ഒരിക്കൽ ഒരാൾ തൻറെ ജീവിത പ്രാരാബ്ദം കാരണം നാടുവിടാൻ തീരുമാനിച്ചു. സാധാരണ കൂലിപ്പണി ചെയ്തൊന്നും ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവില്ല, വല്ല നിധിയും കിട്ടിയാലേ ജീവിതം തിരിച്ചുപിടിക്കാനാകൂ എന്നയാൾ വിശ്വസിച്ചു.
കെട്ട് പ്രായമെത്തിയ രണ്ട് പെൺമക്കളും ചെറിയ ഒരു മഴയിൽ പോലും ചോർന്നൊലിക്കുന്ന തൻറെ വീടും ചോരനീരാക്കിയുള്ള തന്റെ ദൈനംദിന ജോലിയും അയാൾക്ക് മടുത്തിരുന്നു. അതിനെല്ലാമുപരി, സ്വന്തം കുടുംബത്തിന്റെ കുത്തുവാക്കുകളും അയാളെ വല്ലാതെ തളർത്തി.
അങ്ങനെ, ഒരു പാട് ദിവസത്തെ മാനസിക തയ്യാറെടുപ്പിന് ശേഷം ആരോടും മിണ്ടാതെ ഒരു ദിവസം രാത്രി കുടുംബം ഉറങ്ങി കിടന്നപ്പോൾ അയാൾ വീടുവിട്ടിറങ്ങി. ആൽക്കമിസ്റ്റിലെ സാൻഡിയാഗോയെ പോലെ നിധി കിട്ടണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഒരുപാട് ദിവസം പലയിടങ്ങളിലായി അയാൾ അലഞ്ഞു നടന്നു. നിധിയെ കുറിച്ച് പലരോടും അന്വേഷിച്ചു.
സൂഫീ ഗുരുക്കന്മാരെയും സന്യാസിമാരെയുമൊക്കെ അയാൾ സമീപിച്ചു. നിധി എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ എന്നയാൾ അപേക്ഷിച്ചു. അവർ പറഞ്ഞു, നിധി നിൻറെ കൂടെ തന്നെയുണ്ട്. പക്ഷേ നീ തിരിച്ചറിയണമെന്ന് മാത്രം. അങ്ങനെ, പല രാത്രികളുമയാൾ ഉറങ്ങാതെ നടന്നു. ക്ഷീണം സഹിക്കാനാവാതെ വന്നപ്പോൾ ചില പകലുകളിൽ അയാൾ പല കടത്തിണ്ണകളിലും ഉറങ്ങി. വിശന്നപ്പോൾ പലരോടും കൈനീട്ടി. എങ്ങിനെയെങ്കിലും നിധി കൈവശപ്പെടുത്തണം.
കുടുംബത്തെക്കുറിച്ചയാൾ ചിലനേരങ്ങളിൽ ഓർക്കും. അപ്പോൾ അയാൾ കരയും. ചിലപ്പോൾ പൊട്ടിച്ചിരിക്കും. ഭ്രാന്തനെപ്പോലെ. നിധി, നിധി എന്ന് മാത്രം അയാൾ ചിന്തിച്ച് നടന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം അയാൾ നിരാശനായി ഒരു കടൽക്കരയിലെത്തി. കടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അല്പം മനസ്സമാധാനം ലഭിക്കും എന്നയാൾക്ക് തോന്നി. സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ആളുകൾ ഒഴിഞ്ഞുകിടക്കുന്ന ആ കടൽതീരത്ത് മണലിൽ അയാളിരുന്നു.
തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചോർത്ത് സങ്കടപ്പെട്ടു. തൻറെ യാത്രയ്ക്ക് ഒരു അറ്റമുണ്ടാവില്ലേ എന്നയാൾ പരിതപിച്ചു. അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കെ അയാളുടെ കൈ എന്തോ ഒരു വസ്തുവിൽ തട്ടി. അരണ്ട വെളിച്ചത്തിൽ അയാൾ അതൊന്നു പൊക്കി നോക്കിയപ്പോൾ അതൊരു സഞ്ചിയായിരുന്നു. സഞ്ചിയിൽ നിറയെ ചിരൽകല്ലുകളാണ്. കുട്ടികൾ നിറച്ച തായിരിക്കും എന്നയാൾ ചിന്തിച്ചു. അങ്ങനെ തന്റെ മനസ്സിൽ ഓരോ വിചാരങ്ങൾ മിന്നിമറഞ്ഞു. അതിനിടെ അശ്രദ്ധയോടെ സാധാരണ പലരും ചെയ്യുന്നതുപോലെ ഇയാൾ സഞ്ചിയിലുള്ള ഓരോ കല്ലുകളും കടലിലേക്കെറിയാൻ തുടങ്ങി. കൂടുതൽ സങ്കടകരമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ മൂന്നും നാലും കല്ലുകൾ കൂട്ടത്തോടെ അയാളെറിഞ്ഞു.
അവസാനം പ്രഭാതം പൊട്ടിവിടർന്നു. സൂര്യൻ മെല്ലെ മെല്ലെ തലപൊക്കി. സൂര്യപ്രകാശം അവിടമാകെ പരക്കാൻ തുടങ്ങി. അപ്പോൾ അയാളുടെ കയ്യിൽ ഒരു കല്ലു മാത്രം ബാക്കിയുണ്ടായിരുന്നു. അയാൾ വെറുതെ കടലിലേക്ക് നോക്കിയപ്പോൾ സൂര്യകിരണങ്ങൾ തട്ടി അത് വെട്ടി തിളങ്ങാൻ തുടങ്ങി. അൽഭുതം. അതൊരു അമൂല്യമായ രത്നക്കല്ലായിരുന്നു. രാത്രി മുഴുവൻ താൻ കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നത് ഈ രത്നകല്ലുകളായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഇയാൾ മോഹാലസ്യപ്പെട്ടു വീഴുകയും ഹൃദയം തകർന്നു മരിക്കുകയും ചെയ്തു എന്നാണ് കഥ.
ഈ കഥയിൽ നിധി തേടി നടന്ന വ്യക്തിയെ നമുക്ക് നമ്മോട് തന്നെ ഉപമിക്കാം. നഷ്ടപ്പെടുത്തിയ ഓരോ രത്നങ്ങളും നാം വെറുതെ കളയുന്ന സമയങ്ങളായും അല്ലെങ്കിൽ നാം തിരിച്ചറിയാതെ പോകുന്ന നമുക്ക് ലഭിച്ച ദൈവീക അനുഗ്രഹങ്ങളായും, അല്ലെങ്കിൽ ദൈവം വിജയിക്കാനായി നമുക്ക് നൽകുന്ന ഓരോ സാധ്യതകളായും കണക്കാക്കാം. ഇവയെല്ലാം നഷ്ടപ്പെടുത്തി അവസാനം മരണം മുന്നിൽ കാണുമ്പോൾ ആയിരിക്കും പൊതുവേ നമുക്ക് ബോധം വരികയുള്ളൂ. വിജയിക്കാനുള്ള സാധ്യതകൾ എപ്പോഴും കൂടെയുണ്ട്. പക്ഷേ, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം.
#അലിഫ് അഹദ്