ഫഖ്റുദ്ദീൻ അർ-റാസി എന്ന വിശ്വപ്രസിദ്ധ പണ്ഡിതരെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും.ഇസ്ലാമിക ജ്ഞാനലോകത്തെ അത്ഭുത പ്രതിഭയായിരുന്നു അദ്ധേഹം.
ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് അഥവാ പരിഷ്കർത്താവ് എന്നറിയപ്പെട്ട മഹാൻ കൈ വെക്കാത്ത വൈജ്ഞാനിക ശാഖകൾ ഉണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു.
തഫ്സീറുൽ കബീർ എന്ന അദ്ധേഹത്തിന്റെ ഖുർആൻ വ്യാഖ്യാനം ബൃഹത്തായ ഒരു ഗ്രന്ഥം തന്നെയാണ്.
തത്വശാസ്ത്രത്തിലും ആത്മീയതയിലും അറബി ഭാഷാ സാഹിത്യത്തിലും ഭൂമിശാസ്ത്രം ഗോളശാസ്ത്രം പ്രകൃതി ശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം
ഇവയെല്ലാം തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായാണ് നിർവ്വഹിച്ചത്.
പ്രപഞ്ചനാഥന്റെ അസ്തിത്വത്തെ കുറിച്ചും നാഥന്റെ വിശേഷണങ്ങളെ കുറിച്ചും അദ്ദേഹം കൂടുതൽ ചിന്തിക്കുകയും
തന്റെ കാലഘട്ടത്തിലെ നിരീശ്വര - യുക്തിവാദികളെ തന്റെ ധിഷണാവൈഭവം കൊണ്ട് മുട്ട് മുത്തിക്കുകയും ചെയ്തു.
പ്രപഞ്ചനാഥന്റെ അനിവാര്യവും അനിഷേധ്യവുമായ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന ആയിരക്കണക്കിന് തെളിവുകൾ സമർത്ഥിക്കുന്ന അദ്ധേഹത്തിന്റെ വിശ്വപ്രസിദ്ധമായ മറ്റൊരു ഗ്രന്ഥമാണ് അൽ-മത്വാലിബുൽ ആലിയ.
ആ മഹാനുഭാവനുമായി ബന്ധപ്പെട്ട ഒരു കഥയാണ് നാം ഇന്ന് പറയുന്നത്.
ഒരിക്കൽ ഇമാം റാസി ഒരു റോഡിലൂടെ നടന്ന് പോവുകയായിരുന്നു.
അപ്പോൾ റോഡരികിൽ നിൽക്കുന്ന ഒരു വൃദ്ധയായ സ്ത്രീ ഇമാം റാസി തങ്ങളെ കാണാനിടയായി.
ഇമാമിന്റെ പിന്നിൽ അകമ്പടി സേവിച്ചുകൊണ്ട് ഒരുപാട് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു.
വളരെ അച്ചടക്കത്തോടെയും ആദരവോടെയും നിശബ്ദരായാണ് അവർ നടക്കുന്നത്.
കാരണം വിശ്വോത്തര പണ്ഡിതനായ തങ്ങളുടെ ഇമാമിന്റെ ഓരോ വാക്കുകളും അവർക്ക് അമൂല്യ നിധി പോലെയായിരുന്നു.
അദ്ദേഹം എന്ത് പറഞ്ഞാലും അവർ തങ്ങളുടെ പുസ്തകങ്ങളിൽ അവ എഴുതി വച്ചു.
ഇമാം റാസിയുടെ ശിഷ്യരാണ് എന്ന് പറയാൻ അവർക്കെല്ലാം വലിയ അഭിമാനമായിരുന്നു.
കാരണം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ബൗദ്ധിക സംവാദങ്ങിളിൽ അദ്ധേഹത്തെ പരാജയപ്പെടുത്താൻ ഒരു യുക്തിവാദികൾക്കോ ചിന്തകർക്കോ കഴിഞ്ഞിരുന്നില്ല.
വഴിയിലുളള ആളുകളെല്ലാം വളരെ ഭവ്യതയോടെയാണ്
ഇമാമിനെ വരവേൽക്കാറുള്ളത്.
ഈ മഹാനായ പണ്ഡിതരും ശിഷ്യരും ആരെന്ന് അറിയാത്ത ഗ്രാമീണയായ ആ വൃദ്ധ മാതാവ് വളരെ കൗതുകത്തോടെ കൂട്ടത്തിലുള്ള ഒരു ശിഷ്യനെ വിളിച്ചു കൊണ്ട് ചോദിച്ചു:
എന്റെ മോനേ..
ഇദ്ദേഹം ആരാണ്?
ഇത് കേട്ട ശിഷ്യൻ കോപാകുലനായി.
ദേഷ്യത്തോടെ പറഞ്ഞു:
കഷ്ടം,
ഇദ്ദേഹം ആരാണെന്ന് നിങ്ങൾക്കറിയില്ലേ..
പ്രപഞ്ചനാഥൻ ഉണ്ട് എന്നതിന്റെ ആയിരമായിരം തെളിവുകൾ വ്യക്തമായറിയുന്ന മഹാജ്ഞാനിയായ ഇമാം റാസിയാണ് ഇദ്ദേഹം.
അപ്പോൾ ആ വൃദ്ധമാതാവ് മറുപടിയായി പറഞ്ഞ
അവരുടെ വാക്കുകൾ വളരെ അത്ഭുതപ്പെടുത്തുന്നതും പിൽക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചതുമായ വാക്കുകളായിരുന്നു.
മഹതി പറഞ്ഞു:
എന്റെ പൊന്നു മോനെ,
പ്രപഞ്ചനാഥനായ ദൈവം ഉണ്ടോ ഇല്ലയോ എന്ന ആയിരമായിരം സംശയങ്ങൾ അദ്ദേഹത്തിൽ ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന് ആയിരം തെളിവുകളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല.
മോനെ, നിനക്ക് പ്രപഞ്ചനാഥനിൽ സംശയമുണ്ടോ?
ശിഷ്യൻ പറഞ്ഞു: ഇല്ല.
ഈ വൃദ്ധമാതാവിന്റെ സംസാരം ഇമാം റാസി തങ്ങൾ കേട്ടപ്പോൾ അദ്ധേഹം നാഥനിലേക്ക് കൈയ്യുയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു..
നാഥാ... ആ കിഴവികളെ പോലെയുള്ളവരുടെ വിശ്വാസം ഞങ്ങൾക്കും നൽകണേ..
യഥാർത്ഥത്തിൽ സ്ഥലകാലങ്ങൾക്കതീതനായ നാഥനെ സ്ഥലകാലങ്ങൾക്കതീനമായ തെളിവുകൾ കൊണ്ട് സമർത്ഥിക്കുക അസാധ്യമാണ്.
പദാർത്ഥ ലോകത്തു ചർച്ച ചെയ്യപ്പെടുന്ന തെളിവുകൾ നാഥനെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്.
കാരണം പദാർത്ഥങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ ഹൃദയനാഥൻ രൂപഭേതങ്ങളിൽ നിന്ന് പരിശുദ്ധനാണ്.
അതുകൊണ്ട് പദാർത്ഥങ്ങളിൽ ദൈവത്തിന് തെളിവുകൾ തിരഞ്ഞ് സമയം കളയുന്നതിന് പകരം
സൃഷ്ടികളായ പദാർത്ഥങ്ങളിലൂടെ പദാർത്ഥനാഥനെ പ്രണയിക്കാൻ ശ്രമിക്കുക.
ചേതന അചേതന വസ്തുക്കളേതിലും അന്യായമായി കൈകടത്തലുകൾ നടത്താതിരിക്കുക.
അപ്പോൾ പ്രപഞ്ചനാഥൻ ആരാണെന്ന് ഹൃദയ ബോധ്യം വരും.
ആ ബോധ്യം വന്നു കഴിഞ്ഞാൽ അന്യരാക്കി അകറ്റി നിർത്താൽ ലോകത്ത് ഒന്നുമുണ്ടാവില്ല.
എല്ലാം തന്റെ കുടുംബമായി മാറും.