പ്രപഞ്ചനാഥന്റെ പ്രണയത്തിലായി
ബലി കഴിപ്പിക്കുന്നതിന്റെ
പ്രതീകാത്മക രൂപമാണ് ബലിപെരുന്നാളിലെ മൃഗബലി.
നിങ്ങളറുത്ത മൃഗത്തിന്റെ മാംസമോ രക്തമോ പ്രപഞ്ച നാഥനിലേക്ക് എത്തുകയില്ല,
എന്നാൽ നിങ്ങളുടെ ഹൃദയനാഥനിലേക്ക് നിങ്ങളുടെ
ഭക്തി മാത്രമാണ് എത്തുക.
നിങ്ങളുടെ പ്രണയമാണ് പ്രണയ സമ്മാനമായി അവനിൽ എത്തുക.
ഉള്ഹിയത് അറുക്കപ്പെട്ട മൃഗത്തിന്റെ മാംസം വരട്ടിയത് വെച്ച പാത്രത്തിന്റെ മുമ്പിലിരിക്കുമ്പോൾ അറിയാം തന്റെ ആഗ്രഹങ്ങളെ എത്രത്തോളം ബലികഴിച്ചിട്ടുണ്ട് എന്ന്.
വിശുദ്ധമായതും നീതിപൂർണ്ണമായതും അല്ലാത്ത എല്ലാ ആഗ്രഹങ്ങളും ബലി കഴിക്കേണ്ടത് തന്നെയാണ്.
ഭക്ഷണം ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയുള്ളതാണ്.
ആവശ്യത്തിലതികം കഴിക്കാനുള്ള ആഗ്രഹം ബലികഴിക്കേണ്ടതാണ്.
അന്യന്റെ അവകാശത്തിൽ നിന്നും കഴിക്കാനുള്ള പ്രവണതയും ബലി കഴിക്കേണ്ടതാണ്.
കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകളിൽ അധികവും അന്യന്റെ ന്യൂനതകളായിരിക്കും, അശ്ലീലങ്ങളായിരിക്കും, അപരന്റെ ഭാര്യയെയും അപരയുടെ ഭർത്താവിനെയും ആയിരിക്കും.
നീതിയുക്തവും സുന്ദരവും ശാന്തമായ ഭാവിക്ക് കാരണമാവുന്നതുമായ കാഴ്ചകൾ മാത്രം കാണാൻ ദുഷിച്ച കാഴ്ചകളെ മുഴുവൻ നാഥന് വേണ്ടി ബലി കഴിക്കണം.
കാതിനധികവും കേൾക്കാൻ സുഖം മറ്റുള്ളവരെ കുറിച്ചുള്ള ഏഷണിയും പരദൂഷണവുമായിരിക്കും.
തന്നെ ആരെങ്കിലും പൊക്കിപ്പറയുന്നത് കേൾക്കുമ്പോഴുള്ള ഒരു ഹരം അത് വേറെത്തന്നെയാണ്.
ആരെയെങ്കിലും കളിയാക്കുന്നതും ട്രോളുന്നതും കേൾക്കുതിൽ ആനന്ദം കണ്ടെത്തുന്ന കോടിക്കണക്കിന് ജനങ്ങളുള്ളത് കൊണ്ട് ഇന്ന് മീഡിയകൾ അനുസ്യൂതം ചലിച്ചു കൊണ്ടിരിക്കുന്നു.
നാവിനു രസം ബീഫ്, മട്ടൻ, ചിക്കൻ ഇറച്ചികളെക്കാൾ മനുഷ്യന്റെ പച്ചയിറച്ചിയാണ്.
സത്യം പറയുന്നതിലേറെ നാവിനു കൊതി കള്ളം പറയാനാണ്.
അശ്ലീല വാക്കുകൾ ഡയലോഗുകളിൽ കൊണ്ടുവരുന്നത് പുതിയ കാലത്തെ എന്റേർട്ടെെൻമെന്റിന്റെ ഭാഗമായതു കൊണ്ട് അത് പറയാത്തവനും അത് തിരിയാത്തവനും പഴഞ്ചനാണ്.
വാക്കുകൾ മധുരമുള്ളതും ശുദ്ധവും ദിവ്യ സംഗീതവുമായിരിക്കണം.
അശുദ്ധമായ വാക്കുകളെല്ലാം നാഥന്റെ പ്രണയത്തിനു മുമ്പിൽ ബലി കഴിക്കണം.
ഇങ്ങനെ ജീവിതത്തിന്റെ നിഖില മേഘലകളിലും നാഥന്റെ സാമീപ്യം നഷ്ടപ്പെടുന്ന മുഴുവൻ കാര്യങ്ങളെലും അവിടുത്തെ പ്രീതിക്ക് വേണ്ടി ബലികഴിക്കലാണ് യഥാർത്ഥ ഉള്ഹിയ്യത്.
ഒരാൾക്ക് ഇവയെല്ലാം ഒറ്റ നിമിഷത്തിൽ തന്നെ ബലികഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവയെ ഏഴ് ഭാഗമാക്കി തിരിച്ച് ഓരോന്നോരോന്ന് ബലി കഴിക്കണം.
ബലിയെ മറ്റൊരർത്ഥത്തിൽ ഇങ്ങനെ പറയാം.
നാഥൻ കരുണാർദ്രമായി നൽകികൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളെയും പ്രണയാർദ്രമായ നിമിഷങ്ങളായി നാഥന് തന്നെ തിരിച്ചു നൽകലാണ് ബലി.
No comments:
Post a Comment
🌹🌷