ശേഷിപ്പുകളെല്ലാം മാഞ്ഞു പോയ പ്രണയം
റോസ് പൂവിന്റെ തണ്ടുകൾ ഈ കൈകളിൽ കണ്ടെന്ന് വരില്ല
പ്രേമലേഖനമെഴുതിയ കടലാസു കഷ്ണങ്ങളുമില്ല
ഇടവഴികളിൽ കാത്തിരിക്കുന്നതും കാണില്ല
മഷിത്തണ്ടുണങ്ങി
റോസാ പൂവിൻ ഇതളുകൾ ചാരമായി
പ്രണയ പുസ്തകം പുഴുക്കൾ തിന്നു
അടയാളങ്ങളില്ല
പുറംമോഡികളില്ല
കോപ്രായങ്ങളില്ല
ഞാനൊരു പ്രണയിയാണെന്ന വരുത്തിത്തീർക്കലുകളുമില്ല
ഇനിയിവിടെ ബാക്കിയുള്ളത്
ഒരു ഹൃദയം മാത്രമാണ്
പ്രണയം നരപ്പിച്ച ഒരു ഹൃദയം
ഗസലുകൾ ഇനി വേണമെന്നില്ല
വീണയുടെ തന്ത്രികൾ മീട്ടേണ്ടുമില്ല
പുറത്ത് മഴ ചാറാറില്ല
പൂക്കൾ വിരിയാറുണ്ടോ എന്ന് നോക്കാറില്ല
ഗിരിശൃംഗങ്ങളും കടൽ തീരങ്ങളും തിരഞ്ഞ് പോവാറില്ല
ഇനിയതിന്റെയാവശ്യമില്ല
പ്രണയം നരപ്പിച്ച ഹൃദയത്തിനീ ഉപാധികൾ വേണ്ട
നോർമലല്ല
ഭ്രാന്താണ്
എങ്കിലും നേർമ്മയായ മനസ്സാണ്
ഈ ഭ്രാന്തിന്റെ ലോകത്ത് കുത്തുവാക്കുകളില്ല
കൊലവിളികൾ കേൾക്കാനാവില്ല
കൊലമരത്തിൽ ചോര വാർന്നപ്പോഴും പ്രണയി ഹല്ലാജ് വിളിച്ചു പറഞ്ഞിരുന്നു
എന്നെ കൊല്ലാനാവില്ല
അനൽ ഹഖ്
ഇവിടെ ലക്ഷ്യം വേറെയാണ്
ഒരു ലക്ഷത്തിലൊരുത്തന്റെ ലക്ഷ്യം
അത് അങ്ങാടിയിൽ ഭ്രാന്താണ്
ചിരിക്കേണ്ടിടത്ത് കരയുന്നു
കരയേണ്ട നേരത്ത് ചിരിക്കുന്നു
വർണ്ണവെറിയില്ല,
വെളുത്തവന് കൂടുതൽ സ്ഥാനമില്ല
ജാതീയതയില്ല,
ഭരിക്കാനിവിടെ കുബേരവർഗ്ഗമില്ല
മതാന്ധതയുമില്ല,
മതരാജാക്കന്മാരുടെ മദം പൊട്ടാറില്ല
തെരുവിലെ പട്ടിയും വീട്ടിലെ പൂച്ചയും കോഴിയുമെല്ലാം കുടുംബാംഗം
ഖൽഖു ഇയാലുല്ലാഹ്
ഇതാ നരച്ച ഹൃദയത്തിന്റെ മന്ത്രം
ദിവ്യപ്രേമത്തിന്റെ
അന്ധവിശ്വാസിയാണ്
എന്നാൽ അക്രമകാരിയല്ല
റൂമിയും ജാമിയും ഇബ്നു അറബിയും
ഖുസ്റുവും വരച്ച വരയിലും
ഖാജായും ജീലാനിയും
പൊഴിച്ച പുഴയിലും
അടിപതറാതെയുലയാതെ
നിലയുറപ്പിക്കാനീ
നരച്ച ഹൃദയം വേണം
പ്രണയിക്കാൻ ഉപാധികൾ വേണ്ടാത്ത ഒരു നരച്ച ഹൃദയം
~ Alif Ahad