AD 796 ലാണ് അദ്ദേഹം ജനിച്ചത്.
ഒരു ദിവസം തന്റെ യാത്രക്കിടയിൽ അദ്ദേഹം ഒരു അരുവിക്കരികിലെത്തി. അങ്ങനെ അദ്ദേഹം അരുവിയിലേക്കിറങ്ങുകയും പ്രാർത്ഥനക്ക് വേണ്ടി അംഗസ്നാനം ചെയ്യുകയും ചെയ്തു.
ആ സമയം കുറച്ചപ്പുറത്തുള്ള ഒരു മാളികയിൽ നിന്നും ഒരു സുമുഖിയായ സ്ത്രീ അദ്ദേഹത്തെ നോക്കി നിൽക്കുന്നു. ഇത് കണ്ട് ഗുരു ദുന്നൂനുൽ മിസ്രി ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. ശേഷം അവരോട് എന്തെങ്കിലും സംസാരിക്കുവാനായി ആവശ്യപ്പെട്ടു.
അപ്പോൾ ആ സ്ത്രീ പറഞ്ഞു: അകലെ നിന്ന് ഞാൻ നിങ്ങളെ നോക്കിയപ്പോൾ നിങ്ങളൊരു ഭ്രാന്തനാണ് എന്നാണ് ഞാൻ കരുതിയത്. പിന്നെ നിങ്ങൾ കുറച്ചടുത്ത് വന്നപ്പോൾ എനിക്ക് തോന്നി, നിങ്ങളൊരു ജ്ഞാനിയാണ് എന്ന്.
അൽപം കൂടി മുന്നോട്ട് വന്നപ്പോൾ നിങ്ങൾ ഒരു ആത്മജ്ഞാനിയാണെന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ നിങ്ങളെന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി,
നിങ്ങളീ മേൽ പറയപ്പെട്ട ഒന്നുമല്ല എന്ന്.
അപ്പോൾ അദ്ദേഹം ആ സ്ത്രീയോട് ചോദിച്ചു: നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കാനുളള കാരണമെന്താണ്?
അവർ പറഞ്ഞു: നിങ്ങൾ ഒരു ഭ്രാന്തനായിരുന്നു എങ്കിൽ നിങ്ങൾ അംഗശുദ്ധി വരുത്തില്ല. കാരണം ഭ്രാന്തന്മാരോട് നിസ്കരിക്കുവാനോ വുദു ചെയ്യുവാനോ ഉള്ള കൽപന ഇല്ല.
നിങ്ങളൊരു ജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾ എന്നെ നോക്കുകയില്ലായിരുന്നു.
ഇനി നിങ്ങൾ ഒരു ആത്മജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾക്ക് എവിടെയും പ്രപഞ്ചനാഥനെയല്ലാതെ മറ്റൊന്നിനെയും കാണാൻ പോലും കഴിയില്ലായിരുന്നു.
ഇത് പറഞ്ഞു കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി.
ഗുരു ദുന്നൂനുൽ മിസ്രി മന്ദസ്മിതം തൂകി.
തന്റെ നാഥനിൽ നിന്നുള്ള ഒരു സന്ദേശമായിട്ടാണ് അദ്ദേഹം ഈ സംഭവത്തെ മനസ്സിലാക്കിയത്.
നാം ജീവിക്കുന്ന ഓരോ നിമിഷവും നാഥനിൽ നിന്നുളള സന്ദേശവാഹകരാണ്. വളരെ സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അവ ഓരോന്നിന്റെ പൊരുളുകൾ നമുക്ക് മനസ്സിലായി തുടങ്ങും.
നമുക്ക് ചുറ്റുപാടിൽ എന്ത് സംഭവിച്ചാലും, അത് പ്രത്യക്ഷമായോ പരോക്ഷമായോ നാമുമായി ബന്ധപ്പെട്ടതാണെന്ന് നമുക്ക് തോന്നിയാലും ഇല്ലെങ്കിലും എല്ലാത്തിലും ഒരു പാഠം ഒളിഞ്ഞ് കിടക്കുന്നുണ്ട്.
മരത്തിൽ നിന്നും ഒരില വീണതോ, റോസാ പൂ വിരിഞ്ഞതോ, കാക്ക കരഞ്ഞതോ, ഉറുമ്പുകൾ അരിച്ചരിച്ച് പോകുന്നതോ പോലെയുളള വളരെ നിസാരമെന്ന് നാം ധരിക്കുന്ന, പൊതുവെ ആളുകൾ പ്രാധാന്യം കൽപ്പിക്കാത്ത കാര്യങ്ങളാണെങ്കിലും ഇനി നമ്മുടെ ജീവിതത്തിലെ സന്തോഷകരമോ സങ്കടകരമോ ആയ വലിയ വലിയ സംഭവങ്ങളാണെങ്കിലും, ഇവ ഓരോന്നിൽ വളരെയധികം പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
ഇവയെല്ലാം തന്നെ പ്രപഞ്ച നാഥനിൽ നിന്നും നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങളാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
എന്നാൽ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഈ സന്ദേശങ്ങൾ ചില നേരത്ത് നമുക്ക് മാത്രമുള്ളതാവാം. അത് മറ്റുള്ളവർക്ക് ശെയർ ചെയ്യാനോ, മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനോ നാം ശ്രമിക്കരുത്. ജീവിത പരീക്ഷയിൽ കോപ്പയടി ഇല്ല.
ഇങ്ങനെ ജീവിതത്തിലെ ഓരോ പാഠങ്ങളും ഉൾക്കൊള്ളേണ്ട പോലെ ഉൾക്കൊണ്ട് തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയവരാണ് സൂഫികളും, മിസ്റ്റിക്കുകളും, ആത്മജ്ഞാനികളും.
ചിന്തകളും ഉദ്ദേശങ്ങളും പരിശുദ്ധമാക്കുമ്പോൾ കർമ്മങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും പരിശുദ്ധമാകുന്നു.
അപ്പോൾ അനുഭവങ്ങൾ നമുക്ക് വലിയ ആശയങ്ങൾ പകർന്നു തരികയും ജീവിതത്തിൽ നാം പക്വമതികളാവുകയും ചെയ്യുന്നു.
No comments:
Post a Comment
🌹🌷