Tuesday, April 20, 2021

ഓരോ നിമിഷവും അമൂല്യമാണ് - Sufi Motivational Story in Malayalam

              ഒരിക്കൽ ഒരു ധനികനായ പിശുക്കൻ ഉണ്ടായിരുന്നു. അയാൾ വളരെ കഷ്ടപ്പെട്ട് വിശ്രമമില്ലാതെ കച്ചവടം ചെയ്ത് ഒരു പാട് സമ്പാധിച്ചു.
ആർക്കും നൽകാതെ പിശുക്കിപ്പിശുക്കി അയാൾ മുന്നൂറ് കോടി ദീനാർ സമ്പാദിച്ചു. തനിക്ക് മരണം വരെ സുഖമായി ജീവിക്കാൻ ഇതു തന്നെ ധാരാളമാണ് എന്ന് മനസ്സിലാക്കിയ അയാൾ ഒരു വലിയ ബംഗ്ലാവ് വാങ്ങി. ഇനി കച്ചവടമെല്ലാം നിറുത്തി വിശ്രമ ജീവിതം നയിക്കാമെന്ന് അയാൾ തീരുമാനിച്ചു.
എന്നാൽ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, പുതിയ വീട്ടിൽ താമസമാക്കിയ അന്ന് രാത്രി തന്നെ മരണത്തിന്റെ മാലാഖ അയാളുടെ റൂഹ്‌ പിടിക്കാനെത്തി. ഇതറിഞ്ഞ് പരിഭ്രാന്തനായ അയാൾ മാലാഖയോട് കേണപേക്ഷിച്ചു. എന്നെ ഇന്ന് കൊണ്ട് പോകരുത്. എനിക്ക് ജീവിക്കാൻ ഒരു മൂന്ന് ദിവസമെങ്കിലും തരൂ.. അതിനു പകരമായി എന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഞാൻ നിങ്ങൾക്ക് നൽകാം. മാലാഖ സമ്മതിച്ചില്ല. 
അപ്പോൾ അയാൾ ദുഃഖത്തോടെ പറഞ്ഞു: എന്റെ മുതലിന്റെ പകുതിയും ഞാൻ നിങ്ങൾക്ക് നൽകാം. പകരം എനിക്കൊരു രണ്ട് ദിവസം തരൂ..
മാലാഖ അതും സമ്മതിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു, ഞാനെന്റെ സമ്പത്ത് മുഴുവൻ നിങ്ങൾക്ക് നൽകാം. ഒരേ ഒരു ദിവസമെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കുമോ?
ദൈവകൽപ്പനക്കെതിരായി ഒന്നും ചെയ്യാത്ത മാലാഖ അതും അനുവദിച്ചില്ല.

അവസാനം അയാൾ ഒരു കുറിപ്പെഴുതാൻ മാലാഖയോട് അനുവാദം തേടി. മാലാഖ സമ്മതം മൂളി.

അയാൾ ആ കുറിപ്പിൽ ഇങ്ങനെ എഴുതി:
"ഓ മനുഷ്യ സമൂഹമേ, നിങ്ങൾ നന്മയുള്ളവരായി ജീവിക്കുക. സമയം വളരെ അമൂല്യമാണന്ന് നിങ്ങൾ മനസ്സിലാക്കുക. കാരണം, എനിക്ക് മുന്നൂറ് കോടി ദീനാറിനു പകരം ഒരു നിമിഷം പോലും വാങ്ങാൻ കഴിഞ്ഞില്ല."

അതുവരെ അറു പിശുക്കനായി ഒരാൾക്കും ഒന്നും നൽകാതെ ജീവിച്ച അയാൾ തന്റെ മുഴുവൻ സമ്പത്തും മറ്റുള്ളവർക്കായി ഉപേക്ഷിച്ചു കൊണ്ട് അയാൾ തന്റെ കണ്ണുകളടച്ചു.

1 comment:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...