Thursday, October 28, 2021

ഗുരു ഹസൻ ബസരി (റ) പഠിപ്പിക്കുന്നു | സൂഫിയുടെ മനോഭാവം എന്തായിയുന്നു | Sufi Motivational Story in Malayalam | Alif Ahad

ഒരിക്കൽ ഗുരു ഹസൻ ബസരി തങ്ങൾ ടൈഗ്രീസ് നദിയുടെ കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടെ കറു കറുത്ത ഒരു മനുഷ്യനെ കണ്ടു. അയാളുടെ കയ്യിൽ ഒരു കുപ്പിയുണ്ട്. 
അടുത്ത് ഒരു സ്ത്രീ ഇരിക്കുന്നുമുണ്ട്. 
അപ്പോൾ ഗുരു ഹസൻ ബസരി ചിന്തിച്ചു. ഇയാൾ എന്നേക്കാൾ ശ്രേഷ്ഠനാണോ? 
പിന്നെ ചിന്തിച്ചു: അയാൾ ഒരു സ്ത്രീയുടെ കൂടെയിരുന്ന് മദ്യപിക്കുകയായിരുന്നില്ല എങ്കിൽ ഇയാളും എന്നെക്കാൾ ശ്രേഷ്ടൻ തന്നെ.

ഇങ്ങനെ ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ നദിയിൽ കുറച്ചകലെ ഒരു വഞ്ചി പ്രത്യക്ഷപ്പെട്ടു. 
അതിൽ കുറേ ആളുകളും ചരക്കുകളും ഉണ്ടായിരുന്നു. അങ്ങനെ ആ വഞ്ചി ഒരു ഭാഗത്തേക്ക് ചെരിയുകയും ആളുകളും ചരക്കുകളും നദിയിലേക്ക് മറിയുകയും ചെയ്തു.
അതിൽ ഏഴാളുകളുണ്ടായിരുന്നു. അവരെല്ലാം വെളളത്തിൽ മുങ്ങിത്താഴാൻ തുടങ്ങി. 
പെട്ടന്ന് തന്നെ മേൽ പറയപ്പെട്ട ആ വ്യക്തി തന്റെ വസ്ത്രം അഴിച്ചു വെച്ച് ടൈഗ്രീസ് നദിയിലേക്ക് എടുത്ത് ചാടി. 
ശേഷം മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന ആറ് പേരെയും നിഷ്പ്രയാസം കരയിലേക്ക് രക്ഷപ്പെടുത്തി. എന്നിട്ട് ഹസൻ ബസരി തങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് കുറച്ച് ഉച്ചത്തിൽ പറഞ്ഞു: ഓ ഹസൻ, പ്രപഞ്ചനാഥന്റെ സഹായം കൊണ്ട് ഞാനിതാ ആറു പേരെ രക്ഷപ്പെടുത്തിയിരിക്കുന്നു.
ഇനി അവശേഷിക്കുന്ന ഒരാളെ നിങ്ങൾ രക്ഷപ്പെടുത്തുക.
ശേഷം അദ്ദേഹം പറഞ്ഞു: ഹസൻ,
എൻറെ കൂടെ ഇരിക്കുന്ന ഈ സ്ത്രീ എൻറെ മാതാവാണ്.
ആ കുപ്പിയിൽ ഉള്ളത് ശുദ്ധജലമാണ്.

നിങ്ങളുടെ ഹൃദയത്തിന് കാഴ്ചയുണ്ടോ അതോ അന്ധത ബാധിച്ചിരിക്കുകയാണോ എന്ന് പരീക്ഷിച്ചറിയാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്. 
സൂഫീ മാർഗത്തിലേക്ക് പ്രവേശിച്ച ശിഷ്യനെ ഗുരുക്കന്മാർ പലരൂപത്തിലും പരീക്ഷിക്കാറുണ്ടല്ലോ..

അദ്ധേഹത്തിന്റെ ആ വാക്കുകൾ കേട്ട് ഗുരു ഹസൻ ബസരി അത്ഭുതപ്പെട്ടു. 
അദ്ധേഹത്തോട് മാപ്പപേക്ഷിച്ചു.
എന്റെ നാഥൻ എന്നെ പരീക്ഷിക്കാൻ വേണ്ടി അയച്ച വ്യക്തിയാണതെന്ന് ഗുരുവിന് ബോധ്യപ്പെട്ടു.

ശേഷം ഗുരു ഹസൻ ബസരി തങ്ങൾ ആ വ്യക്തിയോട് പറഞ്ഞു: ഈ പുഴയിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന ആളുകളെ നിങ്ങൾ രക്ഷിച്ചത് പോലെ എന്നെയും നിങ്ങൾ രക്ഷിക്കുമോ...
ഞാൻ അഹംഭാവമെന്ന സമുദ്രത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണ്.

അപ്പോൾ ആ വ്യക്തി പ്രാർത്ഥിച്ചു: നാഥൻ നിങ്ങളുടെ കണ്ണുകളെ അനുഗ്രഹിക്കട്ടെ..


അതിനു ശേഷം ഗുരു ഹസൻ ബസ്വരി ആരെ കണ്ടാലും അവരെക്കാൾ തനിക്ക് മഹത്വമുണ്ടെന്ന് ചിന്തിക്കുക പോലും ചെയ്യാറില്ലായിരുന്നു.

എത്രത്തോളമെന്നാൽ, ഒരിക്കൽ മഹാനുഭാവൻ ആരും ഒരു വിലയും കൽപ്പിക്കാത്ത ഒരു തെരുവ് നായയെ കണ്ടു.
അപ്പോൾ അദ്ദേഹം പറഞ്ഞു : 
നാഥാ, എന്നെയും ഈ നായയെയും സമന്മാരാക്കണേ...

അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: അങ്ങ് എന്തിനാണ് അങ്ങനെ പ്രാർത്ഥിച്ചത്?

മഹാൻ പറഞ്ഞു: 
ആ ജീവിയേക്കാൾ ശ്രേഷ്ടതയും മഹത്വം എനിക്കാണെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കിൽ അത് വലിയ അബദ്ധമാകുമായിരുന്നു.
ഞാനാ പടുകുഴിയിൽ വീണാൽ പിന്നെ നാഥന്റെ പ്രതാപം കൊണ്ട് ആ ജീവിയും എന്നേക്കാൾ മഹത്വമുള്ളതായിത്തീരും.

ചിന്തിക്കുക, സൂഫീ വഴിയിലെ അത്യുന്നതങ്ങൾ താണ്ടിയ മഹാജ്ഞാനികളായ സൂഫി വര്യന്മാരുടെ ചിന്തയും മനോഭാവവും എത്ര പരിശുദ്ധമാണ്. 
എത്രത്തോളം താഴ്മയും വിനയവുമാണ് അവർ ജീവിതത്തിൽ വച്ച് പുലർത്തിയത്.
അത് കൊണ്ട് തന്നെയാണ് ഭൗതിക ഭ്രമം പിടിച്ചവർ കാണാത്ത രഹസ്യങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞത്.
ആത്മജ്ഞാനത്തിന്റെ ആനന്ദം അവർക്ക് അനുഭവിക്കാൻ കഴിഞ്ഞത്.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...