Saturday, April 17, 2021

സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് - Sufi Motivational Story in Malayalam

      
           ഒരിക്കൽ ഒരു രാജാവിന് തന്ത്രജ്ഞാനിയും ദൈവഭക്തനുമായ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേകത എന്തെന്നാൽ, സൃഷ്ടാവ് വിധിച്ചിട്ടുള്ള എല്ലാം സൃഷ്ടിയുടെ നന്മക്ക് വേണ്ടി മാത്രമാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടോ അനിഷ്ടകരമായ കാര്യങ്ങളോ സംഭവിച്ചാൽ മന്ത്രി "ലഅല്ലഹു ഖൈർ" (അത് നല്ലതിനായിരിക്കാം) എന്ന് പറയും.

      അങ്ങനെയിരിക്കെ, അദ്ദേഹം ഒരിക്കൽ രാജാവിൻറെ കൂടെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടേ രാജാവിനോ അദ്ദേഹത്തിനോ എന്ത് ബുദ്ധിമുട്ട് സംഭവിച്ചാലും അദ്ദേഹം 'എല്ലാം നല്ലതിന്' എന്ന്. അങ്ങനെ വേട്ടക്കിടെ രാജാവിൻറെ കൈവിരലിൽ അമ്പ് തറച്ച് മുറിവായി. രക്തം ധാര ധാരയായി ഒഴുകുന്നുണ്ട്. അസഹ്യമായ വേദന യെ പറ്റി മന്ത്രിയോട് രാജാവ് പറഞ്ഞപ്പോൾ അപ്പോഴും മന്ത്രി പറഞ്ഞു എല്ലാം നല്ലതിന് വേണ്ടിയാണ്. മന്ത്രി രാജാവിനെ കൊട്ടാര ഭിഷഗ്വരന്റെ അരികിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വൈദ്യൻ പറഞ്ഞു: കൈവിരൽ മുറിച്ചു കളയണം. മുറിച്ചു കളഞ്ഞില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗത്തേക്കും വിഷം പകരാനുള്ള സാധ്യതയുണ്ട്. ഇത് കേട്ട് രാജാവ് വളരെയധികം സങ്കടപ്പെട്ടു. തന്റെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കാനാവുമോ? എന്നാൽ, മന്ത്രി ആ സമയത്തും മുഖത്തൊരു ഭാവപ്പകർച്ച പോലുമില്ലാതെ പറഞ്ഞു, എല്ലാം നല്ലതിനാണ്. 

          രാജാവ് ചോദിച്ചു, നിങ്ങൾക്ക് എന്റെ വിരൽ നഷ്ടപ്പെടുന്നതിൽ സന്തോഷമാണുള്ളത്. അല്ലെങ്കിൽ, നിങ്ങൾ ഇത് പറയുമായിരുന്നില്ല. അതും പറഞ്ഞുകൊണ്ട് രാജാവ് ദേഷ്യത്തോടെ രാജഭടന്മാരെ വിളിക്കുകയും മന്ത്രിയെ ജയിലിലടക്കാൻ കല്പിക്കുകയും ചെയ്തു. കൈകൾ ബന്ധിച്ച് ഭടന്മാർ മന്ത്രിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മന്ത്രി പറയുന്നുണ്ടായിരുന്നു, ലഅല്ലഹു ഖൈർ, ലഅല്ലഹു ഖൈർ. 

        മാസങ്ങൾ കഴിഞ്ഞു. മന്ത്രി ഇപ്പോഴും ജയിലിൽ തന്നെ. രാജാവിൻറെ മുറിവെല്ലാം സുഖപ്പെട്ടു. വേട്ടയാടൽ ഹോബിയായിരുന്ന രാജാവ് വീണ്ടും കാട്ടിലേക്ക് പുറപ്പെട്ടു. അങ്ങനെ, ഒരു മാൻപേടയെ പിന്തുടർന്ന് പിന്തുടർന്ന് അദ്ദേഹം വിജനമായ ഉൾവനത്തിൽ ഒറ്റപ്പെട്ടു. ആ സമയം, മതാചാരപ്രകാരം നരബലി നടത്തുന്ന ഒരു പറ്റം കൊള്ളസംഘം അദ്ദേഹത്തെ വളഞ്ഞു. രാജാവിനെ ബന്ധിയാക്കി അവർ തങ്ങളുടെ ആരാധ്യ വസ്തുവിന്റെ മുമ്പിൽ പുതുവസ്ത്രങ്ങൾ അണിയിച്ച് നിർത്തി. 

       അൽപസമയം കഴിഞ്ഞ് ആ സംഘത്തിൻറെ നേതാവ് രാജാവിൻറെ അരികിലേക്ക് വന്നു. ഭയപ്പെട്ടു നിൽക്കുന്ന രാജാവിനെ ബലി കൊടുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിൽ വല്ല ന്യൂനതകളും ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അയാൾ പറഞ്ഞു: ഈ വ്യക്തിയെ ബലി കൊടുത്താൽ നമ്മിൽ അനർത്ഥങ്ങൾ സംഭവിക്കും. ഇയാൾ പൂർണ്ണനല്ല. അംഗവൈകല്യമുള്ള ആളാണ്. ഇയാളെ വിട്ടയക്കൂ..

 കാട്ടാള സംഘത്തിൽ നിന്നും രക്ഷപ്പെട്ട് കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് ആദ്യമായി ചെന്നത് മന്ത്രിയെ അടക്കപ്പെട്ട ജയിലിലായിരുന്നു. ജയിലിലും സൗമ്യനായി കാണപ്പെട്ട മന്ത്രിയെ വളരെ സങ്കടത്തോടെ രാജാവ് ആലിംഗനം ചെയ്തു. മാപ്പപേക്ഷിച്ചു. കഴിഞ്ഞ സംഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് പറഞ്ഞു, എൻറെ വിരൽ നഷ്ടപ്പെട്ടതും എൻറെ നന്മക്ക് വേണ്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ ബോധ്യപ്പെട്ടു. അപ്പോഴും പുഞ്ചിരിയോടെ മന്ത്രി പറഞ്ഞു, "എല്ലാം നല്ലതിന് ".

          അപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു, എൻറെ വിരൽ മുറിഞ്ഞപ്പോൾ നിങ്ങൾ 'ലഅല്ലഹു ഖൈർ' എന്നു പറഞ്ഞു. എന്നാൽ, നിങ്ങളെ ഞാൻ ജയിലിലടച്ചപ്പോൾ നിങ്ങളെന്തിനാ എല്ലാം നല്ലതിന് എന്ന് പറഞ്ഞത്. അപ്പോൾ മന്ത്രി പറഞ്ഞു: നിങ്ങളുടെ വിരൽ അറ്റപ്പോൾ ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളെന്നെ തുറുങ്കിലടക്കില്ലായിരുന്നു. നിങ്ങളെന്നെ തുറുങ്കിലടച്ചില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വീണ്ടും വേട്ടയാടാൻ വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളന്മാർ നമ്മെ രണ്ടുപേരെയും ബന്ദികളാക്കുകയും, അവസാനം വിരലില്ലാത്തതിൻറെ പേരിൽ നിങ്ങളെ വെറുതെ വിടുകയും എന്നെ വധിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഞാൻ അന്ന് പറഞ്ഞത് 'എല്ലാം നല്ലതിനാണ്' എന്ന്. 
ഇത് കേട്ട് രാജാവ് വളരെ സന്തോഷത്തോടെ പറഞ്ഞു, ലഅല്ലഹു ഖൈർ.

 #അലിഫ് അഹദ്

2 comments:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...