Wednesday, June 15, 2022

ശരീരത്തിലെ ഏറ്റവും നല്ല അവയവം നാവ് | ഏറ്റവും ചീത്ത അവയവവും നാവ് | Sufi Motivational Story in Malayalam | Luqman Al Hakeem | Alif Ahad

ഗുരു ലുഖ്മാനുൽ ഹക്കീം അടിമയായിരിക്കെ തന്റെ യജമാനൻ ഒരാടിനെ അറുക്കുവാൻ വേണ്ടി നൽകി.
ശേഷം കൽപ്പിച്ചു: ഈ ആടിന്റെ ഏറ്റവും നല്ല ഭാഗം വേവിച്ച് കൊണ്ട് വരുക.
അപ്പോൾ ലുഖ്മാനുൽ ഹകീം (റ) ആടിനെ അറുത്ത ശേഷം അതിന്റെ നാവെടുത്ത് വേവിച്ച് യജമാനന് നൽകി.
പോഷക സമൃദ്ധമായ മറ്റു പല ഭാഗങ്ങളുമുണ്ടായിട്ടും എല്ലാവരും വെറുക്കുന്ന നാവ് വേവിച്ചത് കണ്ട യജമാനൻ ദേഷ്യപ്പെട്ട് അദ്ദേഹത്തെ ചീത്ത വിളിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞ ശേഷം യജമാനൻ അദ്ദേഹത്തെ വിളിച്ച് മറ്റൊരാടിനെ നൽകി.
അന്ന് അയാൾ പറഞ്ഞത് എനിക്ക് ഈ ആടിന്റെ ഏറ്റവും വൃത്തികെട്ട ഭാഗമാണ് വേണ്ടത്.
കൊണ്ടുവരൂ...

അന്നും ലുഖ്മാൻ (റ) ആടിനെ അറുത്ത് അതിന്റെ നാവ് തന്നെയാണ് കൊണ്ടുവന്നത്.

കൗതുകത്തോടെ യജമാനൻ ചോദിച്ചു.
അന്നൊരിക്കൽ ഞാൻ ഏറ്റവും നല്ല അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
ഇന്ന് ഞാൻ ഏറ്റവും ചീത്ത അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
എന്താണ് കാരണം!?

ഗുരു ലുഖ്മാൻ പറഞ്ഞു:
നല്ലതെങ്കിൽ ഏറ്റവും നല്ല അവയവം നാവാണ്.
ചീത്തയായാലോ,
ആ നാവിനേക്കാൾ വൃത്തികെട്ട മറ്റൊരവയവമില്ല.
അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യാൻ കാരണം.

ജീവിതത്തിൽ നാം ദുഃഖിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിൽ വലിയൊരു പങ്കും നമ്മുടെ നാവിനായിരിക്കും.
അതുകൊണ്ടാണ് ഖലീഫ ഉമർ (റ) പറഞ്ഞത്:
ഞാൻ 
സംസാരിച്ചതിന്റെ 
പേരിൽ 
പലപ്പോഴും എനിക്ക്
ഖേദിക്കേണ്ടി
വന്നിട്ടുണ്ട്.
എന്നാൽ
മിണ്ടാതിരുന്നതിന്റെ
പേരിൽ
എനിക്കൊരിക്കലും
ഖേദിക്കേണ്ടി 
വന്നിട്ടില്ല. 

ബുദ്ധിമാൻ ചിന്തിച്ചതിന് ശേഷം സംസാരിക്കുന്നു.
എന്നാൽ ബുദ്ധിശൂന്യൻ സംസാരിച്ചതിന് ശേഷമേ ചിന്തിക്കുകയൊള്ളു എന്ന മഹദ് വചനം എത്ര അർത്ഥവത്താണ്.

വാക്കുകൾ കൊണ്ടുള്ള മുറിവുകൾ ഉണങ്ങാൻ ഒരുപാട് നാളെടുക്കും എന്ന് നാം പറയാറുണ്ട്.
ഈ വാക്യം കേൾക്കുമ്പോൾ നാം നമ്മുടെ വാക്കു കൊണ്ട് മറ്റുള്ളവർക്ക് മുറിവായാൽ അതു മാറാൻ കുറേകാലമെടുക്കും എന്നാണ് നാം എപ്പോഴും മനസ്സിലാക്കാറുള്ളത്.
അത് ശരിയാണ്.
മുറിവാകുന്നത് മറ്റുള്ളവർക്കല്ലേ എന്ന് ചിന്തിക്കുമ്പോൾ ഒരാശ്വാസവും ഉള്ളിന്റെ ഉള്ളിൽ ചിലപ്പോൾ തോന്നിയേക്കാം.

എന്നാൽ നമ്മുടെ നാവു കാരണം ഒരാളുടെ മനസ്സിൽ മുറിവായാൽ 
അതിനേക്കാൾ ആഴമുള്ള ഒരു മുറിവ് നമ്മുടെ ഹൃദയത്തിൽ സംഭവിക്കുന്നു.
ആ മുറിവ് നാം തിരിച്ചറിഞ്ഞെന്ന് വരില്ല.

നമ്മുടെ ഹൃദയത്തിലെ ആ മുറിവുകൾ സുഖപ്പെടാതെ ഹൃദയനാഥന്റെ ഇശ്ഖിന്റെ മുറ്റത്ത് ഒരിക്കലും ഒരുമിച്ച് കൂടാൻ സാധിക്കില്ല.
ആ മുറിവുകൾ നമ്മെ എപ്പോഴും വേട്ടയാടിക്കൊണ്ടേയിരിക്കും.

സംസാരം മൗനത്തേക്കാൾ ശ്രേഷ്ഠമാകുന്നത് എപ്പോഴാണോ
അപ്പോൾ മാത്രം സംസാരിക്കാം.

"ഒന്നുകിൽ നല്ലത് സംസാരിക്കുക,
അല്ലെങ്കിൽ നീ മിണ്ടാതിരിക്കുക" എന്ന
മുത്ത് നബിയുടെ വാക്ക് ജീവിതത്തിൽ പകർത്താം.
നാവിന്റെ വിപത്തുകളെ ഭയന്ന് കല്ല് കടിച്ച് പിടിച്ച് നടന്ന സിദ്ധീഖുൽ അക്ബറെന്ന മഹാ പുരുഷന്റെ വഴിയെ പിന്തുടരാം.

നാവിലെ മൗനം ഹൃദയത്തിലേക്കും വ്യാപിക്കട്ടെ.
അങ്ങനെ പ്രക്ഷുബ്ധമായ ഹൃദയം ശാന്തിയുടെ ഇടമായി പരിണമിക്കട്ടെ.

അപ്പോൾ ആ ഹൃദയം ഖൽബുൻ സലീം എന്ന ഉന്നതമായ അവസ്ഥയിൽ വിരാചിക്കും.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...