാര ക്രിയ | Sufi Motivational Story in Malayalam | സൂഫീ കഥകൾ | Alif Ahad

അപവാദങ്ങൾ പറഞ്ഞവനോട് ഗുരു നിർദ്ദേശിച്ച പരിഹാര ക്രിയ 

മറ്റുള്ളവരെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു.
അയാൾ ഒരിക്കൽ ചിന്തിച്ചു, ഞാൻ ഈ ചെയ്യുന്നത് എത്ര മോശമാണ്. 
എത്രയെത്ര ആളുകളുടെ മനസ്സ് ഞാൻ വേദനിപ്പിച്ചു.
എനിക്ക് എങ്ങനെയെങ്കിലും ഈ ദുഷിച്ച സ്വഭാവത്തിൽ നിന്നും രക്ഷ നേടണം.

അങ്ങനെ അയാൾ, താൻ ഇത്രയും നാൾ നടത്തിയ അപവാദ പ്രചാരണങ്ങൾക്ക് പകരമായി ആ ദോഷങ്ങൾ പൊറുത്തു കിട്ടുവാൻ എന്തെങ്കിലും പരിഹാരക്രിയകൾ ചെയ്യുവാൻ വേണ്ടി ഒരു സൂഫി ഗുരുവിനെ സന്ദർശിച്ചു.

സൂഫി ഗുരുവിനോട് അദ്ദേഹം പറഞ്ഞു: ഞാൻ ഒരുപാട് ആളുകളെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നവനാണ്.

ഞാൻ കാരണം പലരും ദുഃഖിച്ചിട്ടുണ്ട്.
അതുകൊണ്ട് എനിക്ക് വല്ല പരിഹാരക്രിയകളും പറഞ്ഞു തരണേ... 

ഒരല്പ സമയം കണ്ണടച്ച് മൗനിയായി ഇരുന്നുകൊണ്ട് മഹാനായ സൂഫീ ഗുരു പറഞ്ഞു, മോനേ നീ ഒരു കുട്ട നിറയെ പക്ഷികളുടെ തൂവലുകൾ ശേഖരിക്കണം. 
ശേഷം അതുമായി നീ ഒഴിഞ്ഞ മരുഭൂമിയിലേക്ക് പോകണം. നിന്റെ കുട്ടയിലുള്ള മുഴുവൻ തൂവലുകളും നീ അവിടെ കളഞ്ഞിട്ട് വരണം. 


വളരെ സന്തോഷത്തോടുകൂടി ഗുരുവിൻറെ സന്നിധാനത്തിൽ നിന്നും അയാൾ മടങ്ങി.

അയാൾ ചിന്തിച്ചു വളരെ ഈസിയായിട്ടുള്ള ഒരു കാര്യമാണല്ലോ ഗുരു എന്നോട് കൽപ്പിച്ചത്. 

അങ്ങനെ അയാൾ ഒരുപാട് പക്ഷി തൂവലുകൾ ശേഖരിച്ച് ഒരു കുട്ടയിൽ നിറച്ചു. 
ശേഷം കുട്ടയുമായി ഒഴിഞ്ഞ ഒരു മരുഭൂമിയിലേക്ക് ചെന്നു.

എന്നിട്ട് കുട്ടയിൽ ഉണ്ടായിരുന്ന മുഴുവൻ തൂവലുകളും അയാൾ അവിടെ ഉപേക്ഷിച്ചു.

 ശേഷം ഗുരുവിൻറെ സന്നിധിയിലേക്ക് വീണ്ടും തിരിച്ച് ചെന്നു കൊണ്ട് അയാൾ പറഞ്ഞു: ഗുരുവേ, നിങ്ങൾ പറഞ്ഞതുപോലെ മുഴുവൻ കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. 
ഇനി എനിക്ക് പോകാമല്ലോ? 

അപ്പോൾ മഹാനായ സൂഫി ഗുരു പറഞ്ഞു. 
പോകാൻ ആയിട്ടില്ല. 

ഇനി നീ ചെയ്യണ്ടേത് എന്തെന്നാൽ,
വീണ്ടും കുട്ടയുമായി ആ തൂവലുകൾ ഉപേക്ഷിച്ച മരുഭൂമിയിലേക്ക് തന്നെ നീ മടങ്ങണം. 

അവിടെ എത്തിയ ശേഷം നീ ഉപേക്ഷിച്ച എല്ലാ തൂവലുകളും കുട്ടിയിലേക്ക് നീ തിരിച്ചു നിറക്കണം. 

ഇത് കേട്ടുകൊണ്ട് സങ്കടത്തോടെ അയാൾ ആ മരുഭൂമിയിലേക്ക് നടന്നു.

ഇനിയൊരിക്കലും ആ തൂവലുകൾ തനിക്ക് കിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായിരുന്നു. 

 ഒരുപാട് സമയം തിരഞ്ഞപ്പോൾ ഒന്നോ രണ്ടോ അവിടെയും ഇവിടെയും തങ്ങിനിന്ന തൂവലുകൾ മാത്രം അയാൾക്ക് ലഭിച്ചു.

ദുഃഖത്തോടെ ഗുരുവിൻറെ മുന്നിലേക്ക് തിരിച്ചെത്തിയ അയാൾ പറഞ്ഞു: ഗുരുവേ, എനിക്ക് ഇത്രയേ കിട്ടിയുള്ളൂ.

അപ്പോൾ ഗുരു പറഞ്ഞു:
മോനേ... നമ്മുടെ നാവിൽ നിന്ന് വരുന്ന വാക്കുകളും ഇതുപോലെയാണ്. 
ഒരിക്കൽ കൈവിട്ടുപോയാൽ പിന്നീട് ഒരിക്കലും അത് തിരിച്ചെടുക്കാനാവില്ല. 
നാം മറ്റൊരാളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നാൽ, 
കേൾക്കുന്നവർ അത് ഏറ്റെടുക്കുകയും ചെയ്താൽ, അവരത് പ്രചരിപ്പിക്കുക തന്നെ ചെയ്യും. 
നിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയ തൂവലുകൾക്ക് സമാനമായി അപവാദങ്ങൾ പറന്നുനടന്നു കൊണ്ടേയിരിക്കും. 

പിന്നീട് നമുക്ക് കുറ്റബോധം തോന്നുകയും അത് തിരിച്ചെടുക്കാൻ നാം ശ്രമിക്കുകയും ചെയ്താൽ പോലും നമുക്ക് തിരിച്ചെടുക്കാനാവില്ല.

അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളിലക്കേ നീ ഇനി ഒരിക്കലും മടങ്ങരുത് എന്ന് ഗുരു ആ ശിഷ്യനോട് ഉപദേശിച്ച് തിരിച്ചയച്ചു.

നന്ദി.

Saturday, October 23, 2021

ഖലീഫാ ഉമറി (റ) ന്റെ നീതിബോധം | A Story of Khalifa Umar | Alif Ahad


നീതിമാനായ ഭരണാധികാരി എന്ന നാമത്തിൽ ലോക പ്രസിദ്ധി നേടിയവരാണല്ലോ ഖലീഫ ഉമർ(റ) 

അദ്ധേഹം പ്രജകളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി കാലങ്ങളിൽ തെരുവീഥികളിലൂടെ വേഷ പ്രച്ഛന്നനായി നടക്കാറുണ്ടായിരുന്നു. 
ഒരു രാത്രി മഹാനുഭാവൻ ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ ആരോ ഒരാൾ പാട്ട് പാടുന്നത് കേട്ടു. 
അതൊരു വീട്ടിൽ നിന്നായിരുന്നു. എന്താണവിടെ നടക്കുന്നത് എന്നറിയാൻ അദ്ധേഹം മതിലിനിടയിലൂടെ നോക്കി.
അപ്പോൾ അദ്ധേഹം കണ്ട കാഴ്ച, ആ വീട്ടുകാരൻ മദ്യപിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ച് മത്ത് പിടിച്ച് അയാൾ പാട്ടുപാടുകയാണ്.
 
സാമൂഹ്യ വിപത്തായ മദ്യപാനത്തെ വളരെ വലിയ കുറ്റകരമായാണ് അറേബ്യൻ ലോ കണക്കാക്കിയിരുന്നത്. അവിടുത്തെ നിയമ പ്രകാരം മദ്യപിച്ചവനെ 40 ചാട്ടയടിക്കണം എന്നാണ്.

ഖലീഫ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ഏയ് മനുഷ്യാ, വിശുദ്ധ ഖുർആൻ വിലക്കിയ മദ്യം കഴിക്കാൻ നിനക്ക് നാണമില്ലേ?
പ്രപഞ്ചനാഥൻ നീ ചെയ്യുന്ന ദോഷങ്ങൾ കാണുകയില്ല എന്നാണോ നീ ധരിക്കുന്നത്?

ഉടനെ ആ വ്യക്തി ഖലീഫയോട് പറഞ്ഞു: ഓ, അമീറുൽ മുഅ്മിനീൻ, ഞാൻ ഒരു തെറ്റ് ചെയ്തു. അത് ഞാൻ സമ്മതിക്കുകയും ചെയ്യുന്നു.
എന്നാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നതോടൊപ്പം തന്നെ, നിങ്ങൾ മൂന്ന് തെറ്റുകൾ ചെയ്തു. അവയോർത്ത് നിങ്ങൾ പശ്ചാതപിക്കുന്നുണ്ടോ?

ആശ്ചര്യത്തോടെ ഖലീഫ ചോദിച്ചു: എന്ത് തെറ്റുകളാണ് ഞാൻ ചെയ്തത്?

അയാൾ പറഞ്ഞു: പ്രവാചകൻ ഒളിഞ്ഞ് കേൾക്കുന്നത് വിലക്കിയ കാര്യമാണ്. നിങ്ങൾ അത് ചെയ്തു.

വിശുദ്ധ ഖുർആൻ പറയുന്നു, നിങ്ങൾ ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആ വീട്ടുകാരോട് അഭിവാദ്യം ചെയ്തിട്ടേ പ്രവേശിക്കാവൂ..
എന്നാൽ നിങ്ങൾ എന്നെ അഭിവാദ്യം ചെയ്തില്ല.

പിന്നെ, ഒരാളുടെ വീട്ടിലേക്ക് പ്രവേശിക്കേണ്ടത് അതിന്റെ മുഖ്യ കവാടത്തിലൂടെയാണ്. എന്നാൽ അതും നിങ്ങളിൽ നിന്ന് ഉണ്ടായില്ല.

ഇത് കേട്ടപ്പോൾ മഹാനായ ഖലീഫ അയാളെ വെറുതെ വിട്ടു.

യഥാർത്ഥത്തിൽ വലിയൊരു സാംറാജ്യത്തിന്റെ ഭരണാധികാരിക്ക് മുമ്പിൽ ഈ ചോദ്യങ്ങൾക്കൊന്നും പ്രസക്‌തിയില്ല. സാധാരണയിൽ, മറ്റൊരു ഭരണാധികാരിയോടാണ് അയാൾ ഈ കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിൽ അയാൾ അർഹിക്കുന്ന ശിക്ഷയേക്കാൾ വലിയ ശിക്ഷ അയാൾക്ക് ലഭിക്കുമായിരുന്നു.

എന്നാൽ, വലിയൊരു തെറ്റ് ചെയ്തിട്ട് ഖലീഫയുടെ ശിക്ഷയിൽ നിന്ന് ഒഴിവാകാൻ വേണ്ടിയുള്ള അയാളുടെ തന്ത്രമായിരുന്നു അയാളവിടെ ഉപയോഗിച്ചത് എന്ന് അറിഞ്ഞിട്ടും ഖലീഫ അയാളെ വെറുതെ വിട്ടു.

കാരണം അദ്ധേഹം പുണ്യ പ്രവാചകരുടെ ശിഷ്യരിൽ രണ്ടാമനാണ്. 
അവരെല്ലാം ആത്മജ്ഞാനികളായിരുന്നല്ലോ. 
സ്വന്തം ഈഗോക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. അവർക്ക് ലഭിച്ച അധികാരം അനീതി ചെയ്യാൻ അവർ ഉപയോഗിച്ചില്ല. 
അധികാരം അവരെ അഹങ്കാരിയാക്കിയില്ല.
താഴ്മയോടെ തല കുനിച്ച് നടന്നു. ധിക്കാരികൾക്കും അനീതി ചെയ്യുന്നവർക്കും മുമ്പിൾ മാത്രം അവർ നെഞ്ച് വിടർത്തി ധീരതയോടെ ഉറച്ച് നിന്നു.

വലിയൊരു സാംറാജ്യത്തിന്റെ അധിപനായിട്ട് പോലും ഒരു കൊട്ടാരം പണിതില്ല. ഈത്തപ്പനയോല മേഞ്ഞ വീട്ടിൽ താമസിച്ചു. ഓലപ്പായയിൽ അന്തിയുറങ്ങി. യാത്രയിൽ ക്ഷീണിച്ചപ്പോൾ പൊള്ളുന്ന മണലിൽ ഈന്തമരങ്ങളുടെ തണലിൽ കൈ തലയിണയാക്കി വിശ്രമിച്ചു.

കഥയിലെ മദ്യപാനിയെ അദ്ധേഹം ശിക്ഷിക്കാതെ വെറുതെ വിടാനുള്ള കാരണവും മറ്റുള്ളവരുടെ ന്യൂനതയെക്കാളുപരി സന്തം ന്യൂനതകളിലുള്ള അവരുടെ ശ്രദ്ധയായിരുന്നു.
നീതിമാനായ നാഥന്റെ പ്രണയം ലഭിക്കാൻ സദാ നീതി ബോധത്തോടെ കഴിയണം എന്നവർക്കറിയാമായിരുന്നു.
അതവർ ലോകത്തെ പഠിപ്പിക്കുകയായിരുന്നു.

Sunday, August 22, 2021

സൂഫീ ഗുരുവിന്റെ മൂന്നാമത്തെ ഗുരു


മരണമാസന്നമായി കിടക്കുന്ന ഗുരു ഹസൻ പറയുകയാണ്, എൻറെ മൂന്നാമത്തെ ഗുരു ഒരു കുട്ടിയായിരുന്നു.

ഞാൻ ഒരു സന്ധ്യാസമയം ഒരു ടൗണിൽ ഇരിക്കുമ്പോൾ ഒരു കുട്ടി വിളക്ക് പിടിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നു പോകുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.

വിളക്ക് അണയാതെ മെല്ലെ മെല്ലെ നടന്നു പോകുന്ന അവനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
ഞാൻ അവനോടു ചോദിച്ചു, മോനേ നീയാണോ ഈ വിളക്കിന്റെ തിരി കത്തിച്ചത്?

അവൻ പറഞ്ഞു, അതെ ഗുരുവേ. തമാശരൂപേണ ഞാൻ വീണ്ടും അവനോടു ചോദിച്ചു, നീയാണ് ഈ വിളക്ക് കത്തിച്ചതെങ്കിൽ നീ കത്തിക്കുന്ന സമയത്ത് ഈ വിളക്കിലേക്ക് തീ വരുന്നത് നീ കണ്ടിട്ടുണ്ടാവും. 
എങ്കിൽ നീ പറ, എവിടുന്നാണ് ഈ വിളക്കിലേക്ക് തീ വന്നത്?

ഇത് കേട്ടുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചു.
എന്നിട്ടവൻ വിളക്ക് ഊതിക്കെടുത്തി. 
ശേഷം അവൻ എന്നോട് ചോദിച്ചു, ഗുരുവേ, ഞാനീ വിളക്കിലേക്ക് ഊതിയപ്പോൾ അതിലുണ്ടായിരു തീ പോയത് നിങ്ങൾ കണ്ടില്ലേ? ഇനി നിങ്ങൾ പറ, എവിടേക്കാണാ തീ പോയത്?

അപ്രതീക്ഷിതമായ അവൻറെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി.
എൻറെ ഈഗോ അവിടെ പൊട്ടിച്ചിതറി.
ഞാൻ വലിയ പണ്ഡിതനും അറിവുള്ളവനുമാണ് എന്ന ധാരണ എനിക്കുണ്ടായിരുന്നു. അത്കൊണ്ട് തന്നെ പലപ്പോഴും പലരെയും
ഞാൻ തമാശക്ക് വേണ്ടി കളിയാക്കാറുണ്ടായിരുന്നു. 
എന്നാൽ ഈ കൊച്ചു കുട്ടിയുടെ മുമ്പിൽ ഞാനിന്ന് പരാജയപ്പെട്ടു.

ഇളിഭ്യനായ ഞാൻ ചിന്തിച്ചു, ഈ കുട്ടിയുടെ ചെറിയൊരു ചോദ്യത്തിന് മറുപടി കൊടുക്കാൻ പോലും എൻറെ കയ്യിൽ അറിവില്ല.
 
അന്ന് മുതൽ ഞാൻ വളരെ വിനയമുള്ളവനായി ജീവിക്കാൻ ശ്രമിച്ചു. എന്ന വിനയം പഠിപ്പിച്ച ഈ കുട്ടിയാണ് എൻറെ മൂന്നാമത്തെ ഗുരു.

Monday, May 17, 2021

സൂഫീഗുരുവിന്റെ രണ്ടാമത്തെ ഗുരു - Sufi Motivational Story in Malayalam - Alif Ahad

          മരണ ശയ്യയിൽ കിടക്കുന്ന മഹാനായ സൂഫീ ഗരു ഹസ്സൻ തൻറെ ആദ്യ ഗുരു ഒരു കള്ളനായിരുന്നു എന്ന് ശിഷ്യരോട് വിവരിച്ചു. ഇത് കേട്ട ശിഷ്യർ അദ്ധേഹത്തിന്റെ രണ്ടാമത്തെ ഗുരു ആരാണെന്നറിയാൻ ശ്രദ്ധയോടെ കാത് കൂർപ്പിച്ചു. ഗുരു തുടർന്നു: എൻറെ രണ്ടാമത്തെ ഗുരു ഒരു നായയായിരുന്നു.

      ഞാൻ ഒരു ദിവസം ഒരുപാട് നടന്നു. എന്റെ യാത്രക്കിടയിൽ ഞാൻ ദാഹിച്ചവശനായി. അൽപം വെള്ളം ലഭിച്ചിരുന്നെങ്കിൽ. അവസാനം ഞാനൊരു പുഴക്കരയിൽ എത്തി. ആ സമയത്ത് അവിടേക്ക് ഒരു നായ വേച്ച് വേച്ച് വരുന്നുണ്ടായിരുന്നു. അതിനെ കണ്ടാൽ അറിയാം, അതിന് തന്നെപ്പോലെ അസഹനീയമായ ദാഹമുണ്ടെന്ന്. 
 ആ നായ പുഴയുടെ അരികിലേക്ക് ചെന്ന് പുഴയിലേക്ക് നോക്കി. വെള്ളത്തിലതാ മറ്റൊരു നായ. തന്റെ തന്നെ പ്രതിഭിംഭമാണ് അതെന്ന് മനസ്സിലാകാത്ത നായ പേടിച്ചുകൊണ്ട് പിന്നോട്ട് ചാടി.
വീണ്ടുമത് വെള്ളത്തിൽ വന്നു നോക്കി. ഒന്ന് കുരച്ചു. അപ്പോൾ വെള്ളത്തിലുള്ള നായയും കുരച്ചു. ഭയപ്പെട്ടുകൊണ്ട് പിന്നോട്ട് ചാടിയെങ്കിലും തൻറെ ലക്ഷ്യത്തെ തൊട്ട് പിന്മാറാൻ അത് തയ്യാറല്ലായിരുന്നു. കാരണം അതനുഭവിക്കുന്ന ദാഹം ശക്തമായിരുന്നു.  അതുകൊണ്ട് തന്നെ ഈ പുഴ ഉപേക്ഷിച്ച് പോകാൻ അത് തയ്യാറായില്ല.

നായ വീണ്ടും വെള്ളത്തിൽ അരികിൽ വരും പിന്മാറും. ഇത് പലതവണ ആവർത്തിച്ചു. 
അവസാനം സർവ്വ ധൈര്യവും സംഭരിച്ച് കൊണ്ട് ആ നായ വെള്ളത്തിലേക്ക് ചാടി. മതിവരുവോളം വെള്ളം കുടിച്ച് വിജയശ്രീലാളിതനായി കേറി വന്നു.

       ഇതെല്ലാം ഞാൻ നിരീക്ഷിക്കുകയായിരുന്നു. ഞാൻ ചിന്തിച്ചു, എന്നെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു യാദൃശ്ചിക സംഭവമല്ല. എൻറെ ദൈവം ഇതിൽ നിന്ന് എന്തോ എന്നെ പഠിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്, ഏതൊരു വ്യക്തിയും ലക്ഷ്യത്തിലേക്ക് എത്തുന്നതിനുമുമ്പ് തന്റെ വഴിയിൽ
ഭയം അവനെ പിടികൂടും. എത്രശക്തമായ ഭയമാണ് അവനെ പിടികൂടിയതെങ്കിലും ആ ഭയത്തെ അവൻ പരാജയപ്പെടുത്തേണ്ടതുണ്ട്. മന:ശക്തിയും ധൈര്യവും ആർജ്ജിക്കേണ്ടതുണ്ട്.

        പലപ്പോഴും എൻറെ ലക്ഷ്യങ്ങൾക്ക് മുൻപിൽ ഭയം ഒരു വില്ലനായി വരാറുണ്ട്. എന്റെ ലക്ഷ്യത്തിനടുത്താണ് ഞാൻ എത്തിയതെങ്കിലും ആ ഭയം കാരണം ഞാനെന്റെ ലക്ഷ്യം ഉപേക്ഷിക്കാറുമുണ്ട്.

        എന്നാൽ, ഒരിക്കൽ ഞാൻ എൻറെ ലക്ഷത്തിനടുത്തെത്തി.
ഭയമെന്നെ പിടികൂടി.
ശങ്കിച്ചു നിന്നു. ഞാൻ പിന്മാറാൻ ഒരുങ്ങി. പക്ഷേ എനിക്കപ്പോൾ മുമ്പ് ഞാൻ പുഴക്കരയിൽ കണ്ട ആ നായയെയാണ് ഓർമ്മ വന്നത്. വെറുമൊരു നായയ്ക്ക് തന്നിലുള്ള ഭയത്തെ മറികടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചെങ്കിൽ മനുഷ്യനായ എനിക്ക് എന്തുകൊണ്ട് സാധിക്കില്ല? ഞാനൊന്നും നോക്കിയില്ല. എന്റെ ലക്ഷത്തിലേക്ക് ഞാൻ കുതിച്ച് ചാടി. അവസാനം ഞാൻ എൻറെ ലക്ഷ്യം സാക്ഷാത്കരിച്ചു.

ലക്ഷ്യത്തിലേക്കുള്ള വഴിയിൽ യാത്രികൻ നിർഭയനായിരിക്കണം എന്നെന്നെ പഠിപ്പിച്ച ആ നായയായിരുന്നു എന്റെ രണ്ടാമത്തെ ഗുരു.

Wednesday, April 21, 2021

സൂഫീ ഗുരുവിന്റെ ഗുരു - Sufi Motivational Story in Malayalam

            സൂഫീ ഗുരുവായ ഹസൻ മരണമാസന്നമായി കിടക്കുമ്പോൾ ചിലർ വന്നുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു, അങ്ങയുടെ ഗുരു ആരാണ്?
 അദ്ദേഹം പറഞ്ഞു, എനിക്കുള്ള സമയം വളരെ പരിമിതമാണ്. ഞാൻ മരിക്കുകയാണ്. ഇപ്പോൾ അതൊന്നും പറയാനുള്ള സമയമല്ല. അപ്പോൾ ചോദ്യകർത്താവ് ചോദിച്ചു, നിങ്ങൾ ഇപ്പോഴും ശ്വസിക്കുന്നു. നിങ്ങൾ സംസാരിക്കുന്നു. വളരെ ലളിതമായിട്ട് പറഞ്ഞാലും,
അങ്ങയുടെ ഗുരു ആരാണ്?

അപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ ഗുരുക്കന്മാരെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ആയിരത്തിലേറെ ഗുരുക്കൻമാരുണ്ട്. അവരെ മുഴുവൻ പറഞ്ഞു തീരുമ്പോഴേക്കും മാസങ്ങളും വർഷങ്ങളുമെടുക്കും. എനിക്ക് വളരെ പരിമിതമായ സമയമേ ബാക്കിയുള്ളൂ..

 എന്നാലും അവരിൽ പ്രധാനികളായ മൂന്ന് പേരെ മാത്രം ഞാൻ പറയാം. എന്നിട്ടദ്ദേഹം പറഞ്ഞു തുടർന്നു, എന്റെ ആദ്യത്തെ ഗുരു ഒരു 'കള്ളൻ' ആയിരുന്നു. 

ഞാൻ ഒരു ദിവസം മരുഭൂമിയിൽ അകപ്പെട്ടു പോയി. ഒരുപാട് സമയം ഞാൻ നടന്നു. അവസാനം പാതിരാത്രിയായപ്പോൾ ഞാനൊരു ഗ്രാമപ്രദേശത്തെത്തി.
 കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യനെ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. അങ്ങനെ കുറേ സമയം കഴിഞ്ഞപ്പോൾ ഞാൻ ഒരു വ്യക്തിയെ കണ്ടു. അയാൾ ഒരു വീടിൻറെ മതിൽ തുളച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അടുത്തുചെന്നപ്പോൾ എനിക്ക് ബോധ്യമായി, അയാൾ ഒരു കള്ളനാണെന്ന്. 
ഞാൻ അയാളോട് ചോദിച്ചു, എനിക്കിന്ന് തങ്ങാൻ ഒരിടം ഇവിടെ എവിടെയെങ്കിലും കിട്ടുമോ? അയാൾ പറഞ്ഞു: നിങ്ങളെ കണ്ടിട്ട് നിങ്ങളൊരു സൂഫീ സന്യാസിയാണെന്ന് തോന്നുന്നുവല്ലോ.. നിങ്ങളൊരൽപസമയം കാത്തിരിക്കുകയാണെങ്കിൽ ഈ ജോലി കഴിഞ്ഞാൽ എന്റെ വീട്ടിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം.

 ഒരുപാട് സമയം ഞാൻ അയാളെ കാത്തിരുന്നു. അവസാനം, കവർച്ച കഴിഞ്ഞു അയാൾ എന്റെ കൈപിടിച്ചു കൊണ്ട് അയാളുടെ വീട്ടിലേക്ക് നടന്നു. അയാളുടെ കൈകൾ ശൂന്യമായിരുന്നു. 
ഞാൻ അയാളോട് ചോദിച്ചു: ഇത്ര സമയം നിങ്ങൾ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് കവർച്ച നടത്തിയിട്ട് ഒന്നും ലഭിച്ചില്ലേ..
 അയാൾ പറഞ്ഞു, ദൈവത്തിൻറെ വിധി അങ്ങനെയാണ്. ദൈവം ആഗ്രഹിക്കുകയാണെങ്കിൽ എനിക്ക് നാളെ ലഭിക്കും.

 മുപ്പത് ദിവസത്തോളം ഞാൻ അയാളുടെ കൂടെ അയാളുടെ വീട്ടിൽ താമസിച്ചു. എല്ലാദിവസവും രാത്രി അയാൾ വീടു വിട്ടിറങ്ങും. പ്രഭാതമാകുമ്പോഴേക്കും അയാൾ വീട്ടിലേക്ക് മടങ്ങി വരുകയും ചെയ്യും. എന്നാൽ എല്ലാ ദിവസവും അയാളുടെ കൈകൾ ശൂന്യമായിരുന്നു.

 ഞാനെന്റെ ചോദ്യം ആവർത്തിക്കും.
ഇന്നൊന്നും ലഭിച്ചില്ലേ. അയാൾ പറയും. ദൈവം വിധിക്കുകയാണെങ്കിൽ എനിക്ക് നാളെ ലഭിക്കും.
 ഞാൻ വളരെ അത്ഭുതപ്പെട്ടുപോയി.

 മുപ്പതാമത്തെ ദിവസം ഞാൻ വീട് വിട്ടിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചു, ഒരുപാട് വർഷമായി ഞാൻ ആത്മീയ വഴിയിൽ പ്രവേശിച്ചിട്ട്. പക്ഷെ എനിക്കിപ്പോഴും ആത്മസാക്ഷാത്കാരം നേടാനായിട്ടില്ല.
 അതിനു വേണ്ട പ്രയത്നങ്ങൾ ഞാൻ പ്രയത്നിക്കുകയും എൻറെ ധ്യാനങ്ങൾ ഞാൻ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യും.
 പക്ഷേ ഈ കള്ളൻ, ഇത്ര ദിവസം ഒന്നും ലഭിക്കാതിരുന്നിട്ട് പോലും അദ്ദേഹം തന്റെ പ്രതീക്ഷ കൈവിട്ടില്ല.
 ജീവിതത്തിൽ അയാൾ എപ്പോഴും പ്രതീക്ഷയുള്ളവനാണ്. ഒരു കള്ളനുള്ള പ്രതീക്ഷ പോലും എനിക്കില്ലല്ലോ എന്നോർത്ത് ഞാൻ ഖേദിക്കുകയും എൻറെ ജീവിതത്തിൽ മാറ്റം വരുത്താൻ ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

പിന്നീടെനിക്ക് എന്ത് പരീക്ഷണങ്ങൾ വന്നപ്പോഴും ഞാൻ പതറിയില്ല. ഞാൻ പ്രതീക്ഷയോടു കൂടെത്തന്നെ ജീവിച്ചു. 

 അങ്ങനെ വർഷങ്ങൾക്കൊടുവിൽ എൻറെ പ്രയത്നം എൻറെ ദൈവം സ്വീകരിച്ചു. എന്റെ ദൈവം എന്നെ കനിഞ്ഞു. 

അതുകൊണ്ട്, എന്റെ വിജയിത്തിന് ആവശ്യമായ ഏറ്റവും നല്ലൊരു ജീവിതമൂല്യം എന്നെ പഠിപ്പിച്ച ആ കള്ളനായിരുന്നു എൻറെ ആദ്യത്തെ ഗുരു.

Tuesday, April 20, 2021

ഓരോ നിമിഷവും അമൂല്യമാണ് - Sufi Motivational Story in Malayalam

              ഒരിക്കൽ ഒരു ധനികനായ പിശുക്കൻ ഉണ്ടായിരുന്നു. അയാൾ വളരെ കഷ്ടപ്പെട്ട് വിശ്രമമില്ലാതെ കച്ചവടം ചെയ്ത് ഒരു പാട് സമ്പാധിച്ചു.
ആർക്കും നൽകാതെ പിശുക്കിപ്പിശുക്കി അയാൾ മുന്നൂറ് കോടി ദീനാർ സമ്പാദിച്ചു. തനിക്ക് മരണം വരെ സുഖമായി ജീവിക്കാൻ ഇതു തന്നെ ധാരാളമാണ് എന്ന് മനസ്സിലാക്കിയ അയാൾ ഒരു വലിയ ബംഗ്ലാവ് വാങ്ങി. ഇനി കച്ചവടമെല്ലാം നിറുത്തി വിശ്രമ ജീവിതം നയിക്കാമെന്ന് അയാൾ തീരുമാനിച്ചു.
എന്നാൽ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, പുതിയ വീട്ടിൽ താമസമാക്കിയ അന്ന് രാത്രി തന്നെ മരണത്തിന്റെ മാലാഖ അയാളുടെ റൂഹ്‌ പിടിക്കാനെത്തി. ഇതറിഞ്ഞ് പരിഭ്രാന്തനായ അയാൾ മാലാഖയോട് കേണപേക്ഷിച്ചു. എന്നെ ഇന്ന് കൊണ്ട് പോകരുത്. എനിക്ക് ജീവിക്കാൻ ഒരു മൂന്ന് ദിവസമെങ്കിലും തരൂ.. അതിനു പകരമായി എന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഞാൻ നിങ്ങൾക്ക് നൽകാം. മാലാഖ സമ്മതിച്ചില്ല. 
അപ്പോൾ അയാൾ ദുഃഖത്തോടെ പറഞ്ഞു: എന്റെ മുതലിന്റെ പകുതിയും ഞാൻ നിങ്ങൾക്ക് നൽകാം. പകരം എനിക്കൊരു രണ്ട് ദിവസം തരൂ..
മാലാഖ അതും സമ്മതിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു, ഞാനെന്റെ സമ്പത്ത് മുഴുവൻ നിങ്ങൾക്ക് നൽകാം. ഒരേ ഒരു ദിവസമെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കുമോ?
ദൈവകൽപ്പനക്കെതിരായി ഒന്നും ചെയ്യാത്ത മാലാഖ അതും അനുവദിച്ചില്ല.

അവസാനം അയാൾ ഒരു കുറിപ്പെഴുതാൻ മാലാഖയോട് അനുവാദം തേടി. മാലാഖ സമ്മതം മൂളി.

അയാൾ ആ കുറിപ്പിൽ ഇങ്ങനെ എഴുതി:
"ഓ മനുഷ്യ സമൂഹമേ, നിങ്ങൾ നന്മയുള്ളവരായി ജീവിക്കുക. സമയം വളരെ അമൂല്യമാണന്ന് നിങ്ങൾ മനസ്സിലാക്കുക. കാരണം, എനിക്ക് മുന്നൂറ് കോടി ദീനാറിനു പകരം ഒരു നിമിഷം പോലും വാങ്ങാൻ കഴിഞ്ഞില്ല."

അതുവരെ അറു പിശുക്കനായി ഒരാൾക്കും ഒന്നും നൽകാതെ ജീവിച്ച അയാൾ തന്റെ മുഴുവൻ സമ്പത്തും മറ്റുള്ളവർക്കായി ഉപേക്ഷിച്ചു കൊണ്ട് അയാൾ തന്റെ കണ്ണുകളടച്ചു.

Monday, April 19, 2021

ദിവ്യാനുരാഗികൾക്കായി രണ്ട് പ്രണയകഥകൾ - Sufi Motivational Story in Malayalam

ഒന്ന്

ഒരു പ്രണയി തന്റെ പ്രണയിനിയുടെ വാതിലിൽ മുട്ടി. അകത്തുനിന്നും ചോദ്യമുയർന്നു. നീ ആരാണ്? അപ്പോൾ പ്രണയി പ്രതിവചിച്ചു: ഞാനാണ്, നിന്നെ എത്രയോ സ്നേഹിക്കുന്ന നിൻ്റെ ഇഷ്ടൻ.

 മറുപടിയായി പ്രണയിനി പറഞ്ഞു: പ്രണയത്തിന്റെ ഈ വീട് വളരെ ചെറുതാണ്. അതിൽ രണ്ടു പേർക്ക് താമസിക്കാൻ ഇടമില്ല. ഒരാൾക്ക് നിൽക്കാനുള്ള വിസ്തൃതിയേ ഉള്ളൂ. അങ്ങനെ വാതിൽ തുറക്കപ്പെട്ടില്ല.

 നിരാശയോടെ അയാൾ വനാന്തരങ്ങളിലേക്കോടി. ആ വിജനതയിൽ അയാൾ കഠിന തപസ്സിരുന്നു. ഒരുപാട് കാലം ധ്യാനനിരതനായി ജീവിച്ചു. അയാൾ ഒരു കാര്യം മാത്രമാണ് പ്രാർത്ഥിച്ചത്. 
എൻറെ പ്രണയനാഥാ.. എന്നിലെ എന്നെ നീ ഇല്ലായ്മ ചെയ്ത് എന്നെ നീ നിന്നിൽ ലയിപ്പിക്കണേ.. 

 ഒരുപാട് പൗർണമികൾ അസ്തമിച്ചു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. അങ്ങനെ വീണ്ടുമൊരിക്കൽ അയാൾ തൻറെ പ്രണയഭാജനത്തിന്റെ കതകിനരികിലെത്തി. പ്രണയ സാന്ദ്രമായ ഹൃദയത്തോടെ അദ്ദേഹം കതകിൽ മുട്ടി.
 ചോദിക്കപ്പെട്ടു, ആരാണു നീ. അപ്പോൾ അയാൾ മറുപടി പറഞ്ഞു: ഇത് നീ തന്നെയാണ്. 
 വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. തൻറെ പ്രണയഭാജനത്തിൽ അയാൾ അലിഞ്ഞുചേർന്നു.


രണ്ട്

അറേബ്യൻ പ്രേമ കാവ്യങ്ങളിലെ ഇതിഹാസമായ മജ്നു, താൻ ഇതുവരെ കാണാത്ത ലൈലയെ അന്വേഷിച്ച് ഒരു ഭ്രാന്തനെപ്പോലെ മരുഭൂമിയിലൂടെ അലഞ്ഞുനടന്നു. രാത്രിയുടെ കൂരിരുൾ മജ്നുവിനെ ഭയപ്പെടുത്തിയില്ല. മരുഭൂമിയുടെ ചുടുകാറ്റും സൂര്യതാപവും അവനെ ലക്ഷ്യത്തെതൊട്ട് പിന്തിരിപ്പിച്ചില്ല.

 അങ്ങനെ ഒരിക്കൽ പാദരക്ഷ പോലുമില്ലാതെ ഒരു സായാഹ്നത്തിൽ ലൈലയെ മാത്രം ചിന്തിച്ചു കൊണ്ട് മരുഭൂമിയിലൂടെ അവൻ നടന്നു നീങ്ങുകയായിരുന്നു. അപ്പോൾ വഴിയരികിൽ ഒരാൾ നിസ്കാര പടം വിരിച്ച് സായാഹ്ന നമസ്കാരം നിർവഹിക്കുന്നുണ്ടായിരുന്നു. 
പക്ഷേ മജ്നു അയാളെ കണ്ടതോ ശ്രദ്ധിച്ചതോ ഇല്ല. അതുകൊണ്ട് തന്നെ അവൻ നിസ്ക്കരിക്കുന്ന ആളുടെ മുമ്പിലൂടെ നടന്നു. 

നിസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടക്കുന്നത് നിഷിദ്ധമാണ് എന്ന് പഠിച്ച ആ വ്യക്തി തന്റെ നമസ്കാരം പെട്ടെന്ന് അവസാനിപ്പിച്ചു.
 എന്നിട്ടയാൾ മജ്നുവിന്റെ പിന്നാലെ ഓടി. തടഞ്ഞുവെച്ച് അയാൾ ചോദിച്ചു: എടോ നിനക്ക് തീരെ ബുദ്ധിയില്ലേ.. നീ നിസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെയാണ് നടന്നത്. അല്ലാഹുവിൻറെ മുമ്പിൽ നിസ്കരിക്കുന്ന എൻറെ മുൻപിലൂടെ നടക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു.


 ഇയാളുടെ ശകാരവാക്കുകൾ ശാന്തനായി കേട്ടുനിന്ന മജ്നു പറഞ്ഞു: ക്ഷമിക്കണം സുഹൃത്തെ. 
എങ്കിലും നിങ്ങളുടെ കാര്യം ഓർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. കാരണം എൻറെ അനുരാഗിയായ ലൈലയെ മാത്രം ഓർത്തുകൊണ്ട് നടന്ന എനിക്ക് നിങ്ങളെയോ നിങ്ങളുടെ നിസ്കാര പടത്തെയോ കാണാനായില്ല. പക്ഷേ, നിങ്ങളുടെ പ്രണയനാഥനായ ലോക രക്ഷിതാവിൻറെ മുമ്പിൽ നിൽക്കുന്ന നിങ്ങൾ എങ്ങനെയാണ് എന്നെ കണ്ടത്?! വല്ലാത്ത ആശ്ചര്യം തന്നെ.
 ഇത് കേട്ട് ആ വ്യക്തി മജ്നുവിന്റെ കൈ പിടിച്ചു ചുംബിച്ച് മാപ്പപേക്ഷിച്ചു.

Sunday, April 18, 2021

ഉപാധികളില്ലാത്ത പ്രണയം - Sufi Motivational Story in Malayalam

         ഒരു പ്രണയി തൻറെ പ്രണയഭാജനത്തെ കുറിച്ച് പേമകാവ്യങ്ങൾ രചിച്ചതിനുശേഷം അതൊന്നു വായിച്ചു കേൾപ്പിക്കാനായി അനുരാഗിയുടെ ചാരെയെത്തി. ശേഷം അയാൾ ആ കാവ്യം ആലപിക്കാൻ തുടങ്ങി. 

    കവിതയിൽ ഉടനീളം പ്രണയിനിയുടെ വർണ്ണനകളായിരുന്നു. അതിൽ അനുരാഗിയുടെ രൂപഭംഗിയും മറ്റു വിശേഷണങ്ങളും അയാൾ ഉൾക്കൊള്ളിച്ചിരുന്നു. 

    അപ്പോൾ അനുരാഗി പറഞ്ഞു: നീ എന്നെയല്ല പ്രണയിക്കുന്നത്. നീ പ്രേമിക്കുന്നത് നിൻറെ മനോവികാരങ്ങളെ മാത്രമാണ്. നിനക്ക് എന്നിൽ നിന്നും എന്തോ ചില കാര്യലാഭങ്ങൾ ലഭിക്കാനുണ്ട്. എൻറെ സൗന്ദര്യം നിൻറെ കണ്ണുകൾക്ക് ആനന്ദം നൽകുന്നുണ്ട്. എൻറെ സാമീപ്യം നിന്നെ എങ്ങനെയൊക്കെയോ സന്തോഷിപ്പിക്കുന്നുണ്ട്. 

        നിനക്ക് എന്നിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും മാത്രമാണ് നിനക്കെന്നോട് തോന്നുന്ന പ്രണയത്തിനുള്ള ഹേതു. നീ എന്ന നിന്റെയുള്ളിലെ ഈഗോയാണ് നിന്റെയും എന്റെയും ഇടയിലുള്ള ഏക മറ. അതുകൊണ്ട്, നീ എന്നെ പ്രണയിക്കുന്നുവെങ്കിൽ നിൻറെ ആശകൾ മാറ്റിവെച്ച് അവിടെ എന്നെ പ്രതിഷ്ടിക്കുക. 

          നീ എന്നിൽ നിന്ന് വല്ല കാര്യലാഭവും പ്രതീക്ഷിച്ചിട്ടാണ് എന്നെ പ്രണയിക്കുന്നതെങ്കിൽ നീ എന്നോട് വിടപറഞ്ഞു പോകുക. എന്നിലുള്ള വല്ല ക്വാളിറ്റികളും കണ്ടിട്ടാണ് നീ എന്നെ പ്രേമിക്കുന്നത് എങ്കിൽ അവയെല്ലാം ഇല്ലാതെയായി എന്ന് തോന്നുന്ന ഒരു ദിവസത്തെ നീ അഭിമുഖീകരിക്കേണ്ടി വരും, പ്രണയത്തിന്റെ ഒരു പരീക്ഷണമായിട്ടെങ്കിലും. അപ്പോൾ നിനക്ക് എന്നോടുള്ള ഈ പ്രണയവും നഷ്ടമാവും. അനുരാഗിയുടെ ഈ വാക്കുകൾ കേട്ട് താൻ എഴുതിയ പ്രണയ കാവ്യം മടക്കിവെച്ച് അവൻ തലതാഴ്ത്തി നിന്നു.

Saturday, April 17, 2021

സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് - Sufi Motivational Story in Malayalam

      
           ഒരിക്കൽ ഒരു രാജാവിന് തന്ത്രജ്ഞാനിയും ദൈവഭക്തനുമായ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേകത എന്തെന്നാൽ, സൃഷ്ടാവ് വിധിച്ചിട്ടുള്ള എല്ലാം സൃഷ്ടിയുടെ നന്മക്ക് വേണ്ടി മാത്രമാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടോ അനിഷ്ടകരമായ കാര്യങ്ങളോ സംഭവിച്ചാൽ മന്ത്രി "ലഅല്ലഹു ഖൈർ" (അത് നല്ലതിനായിരിക്കാം) എന്ന് പറയും.

      അങ്ങനെയിരിക്കെ, അദ്ദേഹം ഒരിക്കൽ രാജാവിൻറെ കൂടെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടേ രാജാവിനോ അദ്ദേഹത്തിനോ എന്ത് ബുദ്ധിമുട്ട് സംഭവിച്ചാലും അദ്ദേഹം 'എല്ലാം നല്ലതിന്' എന്ന്. അങ്ങനെ വേട്ടക്കിടെ രാജാവിൻറെ കൈവിരലിൽ അമ്പ് തറച്ച് മുറിവായി. രക്തം ധാര ധാരയായി ഒഴുകുന്നുണ്ട്. അസഹ്യമായ വേദന യെ പറ്റി മന്ത്രിയോട് രാജാവ് പറഞ്ഞപ്പോൾ അപ്പോഴും മന്ത്രി പറഞ്ഞു എല്ലാം നല്ലതിന് വേണ്ടിയാണ്. മന്ത്രി രാജാവിനെ കൊട്ടാര ഭിഷഗ്വരന്റെ അരികിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വൈദ്യൻ പറഞ്ഞു: കൈവിരൽ മുറിച്ചു കളയണം. മുറിച്ചു കളഞ്ഞില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗത്തേക്കും വിഷം പകരാനുള്ള സാധ്യതയുണ്ട്. ഇത് കേട്ട് രാജാവ് വളരെയധികം സങ്കടപ്പെട്ടു. തന്റെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കാനാവുമോ? എന്നാൽ, മന്ത്രി ആ സമയത്തും മുഖത്തൊരു ഭാവപ്പകർച്ച പോലുമില്ലാതെ പറഞ്ഞു, എല്ലാം നല്ലതിനാണ്. 

          രാജാവ് ചോദിച്ചു, നിങ്ങൾക്ക് എന്റെ വിരൽ നഷ്ടപ്പെടുന്നതിൽ സന്തോഷമാണുള്ളത്. അല്ലെങ്കിൽ, നിങ്ങൾ ഇത് പറയുമായിരുന്നില്ല. അതും പറഞ്ഞുകൊണ്ട് രാജാവ് ദേഷ്യത്തോടെ രാജഭടന്മാരെ വിളിക്കുകയും മന്ത്രിയെ ജയിലിലടക്കാൻ കല്പിക്കുകയും ചെയ്തു. കൈകൾ ബന്ധിച്ച് ഭടന്മാർ മന്ത്രിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മന്ത്രി പറയുന്നുണ്ടായിരുന്നു, ലഅല്ലഹു ഖൈർ, ലഅല്ലഹു ഖൈർ. 

        മാസങ്ങൾ കഴിഞ്ഞു. മന്ത്രി ഇപ്പോഴും ജയിലിൽ തന്നെ. രാജാവിൻറെ മുറിവെല്ലാം സുഖപ്പെട്ടു. വേട്ടയാടൽ ഹോബിയായിരുന്ന രാജാവ് വീണ്ടും കാട്ടിലേക്ക് പുറപ്പെട്ടു. അങ്ങനെ, ഒരു മാൻപേടയെ പിന്തുടർന്ന് പിന്തുടർന്ന് അദ്ദേഹം വിജനമായ ഉൾവനത്തിൽ ഒറ്റപ്പെട്ടു. ആ സമയം, മതാചാരപ്രകാരം നരബലി നടത്തുന്ന ഒരു പറ്റം കൊള്ളസംഘം അദ്ദേഹത്തെ വളഞ്ഞു. രാജാവിനെ ബന്ധിയാക്കി അവർ തങ്ങളുടെ ആരാധ്യ വസ്തുവിന്റെ മുമ്പിൽ പുതുവസ്ത്രങ്ങൾ അണിയിച്ച് നിർത്തി. 

       അൽപസമയം കഴിഞ്ഞ് ആ സംഘത്തിൻറെ നേതാവ് രാജാവിൻറെ അരികിലേക്ക് വന്നു. ഭയപ്പെട്ടു നിൽക്കുന്ന രാജാവിനെ ബലി കൊടുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിൽ വല്ല ന്യൂനതകളും ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അയാൾ പറഞ്ഞു: ഈ വ്യക്തിയെ ബലി കൊടുത്താൽ നമ്മിൽ അനർത്ഥങ്ങൾ സംഭവിക്കും. ഇയാൾ പൂർണ്ണനല്ല. അംഗവൈകല്യമുള്ള ആളാണ്. ഇയാളെ വിട്ടയക്കൂ..

 കാട്ടാള സംഘത്തിൽ നിന്നും രക്ഷപ്പെട്ട് കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് ആദ്യമായി ചെന്നത് മന്ത്രിയെ അടക്കപ്പെട്ട ജയിലിലായിരുന്നു. ജയിലിലും സൗമ്യനായി കാണപ്പെട്ട മന്ത്രിയെ വളരെ സങ്കടത്തോടെ രാജാവ് ആലിംഗനം ചെയ്തു. മാപ്പപേക്ഷിച്ചു. കഴിഞ്ഞ സംഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് പറഞ്ഞു, എൻറെ വിരൽ നഷ്ടപ്പെട്ടതും എൻറെ നന്മക്ക് വേണ്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ ബോധ്യപ്പെട്ടു. അപ്പോഴും പുഞ്ചിരിയോടെ മന്ത്രി പറഞ്ഞു, "എല്ലാം നല്ലതിന് ".

          അപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു, എൻറെ വിരൽ മുറിഞ്ഞപ്പോൾ നിങ്ങൾ 'ലഅല്ലഹു ഖൈർ' എന്നു പറഞ്ഞു. എന്നാൽ, നിങ്ങളെ ഞാൻ ജയിലിലടച്ചപ്പോൾ നിങ്ങളെന്തിനാ എല്ലാം നല്ലതിന് എന്ന് പറഞ്ഞത്. അപ്പോൾ മന്ത്രി പറഞ്ഞു: നിങ്ങളുടെ വിരൽ അറ്റപ്പോൾ ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളെന്നെ തുറുങ്കിലടക്കില്ലായിരുന്നു. നിങ്ങളെന്നെ തുറുങ്കിലടച്ചില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വീണ്ടും വേട്ടയാടാൻ വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളന്മാർ നമ്മെ രണ്ടുപേരെയും ബന്ദികളാക്കുകയും, അവസാനം വിരലില്ലാത്തതിൻറെ പേരിൽ നിങ്ങളെ വെറുതെ വിടുകയും എന്നെ വധിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഞാൻ അന്ന് പറഞ്ഞത് 'എല്ലാം നല്ലതിനാണ്' എന്ന്. 
ഇത് കേട്ട് രാജാവ് വളരെ സന്തോഷത്തോടെ പറഞ്ഞു, ലഅല്ലഹു ഖൈർ.

 #അലിഫ് അഹദ്

Friday, April 16, 2021

സൂഫീ ഗുരുവായ പിതാവ് തന്റെ മോനെ ഉപദേശിക്കുന്നു - Sufi Motivational Story in Malayalam

    
    ഒരിക്കൽ ഒരു സൂഫി ഗുരുവും തൻറെ മോനും കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അങ്ങനെ അവർ ഒരുപാട് ദൂരം യാത്ര ചെയ്തു. യാത്രക്കിടെ അവർ ഒരു ചെറുപട്ടണത്തിൽ പ്രവേശിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, വഴിയരികിൽ ഇരിക്കുന്ന ചില ആളുകൾ അവരോട് ചോദിച്ചു, നിങ്ങളെ കണ്ടിട്ട് സൂഫി ദർവീശുകളെ പോലെ തോന്നുന്നുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം! നിങ്ങൾക്ക് സൂഫികൾക്കുള്ള ഒരു സ്വഭാവവും ഇല്ലല്ലോ.. നിങ്ങളിൽ തീരെ കരുണ ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. നിങ്ങൾക്കത് ദയയില്ല. കാരണം, പാവം ആ കഴുതയുടെ മേലെ നിങ്ങൾ രണ്ടുപേരും യാത്ര ചെയ്യുന്നത് എത്ര കഷ്ടമാണ്. അതെത്ര ക്ഷീണിച്ചിട്ടുണ്ടാവും? ഇതുകേട്ട് ഗുരു മോനോട് പറഞ്ഞു, കുറച്ചപ്പുറത്തെത്തിയാൽ ഞാൻ ഇറങ്ങി നടക്കാം. മോൻ കഴുതപ്പുറത്തുതന്നെ ഇരുന്നോളൂ. അല്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ഇറങ്ങി കഴുതയുടെ കടിഞ്ഞാൺ പിടിച്ചു നടക്കാൻ തുടങ്ങി.

   അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു. കുറച്ചു സമയങ്ങൾക്കു ശേഷം, അവർ അടുത്ത ബസാറിൽ എത്തി. അപ്പോൾ അവിടെയും ചിലയാളുകൾ ഇരിക്കുന്നുണ്ട്. അവർ കഴുതപ്പുറത്തിരിക്കുന്ന മോനെ നോക്കി മുഖം ചുളിച്ചു. എന്നിട്ട് പറഞ്ഞു: എന്തൊരു മര്യാദയില്ലാത്ത ചെക്കൻ. സ്വന്തം പിതാവിനോട് അൽപമെങ്കിലും ബഹുമാനം മനസ്സിലുണ്ടെങ്കിൽ അവന് ഇങ്ങനെ ചെയ്യാൻ കഴിയുമോ? പിതാവ് താഴെ ഇറങ്ങി നടക്കുന്നു. അയാളുടെ മുഖത്തെ ക്ഷീണം കണ്ടോ.. എത്ര പാവമാണയാൾ. എന്നിട്ടും മോൻ കഴുതപ്പുറത്ത് കയറി വിലസുന്നു. ഇത് കേട്ട് പിതാവ് മോനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാരല്യ കുറച്ചപ്പുറത്തെത്തിയാൽ ഞാൻ കഴുതപ്പുറത്ത് കയറാം. അപ്പോൾ മോൻ നടന്നോണ്ടൂ.. അങ്ങിനെ, പിതാവ് കഴുതപ്പുറത്തും മോൻ കൂടെ നടക്കുകയുമായി. 

     അവർ വീണ്ടും യാത്ര തുടർന്നു. അടുത്ത അങ്ങാടിയിലെത്തിയപ്പോൾ അവിടെയും കുറച്ച് ആളുകൾ നിൽക്കുന്നുണ്ട്. അവർ അത്ഭുതം അഭിനയിച്ചുകൊണ്ട് പറഞ്ഞു, ദാ അങ്ങോട്ടു നോക്കൂ.. സ്വന്തം മോനോട് ഒരല്പം പോലും സ്നേഹമില്ലാത്ത പിതാവിനെ കണ്ടോളൂ.. ഇയാൾ എത്ര ക്രൂരനാണ്. മോനോട് കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ, കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇയാൾ ഇങ്ങനെ ചെയ്യില്ല. ആ കുട്ടി എത്ര ദയനീയമായാണ് നടക്കുന്നത്. ഇത് കേട്ടപ്പോൾ ആ പിതാവും മോനും ഒപ്പം ചിരിച്ചു. ഇതെന്തു കഥ! ആളുകൾക്ക് നാം എന്ത് ചെയ്താലും മോശം അഭിപ്രായമാണല്ലോ പറയാനുള്ളത്, മോൻ പറഞ്ഞു. അങ്ങനെ, രണ്ട് പേരും കഴുതപ്പുറത്തു നിന്നും ഇറങ്ങി നടക്കാൻ തീരുമാനിച്ചു. കാരണം, അങ്ങനെയെങ്കിലും ആളുകൾ സന്തോഷിക്കട്ടെ. 

      അവർ വീണ്ടും കുറച്ചു ദൂരം യാത്ര ചെയ്തു. അങ്ങനെ അടുത്ത ടൗണിൽ എത്തിയപ്പോൾ അവിടെയും ഇതുപോലെ കുറച്ച് ആളുകൾ നിൽക്കുന്നുണ്ട്. അവിടെയുള്ളവർ ഒന്നും പറയുന്നതിനു മുമ്പ് തന്നെ അവരെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. എന്നിട്ട് അവർ പറഞ്ഞു: ഇവരെന്ത് വിഡ്ഢികളാണ്. മന്ദബുദ്ധികൾ. നമുക്കൊന്നും യാത്ര ചെയ്യാൻ കഴുത ഇല്ലാത്തതു കൊണ്ടാണ്. ഇവർ കണ്ടില്ലേ, കഴുത ഉണ്ടായിട്ടും ഇറങ്ങി നടക്കുന്നു. പിന്നെന്തിനാണ് ഇവർക്കിതിനെ?! മോൻ ദേഷ്യത്തോടെ ആളുകളെ നോക്കി. അപ്പോൾ മഹാനായ ആ പിതാവ് മോൻറെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു: മോനേ.. ഇതാണ് ജനങ്ങളുടെ അവസ്ഥ. നാം എന്ത് ചെയ്താലും എന്ത് പറഞ്ഞാലും അതിലെല്ലാം നെഗറ്റീവുകൾ മാത്രം കണ്ട് എതിരഭിപ്രായം പറയാൻ ഒരുപാടാളുകളുണ്ടാവും. അതുകൊണ്ട് നമുക്ക് ചുറ്റുമുള്ള മുഴുവനാളുകളെയും സന്തോഷിപ്പിച്ചു കൊണ്ട തൃപ്തിപ്പെടുത്തി കൊണ്ടോ ഒരു കാര്യവും നമുക്ക് ചെയ്യാനാവില്ല. മോനേ നിൻറെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നേ ഉള്ളൂ. അതുകൊണ്ട്, ഇതിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് നീ ജീവിക്കണം. എന്ത് ചെയ്യുമ്പോഴും നിൻറെ മനസ്സാക്ഷിക്ക് യോജിക്കുന്നത് മാത്രം നീ ചെയ്യുക. എന്നാൽ നിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും മനപ്പൂർവ്വം മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതാവരുത്. മാത്രമല്ല, പ്രശസ്തിക്കുവേണ്ടി യോ ആളുകളുടെ പ്രശംസകൾ കേൾക്കാൻ വേണ്ടിയോ നീ ഒരു കാര്യവും ചെയ്യരുത്. അങ്ങനെ ചെയ്താൽ നിന്നിൽ നിന്നും ആത്മാർത്ഥത എന്ന നല്ല ക്വാളിറ്റി നഷ്ടപ്പെടും. അപ്പോൾ മോൻ ചോദിച്ചു:
പ്രശസ്തിക്കുവേണ്ടിയാണെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ പോരെ, ഫലം ഉണ്ടാവുമല്ലോ? സൂഫീ ഗുരുവായ പിതാവ് പറഞ്ഞു: ഫലമുണ്ടാകും. പക്ഷേ, ആ ഫലങ്ങളൊക്കെ നശ്വരമാണ്. ഒരൽപ്പ സമയത്തേക്ക് മാത്രം. കാരണം, നിനക്കുള്ളത് ഇങ്ങനെയുള്ള മോശം മനോഭാവമാണെങ്കിൽ നിന്നെ നിരീക്ഷിക്കുവാനും പ്രശംസിക്കുവാനും ആളുകൾ ഉണ്ടാകുമ്പോഴേ നീ നന്മ ചെയ്യാൻ ശ്രമിക്കുക യുള്ളൂ. അല്ലാത്ത സമയത്ത് നീ കുഴിമടിയനാവും. ഇത് കേട്ട് സംതൃപ്തനായി അവൻ തലയാട്ടി. പിതാവ് മോനെ നെറ്റിയിൽ ഒരു ചുംബനം അർപ്പിച്ചു.

#അലിഫ് അഹദ്

Thursday, April 15, 2021

നിധി കൂടെയുണ്ട്, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം - Sufi Motivational Story in Malayalam

         
         ഒരിക്കൽ ഒരാൾ തൻറെ ജീവിത പ്രാരാബ്ദം കാരണം നാടുവിടാൻ തീരുമാനിച്ചു. സാധാരണ കൂലിപ്പണി ചെയ്തൊന്നും ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവില്ല, വല്ല നിധിയും കിട്ടിയാലേ ജീവിതം തിരിച്ചുപിടിക്കാനാകൂ എന്നയാൾ വിശ്വസിച്ചു. 

    കെട്ട് പ്രായമെത്തിയ രണ്ട് പെൺമക്കളും ചെറിയ ഒരു മഴയിൽ പോലും ചോർന്നൊലിക്കുന്ന തൻറെ വീടും ചോരനീരാക്കിയുള്ള തന്റെ ദൈനംദിന ജോലിയും അയാൾക്ക് മടുത്തിരുന്നു. അതിനെല്ലാമുപരി, സ്വന്തം കുടുംബത്തിന്റെ കുത്തുവാക്കുകളും അയാളെ വല്ലാതെ തളർത്തി. 

       അങ്ങനെ, ഒരു പാട് ദിവസത്തെ മാനസിക തയ്യാറെടുപ്പിന് ശേഷം ആരോടും മിണ്ടാതെ ഒരു ദിവസം രാത്രി കുടുംബം ഉറങ്ങി കിടന്നപ്പോൾ അയാൾ വീടുവിട്ടിറങ്ങി. ആൽക്കമിസ്റ്റിലെ സാൻഡിയാഗോയെ പോലെ നിധി കിട്ടണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഒരുപാട് ദിവസം പലയിടങ്ങളിലായി അയാൾ അലഞ്ഞു നടന്നു. നിധിയെ കുറിച്ച് പലരോടും അന്വേഷിച്ചു. 

          സൂഫീ ഗുരുക്കന്മാരെയും സന്യാസിമാരെയുമൊക്കെ അയാൾ സമീപിച്ചു. നിധി എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ എന്നയാൾ അപേക്ഷിച്ചു. അവർ പറഞ്ഞു, നിധി നിൻറെ കൂടെ തന്നെയുണ്ട്. പക്ഷേ നീ തിരിച്ചറിയണമെന്ന് മാത്രം. അങ്ങനെ, പല രാത്രികളുമയാൾ ഉറങ്ങാതെ നടന്നു. ക്ഷീണം സഹിക്കാനാവാതെ വന്നപ്പോൾ ചില പകലുകളിൽ അയാൾ പല കടത്തിണ്ണകളിലും ഉറങ്ങി. വിശന്നപ്പോൾ പലരോടും കൈനീട്ടി. എങ്ങിനെയെങ്കിലും നിധി കൈവശപ്പെടുത്തണം.

          കുടുംബത്തെക്കുറിച്ചയാൾ ചിലനേരങ്ങളിൽ ഓർക്കും. അപ്പോൾ അയാൾ കരയും. ചിലപ്പോൾ പൊട്ടിച്ചിരിക്കും. ഭ്രാന്തനെപ്പോലെ. നിധി, നിധി എന്ന് മാത്രം അയാൾ ചിന്തിച്ച് നടന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം അയാൾ നിരാശനായി ഒരു കടൽക്കരയിലെത്തി. കടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അല്പം മനസ്സമാധാനം ലഭിക്കും എന്നയാൾക്ക് തോന്നി. സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ആളുകൾ ഒഴിഞ്ഞുകിടക്കുന്ന ആ കടൽതീരത്ത് മണലിൽ അയാളിരുന്നു. 

          തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചോർത്ത് സങ്കടപ്പെട്ടു. തൻറെ യാത്രയ്ക്ക് ഒരു അറ്റമുണ്ടാവില്ലേ എന്നയാൾ പരിതപിച്ചു. അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കെ അയാളുടെ കൈ എന്തോ ഒരു വസ്തുവിൽ തട്ടി. അരണ്ട വെളിച്ചത്തിൽ അയാൾ അതൊന്നു പൊക്കി നോക്കിയപ്പോൾ അതൊരു സഞ്ചിയായിരുന്നു. സഞ്ചിയിൽ നിറയെ ചിരൽകല്ലുകളാണ്. കുട്ടികൾ നിറച്ച തായിരിക്കും എന്നയാൾ ചിന്തിച്ചു. അങ്ങനെ തന്റെ മനസ്സിൽ ഓരോ വിചാരങ്ങൾ മിന്നിമറഞ്ഞു. അതിനിടെ അശ്രദ്ധയോടെ സാധാരണ പലരും ചെയ്യുന്നതുപോലെ ഇയാൾ സഞ്ചിയിലുള്ള ഓരോ കല്ലുകളും കടലിലേക്കെറിയാൻ തുടങ്ങി. കൂടുതൽ സങ്കടകരമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ മൂന്നും നാലും കല്ലുകൾ കൂട്ടത്തോടെ അയാളെറിഞ്ഞു.

        അവസാനം പ്രഭാതം പൊട്ടിവിടർന്നു. സൂര്യൻ മെല്ലെ മെല്ലെ തലപൊക്കി. സൂര്യപ്രകാശം അവിടമാകെ പരക്കാൻ തുടങ്ങി. അപ്പോൾ അയാളുടെ കയ്യിൽ ഒരു കല്ലു മാത്രം ബാക്കിയുണ്ടായിരുന്നു. അയാൾ വെറുതെ കടലിലേക്ക് നോക്കിയപ്പോൾ സൂര്യകിരണങ്ങൾ തട്ടി അത് വെട്ടി തിളങ്ങാൻ തുടങ്ങി. അൽഭുതം. അതൊരു അമൂല്യമായ രത്നക്കല്ലായിരുന്നു. രാത്രി മുഴുവൻ താൻ കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നത് ഈ രത്നകല്ലുകളായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഇയാൾ മോഹാലസ്യപ്പെട്ടു വീഴുകയും ഹൃദയം തകർന്നു മരിക്കുകയും ചെയ്തു എന്നാണ് കഥ.

           ഈ കഥയിൽ നിധി തേടി നടന്ന വ്യക്തിയെ നമുക്ക് നമ്മോട് തന്നെ ഉപമിക്കാം. നഷ്ടപ്പെടുത്തിയ ഓരോ രത്നങ്ങളും നാം വെറുതെ കളയുന്ന സമയങ്ങളായും അല്ലെങ്കിൽ നാം തിരിച്ചറിയാതെ പോകുന്ന നമുക്ക് ലഭിച്ച ദൈവീക അനുഗ്രഹങ്ങളായും, അല്ലെങ്കിൽ ദൈവം വിജയിക്കാനായി നമുക്ക് നൽകുന്ന ഓരോ സാധ്യതകളായും കണക്കാക്കാം. ഇവയെല്ലാം നഷ്ടപ്പെടുത്തി അവസാനം മരണം മുന്നിൽ കാണുമ്പോൾ ആയിരിക്കും പൊതുവേ നമുക്ക് ബോധം വരികയുള്ളൂ. വിജയിക്കാനുള്ള സാധ്യതകൾ എപ്പോഴും കൂടെയുണ്ട്. പക്ഷേ, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം.

#അലിഫ് അഹദ്

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...