Saturday, October 23, 2021

ഖലീഫാ ഉമറി (റ) ന്റെ നീതിബോധം | A Story of Khalifa Umar | Alif Ahad


നീതിമാനായ ഭരണാധികാരി എന്ന നാമത്തിൽ ലോക പ്രസിദ്ധി നേടിയവരാണല്ലോ ഖലീഫ ഉമർ(റ) 

അദ്ധേഹം പ്രജകളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി കാലങ്ങളിൽ തെരുവീഥികളിലൂടെ വേഷ പ്രച്ഛന്നനായി നടക്കാറുണ്ടായിരുന്നു. 
ഒരു രാത്രി മഹാനുഭാവൻ ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ ആരോ ഒരാൾ പാട്ട് പാടുന്നത് കേട്ടു. 
അതൊരു വീട്ടിൽ നിന്നായിരുന്നു. എന്താണവിടെ നടക്കുന്നത് എന്നറിയാൻ അദ്ധേഹം മതിലിനിടയിലൂടെ നോക്കി.
അപ്പോൾ അദ്ധേഹം കണ്ട കാഴ്ച, ആ വീട്ടുകാരൻ മദ്യപിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ച് മത്ത് പിടിച്ച് അയാൾ പാട്ടുപാടുകയാണ്.
 
സാമൂഹ്യ വിപത്തായ മദ്യപാനത്തെ വളരെ വലിയ കുറ്റകരമായാണ് അറേബ്യൻ ലോ കണക്കാക്കിയിരുന്നത്. അവിടുത്തെ നിയമ പ്രകാരം മദ്യപിച്ചവനെ 40 ചാട്ടയടിക്കണം എന്നാണ്.

ഖലീഫ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ഏയ് മനുഷ്യാ, വിശുദ്ധ ഖുർആൻ വിലക്കിയ മദ്യം കഴിക്കാൻ നിനക്ക് നാണമില്ലേ?
പ്രപഞ്ചനാഥൻ നീ ചെയ്യുന്ന ദോഷങ്ങൾ കാണുകയില്ല എന്നാണോ നീ ധരിക്കുന്നത്?

ഉടനെ ആ വ്യക്തി ഖലീഫയോട് പറഞ്ഞു: ഓ, അമീറുൽ മുഅ്മിനീൻ, ഞാൻ ഒരു തെറ്റ് ചെയ്തു. അത് ഞാൻ സമ്മതിക്കുകയും ചെയ്യുന്നു.
എന്നാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നതോടൊപ്പം തന്നെ, നിങ്ങൾ മൂന്ന് തെറ്റുകൾ ചെയ്തു. അവയോർത്ത് നിങ്ങൾ പശ്ചാതപിക്കുന്നുണ്ടോ?

ആശ്ചര്യത്തോടെ ഖലീഫ ചോദിച്ചു: എന്ത് തെറ്റുകളാണ് ഞാൻ ചെയ്തത്?

അയാൾ പറഞ്ഞു: പ്രവാചകൻ ഒളിഞ്ഞ് കേൾക്കുന്നത് വിലക്കിയ കാര്യമാണ്. നിങ്ങൾ അത് ചെയ്തു.

വിശുദ്ധ ഖുർആൻ പറയുന്നു, നിങ്ങൾ ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആ വീട്ടുകാരോട് അഭിവാദ്യം ചെയ്തിട്ടേ പ്രവേശിക്കാവൂ..
എന്നാൽ നിങ്ങൾ എന്നെ അഭിവാദ്യം ചെയ്തില്ല.

പിന്നെ, ഒരാളുടെ വീട്ടിലേക്ക് പ്രവേശിക്കേണ്ടത് അതിന്റെ മുഖ്യ കവാടത്തിലൂടെയാണ്. എന്നാൽ അതും നിങ്ങളിൽ നിന്ന് ഉണ്ടായില്ല.

ഇത് കേട്ടപ്പോൾ മഹാനായ ഖലീഫ അയാളെ വെറുതെ വിട്ടു.

യഥാർത്ഥത്തിൽ വലിയൊരു സാംറാജ്യത്തിന്റെ ഭരണാധികാരിക്ക് മുമ്പിൽ ഈ ചോദ്യങ്ങൾക്കൊന്നും പ്രസക്‌തിയില്ല. സാധാരണയിൽ, മറ്റൊരു ഭരണാധികാരിയോടാണ് അയാൾ ഈ കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിൽ അയാൾ അർഹിക്കുന്ന ശിക്ഷയേക്കാൾ വലിയ ശിക്ഷ അയാൾക്ക് ലഭിക്കുമായിരുന്നു.

എന്നാൽ, വലിയൊരു തെറ്റ് ചെയ്തിട്ട് ഖലീഫയുടെ ശിക്ഷയിൽ നിന്ന് ഒഴിവാകാൻ വേണ്ടിയുള്ള അയാളുടെ തന്ത്രമായിരുന്നു അയാളവിടെ ഉപയോഗിച്ചത് എന്ന് അറിഞ്ഞിട്ടും ഖലീഫ അയാളെ വെറുതെ വിട്ടു.

കാരണം അദ്ധേഹം പുണ്യ പ്രവാചകരുടെ ശിഷ്യരിൽ രണ്ടാമനാണ്. 
അവരെല്ലാം ആത്മജ്ഞാനികളായിരുന്നല്ലോ. 
സ്വന്തം ഈഗോക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. അവർക്ക് ലഭിച്ച അധികാരം അനീതി ചെയ്യാൻ അവർ ഉപയോഗിച്ചില്ല. 
അധികാരം അവരെ അഹങ്കാരിയാക്കിയില്ല.
താഴ്മയോടെ തല കുനിച്ച് നടന്നു. ധിക്കാരികൾക്കും അനീതി ചെയ്യുന്നവർക്കും മുമ്പിൾ മാത്രം അവർ നെഞ്ച് വിടർത്തി ധീരതയോടെ ഉറച്ച് നിന്നു.

വലിയൊരു സാംറാജ്യത്തിന്റെ അധിപനായിട്ട് പോലും ഒരു കൊട്ടാരം പണിതില്ല. ഈത്തപ്പനയോല മേഞ്ഞ വീട്ടിൽ താമസിച്ചു. ഓലപ്പായയിൽ അന്തിയുറങ്ങി. യാത്രയിൽ ക്ഷീണിച്ചപ്പോൾ പൊള്ളുന്ന മണലിൽ ഈന്തമരങ്ങളുടെ തണലിൽ കൈ തലയിണയാക്കി വിശ്രമിച്ചു.

കഥയിലെ മദ്യപാനിയെ അദ്ധേഹം ശിക്ഷിക്കാതെ വെറുതെ വിടാനുള്ള കാരണവും മറ്റുള്ളവരുടെ ന്യൂനതയെക്കാളുപരി സന്തം ന്യൂനതകളിലുള്ള അവരുടെ ശ്രദ്ധയായിരുന്നു.
നീതിമാനായ നാഥന്റെ പ്രണയം ലഭിക്കാൻ സദാ നീതി ബോധത്തോടെ കഴിയണം എന്നവർക്കറിയാമായിരുന്നു.
അതവർ ലോകത്തെ പഠിപ്പിക്കുകയായിരുന്നു.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...