Monday, April 12, 2021

കച്ചവടക്കാരനായ സൂഫി - Sufi Motivational Story in Malayalam

      ഈജിപ്തിൽ ഒരു പ്രമുഖനായ വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ സൂഫി മാർഗ്ഗം സ്വീകരിക്കുകയും ഈ വാർത്ത കാട്ടുതീപോലെ പരക്കുകയും ചെയ്തു. പലർക്കും അത് വിശ്വസിക്കാനായില്ല. അദ്ദേഹം ഒരിക്കലും അങ്ങനെയാവാൻ വഴിയില്ല എന്നായിരുന്നു പലരും പറഞ്ഞത്.

       അങ്ങനെയിരിക്കെ ഈജിപ്തിൽ നിന്നും ഒരു കച്ചവട സംഘം ബാഗ്ദാദിലേക്ക് പുറപ്പെട്ടു. കച്ചവടസംഘം സൂഫിയായ വ്യക്തിയുടെ ഒരു സുഹൃത്തിനെ കാണുകയും അദ്ദേഹത്തോട് ആ വിവരം പറയുകയും ചെയ്തു. നിന്റെ പഴയകാല സുഹൃത്തായിരുന്ന ഇന്നാലിന്ന വ്യക്തി ഇന്നൊരു സൂഫിയാണ്. തന്റെ സുഹൃത്ത് സൂഫിയായ വിവരമറിഞ്ഞ് സന്തോഷിച്ച ബഗ്ദാദ് കാരൻ ഉടനെ തന്നെ ഈജിപ്തിലേക്ക് പുറപ്പെട്ടു. 


       ഒരുപാട് ദിവസത്തെ യാത്രക്കൊടുവിൽ ഈജിപ്തിലെത്തിയ അദ്ദേഹം തന്റെ സൂഫിയായ സുഹൃത്തിനെ അന്വേഷിച്ച് നടന്നു. അവസാനം താൻ പഴയകാലത്ത് കച്ചവടം ചെയ്തിരുന്ന അതേ കടയിൽ അതേ വേഷത്തിൽ അദ്ദേഹം നിൽക്കുന്നത് കണ്ട് അത്ഭുതപ്പെട്ട ബാഗ്ദാദുകാരനായ വ്യക്തി ചോദിച്ചു, നീയൊരു സൂഫിയായി എന്ന് അറിഞ്ഞിട്ടാണല്ലോ ഞാൻ ഇത്രയും ദൂരം കഷ്ടപ്പെട്ട് വന്നത്. പക്ഷേ, എൻറെ യാത്രയെല്ലാം വെറുതെയായിപ്പോയല്ലോ.. കാരണം നിന്റെ വേഷത്തിലോ ഭാവത്തിലോ ഒന്നും എനിക്ക് സൂഫിസം കാണാൻ കഴിയുന്നില്ലല്ലോ.. ചോദ്യം കേട്ടുകൊണ്ട് ബാഗ്ദാദുകാരനായ തൻറെ സുഹൃത്തിൻറെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് വ്യാപാരിയായ സൂഫി
പറഞ്ഞു, എൻറെ സൂഫിസം എന്നെ ബാധിച്ചത് എൻറെ വേഷത്തെയോ ഭാവത്തെയോ അല്ല. മറിച്ച് എൻറെ ഹൃദയത്തെയാണ്. 
പണ്ട് എനിക്ക് എൻറെ കച്ചവടത്തിൽ വല്ല നഷ്ടവും സംഭവിക്കുകയാണെങ്കിൽ ഞാൻ വല്ലാതെ ദുഃഖിതനാവുമായിരുന്നു. ആരെങ്കിലും എൻറെ കടയിൽ വന്ന് കടം പറഞ്ഞ് വല്ല സാധനവും വാങ്ങി കൊണ്ടു പോയാൽ ഞാൻ പിറുപിറുക്കുമായിരുന്നു. എനിക്ക് ആരെങ്കിലും പണം തരാൻ ഉണ്ടെങ്കിൽ ഏതു മാർഗ്ഗത്തിലൂടെയും ഞാൻ അവൻറെ കയ്യിൽ നിന്നും ആ പണം തിരിച്ചു വാങ്ങുമായിരുന്നു. അവൻറെ അവസ്ഥ ഒരിക്കൽപോലും ഞാൻ അന്വേഷിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ അങ്ങനെയല്ല.
എന്റെ വ്യാപാരത്തിൽ
നഷ്ടം സംഭവിക്കുകയോ, ആരെങ്കിലും കടം വാങ്ങുകയോ ചെയ്താലും അതൊന്നും എന്റെ സ്വസ്ഥതയെ ബാധിക്കുന്ന വിഷയമല്ല. കാരണം ഞാനിന്ന് ഒരാളുമായി പ്രണയത്തിലാണ്. എൻറെ പ്രണയഭാജനം എനിക്ക് വിധിച്ചത് മാത്രമേ എനിക്ക് സംഭവിക്കുകയുള്ളൂ എന്നും, എൻറെ പ്രണയഭാജനം എനിക്ക് നന്മയല്ലാതെ ഒന്നും വിധിക്കില്ല എന്നും എനിക്ക് ഉറപ്പാണ്.
 ഏത് സമയത്തും അവൻറെ നാടകങ്ങളെ, അവൻറെ പ്രവർത്തനങ്ങളെ വീക്ഷിച്ചുകൊണ്ട് പുഞ്ചിരി തൂകി ജീവിക്കാൻ എൻറെ ഉള്ളിലുള്ള സൂഫിസം എന്നെ പഠിപ്പിച്ചു. അതുകൊണ്ട് എൻറെ ഹൃദയത്തെയാണ് എൻറെ സൂഫിസം പരിവർത്തനപ്പെടുത്തിയത്. അല്ലാതെ എൻറെ വേഷത്തെയോ എൻറെ രൂപയോ എൻറെ ജോലിയെയോ അല്ല.

       സൂഫീ ഗുരുക്കന്മാരുടെ ഗുരുവര്യരായ പ്രവാചകർ (സ) പറഞ്ഞു: ദൈവം നിങ്ങളുടെ വേഷത്തിലേക്കോ നിങ്ങളുടെ രൂപത്തിലേക്കോ നോക്കുന്നില്ല. അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്.

1 comment:

  1. മാഷഅല്ലാഹ്. എന്തുകൊണ്ടോ ഈ വാചകങ്ങൾ മനസ്സിനെ വല്ലാ കീറിമുറിക്കുന്നു.. എന്നോട് ഇത് നിനക്കുള്ളതാണെന്ന് പറയാതെ പറയും പോലെ

    ReplyDelete

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...