അപവാദങ്ങൾ പറഞ്ഞവനോട് ഗുരു നിർദ്ദേശിച്ച പരിഹാര ക്രിയ
മറ്റുള്ളവരെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു.
അയാൾ ഒരിക്കൽ ചിന്തിച്ചു, ഞാൻ ഈ ചെയ്യുന്നത് എത്ര മോശമാണ്.
എത്രയെത്ര ആളുകളുടെ മനസ്സ് ഞാൻ വേദനിപ്പിച്ചു.
എനിക്ക് എങ്ങനെയെങ്കിലും ഈ ദുഷിച്ച സ്വഭാവത്തിൽ നിന്നും രക്ഷ നേടണം.
അങ്ങനെ അയാൾ, താൻ ഇത്രയും നാൾ നടത്തിയ അപവാദ പ്രചാരണങ്ങൾക്ക് പകരമായി ആ ദോഷങ്ങൾ പൊറുത്തു കിട്ടുവാൻ എന്തെങ്കിലും പരിഹാരക്രിയകൾ ചെയ്യുവാൻ വേണ്ടി ഒരു സൂഫി ഗുരുവിനെ സന്ദർശിച്ചു.
സൂഫി ഗുരുവിനോട് അദ്ദേഹം പറഞ്ഞു: ഞാൻ ഒരുപാട് ആളുകളെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നവനാണ്.
ഞാൻ കാരണം പലരും ദുഃഖിച്ചിട്ടുണ്ട്.
അതുകൊണ്ട് എനിക്ക് വല്ല പരിഹാരക്രിയകളും പറഞ്ഞു തരണേ...
ഒരല്പ സമയം കണ്ണടച്ച് മൗനിയായി ഇരുന്നുകൊണ്ട് മഹാനായ സൂഫീ ഗുരു പറഞ്ഞു, മോനേ നീ ഒരു കുട്ട നിറയെ പക്ഷികളുടെ തൂവലുകൾ ശേഖരിക്കണം.
ശേഷം അതുമായി നീ ഒഴിഞ്ഞ മരുഭൂമിയിലേക്ക് പോകണം. നിന്റെ കുട്ടയിലുള്ള മുഴുവൻ തൂവലുകളും നീ അവിടെ കളഞ്ഞിട്ട് വരണം.
വളരെ സന്തോഷത്തോടുകൂടി ഗുരുവിൻറെ സന്നിധാനത്തിൽ നിന്നും അയാൾ മടങ്ങി.
അയാൾ ചിന്തിച്ചു വളരെ ഈസിയായിട്ടുള്ള ഒരു കാര്യമാണല്ലോ ഗുരു എന്നോട് കൽപ്പിച്ചത്.
അങ്ങനെ അയാൾ ഒരുപാട് പക്ഷി തൂവലുകൾ ശേഖരിച്ച് ഒരു കുട്ടയിൽ നിറച്ചു.
ശേഷം കുട്ടയുമായി ഒഴിഞ്ഞ ഒരു മരുഭൂമിയിലേക്ക് ചെന്നു.
എന്നിട്ട് കുട്ടയിൽ ഉണ്ടായിരുന്ന മുഴുവൻ തൂവലുകളും അയാൾ അവിടെ ഉപേക്ഷിച്ചു.
ശേഷം ഗുരുവിൻറെ സന്നിധിയിലേക്ക് വീണ്ടും തിരിച്ച് ചെന്നു കൊണ്ട് അയാൾ പറഞ്ഞു: ഗുരുവേ, നിങ്ങൾ പറഞ്ഞതുപോലെ മുഴുവൻ കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട്.
ഇനി എനിക്ക് പോകാമല്ലോ?
അപ്പോൾ മഹാനായ സൂഫി ഗുരു പറഞ്ഞു.
പോകാൻ ആയിട്ടില്ല.
ഇനി നീ ചെയ്യണ്ടേത് എന്തെന്നാൽ,
വീണ്ടും കുട്ടയുമായി ആ തൂവലുകൾ ഉപേക്ഷിച്ച മരുഭൂമിയിലേക്ക് തന്നെ നീ മടങ്ങണം.
അവിടെ എത്തിയ ശേഷം നീ ഉപേക്ഷിച്ച എല്ലാ തൂവലുകളും കുട്ടിയിലേക്ക് നീ തിരിച്ചു നിറക്കണം.
ഇത് കേട്ടുകൊണ്ട് സങ്കടത്തോടെ അയാൾ ആ മരുഭൂമിയിലേക്ക് നടന്നു.
ഇനിയൊരിക്കലും ആ തൂവലുകൾ തനിക്ക് കിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായിരുന്നു.
ഒരുപാട് സമയം തിരഞ്ഞപ്പോൾ ഒന്നോ രണ്ടോ അവിടെയും ഇവിടെയും തങ്ങിനിന്ന തൂവലുകൾ മാത്രം അയാൾക്ക് ലഭിച്ചു.
ദുഃഖത്തോടെ ഗുരുവിൻറെ മുന്നിലേക്ക് തിരിച്ചെത്തിയ അയാൾ പറഞ്ഞു: ഗുരുവേ, എനിക്ക് ഇത്രയേ കിട്ടിയുള്ളൂ.
അപ്പോൾ ഗുരു പറഞ്ഞു:
മോനേ... നമ്മുടെ നാവിൽ നിന്ന് വരുന്ന വാക്കുകളും ഇതുപോലെയാണ്.
ഒരിക്കൽ കൈവിട്ടുപോയാൽ പിന്നീട് ഒരിക്കലും അത് തിരിച്ചെടുക്കാനാവില്ല.
നാം മറ്റൊരാളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നാൽ,
കേൾക്കുന്നവർ അത് ഏറ്റെടുക്കുകയും ചെയ്താൽ, അവരത് പ്രചരിപ്പിക്കുക തന്നെ ചെയ്യും.
നിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയ തൂവലുകൾക്ക് സമാനമായി അപവാദങ്ങൾ പറന്നുനടന്നു കൊണ്ടേയിരിക്കും.
പിന്നീട് നമുക്ക് കുറ്റബോധം തോന്നുകയും അത് തിരിച്ചെടുക്കാൻ നാം ശ്രമിക്കുകയും ചെയ്താൽ പോലും നമുക്ക് തിരിച്ചെടുക്കാനാവില്ല.
അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളിലക്കേ നീ ഇനി ഒരിക്കലും മടങ്ങരുത് എന്ന് ഗുരു ആ ശിഷ്യനോട് ഉപദേശിച്ച് തിരിച്ചയച്ചു.
നന്ദി.
No comments:
Post a Comment
🌹🌷