ഈ നിമിഷമെത്രെ സമൃദ്ധം
ഈ നിമിഷമെത്രെസമൃദ്ധം...
എത്ര സമഗ്രം...
ഈ നിമിഷത്തിലെത്ര പേർ
ജനിച്ചിരിക്കും..
എത്ര പേർ
മരിച്ചിരിക്കും..
എത്ര പേർ
ജനനത്തിനു കാരണമായിരിക്കും..
എത്ര പേർ
മരണത്തിനും..
ഈ നിമിഷത്തിലെത്ര പേർ
കരഞ്ഞിരിക്കും..
എത്ര കണ്ണുനീർ തുള്ളികളിറ്റി
വീണുടഞ്ഞിരിക്കും..
എത്ര പേരാ കണ്ണീരുകൾ-
ക്കുത്തരവാദിയായിരിക്കും..
ഈ നിമിഷത്തിലെത്ര ചുണ്ടുകൾ ചിരിയാൽ
വിടർന്നിരിക്കും..
അതിലെത്ര ചിരികൾ
ആത്മാർത്ഥമായിരിക്കും..
എത്ര ചിരിക്കുള്ളിൾ
ചതിയൊളിപ്പിച്ചിരിക്കും..
അതോ
വേദനയൊളിച്ചിരിക്കും..
ഈ നിമിഷത്തിലെത്ര പേർ
മാതാവായ്
പിതാവായ്
കുഞ്ഞായ്
ഭാര്യയായ്
വരനായ്
മറ്റാരൊക്കെയായ്
മാറിയിരിക്കും.
ഈ നിമിഷത്തിലെത്ര
പൂക്കൾ വിടർന്നിരിക്കും...
വാടിയിരിക്കും...
എത്രയിലകൾ തളിർത്തിരിക്കും...
ഞെട്ടറ് വീണിക്കും...
എവിടെയെല്ലാം സൂര്യനുദിച്ചിരിക്കും...
ചന്ദ്രൻ
ശോഭ നിറച്ചിരിക്കും...
ഈ നിമിഷത്തിലെത്ര മഴത്തുള്ളികൾ വീണിരിക്കും...
എത്ര തിരയടിച്ചിരിക്കും...
എത്ര മിന്നൽ പിണരുകൾ
ഇടിനാദങ്ങളായ് മുഴങ്ങിയിരിക്കും.
ഈ നിമിഷത്തിലെത്ര പേർ
നരകജീവിതം പുൽകിയിരിക്കും.
എത്ര പേർ സാത്താനും
ഫിറൗനും നിംറോയുമായ്
തീർന്നിരിക്കും.
ഈ നിമിഷത്തിലെത്ര പേർ
ആത്മാനന്ദത്തിന്നുത്തുംഗത പ്രാപിച്ചിരിക്കും..
എത്രപേർ
സ്വർഗസ്ഥരായിരിക്കും..
എത്രപേർ ഹരിയും ജീസസും മോശയും പൂർണ്ണ മുഹമ്മദു-
മായിരിക്കും.
ഈ നിമിഷമെത്രെ
സമൃദ്ധം..
എത്ര സമഗ്രം..
നീതിയുമനീതിയും
ഇരുളും വെളിച്ചവും
ചൂടും തണുപ്പും
മഴയും വെയിലും
ശ്വാസവും നിശ്വാസവും
സുഖവും ദുഃഖവും
ചിരിയും കരച്ചിലും
ഇണക്കവും പിണക്കവും
ഉറക്കവുമുണർച്ചയും
ഉയർച്ചയും താഴ്ച്ചയും
വാടലും വിരിയലുമായ്
സമൃദ്ധമായീയൊരറ്റ നിമിഷത്തെ
ഛായാപടങ്ങളാക്കുകിൽ
അവയെത്രയുണ്ടാകും...
ഇത്രയും നിസ്‌തുലമായ്
സമഗ്രമായ്
സമൃദ്ധമായ്
സംപൂർണ്ണമായീ
നിമിഷത്തെ
സംവിധാനിച്ചവനെവിടെയുണ്ടാകും?
അവൻ
എവിടെയെന്നതിനു- മപ്പുറമുണ്ടാകും.!
~ അലിഫ് അഹദ്