ആളുകൾ ചെയ്യുന്ന നന്മകൾ കാണാതെ അവരുടെ തെറ്റുകൾ മാത്രം കണ്ടെത്തുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നത് പൊതുവെ മാനുഷിക പ്രകൃതമാണ്.
ഇതിൻറെ കാരണം എന്തായിരിക്കും.
നമുക്കൊരു കഥയിലൂടെ അതിന്റെ കാരണം കണ്ടെത്താം.
ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ജോലി ആവശ്യാർത്ഥം പുതിയൊരു ദേശത്തേക്ക് താമസം മാറി.
അവിടെ വളരെ ആകർഷണീയമായ, ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പഴയകാല മോഡൽ വീടായിരുന്നു അവർക്ക് ലഭിച്ചത്.
അവർക്കാ വീട് വളരെയധികം ഇഷ്ടമായി.
കൊണ്ടുവന്ന വീട്ടുപകരണങ്ങൾ എല്ലാം ഒരു ഭാഗത്ത് വെച്ച് രണ്ടുപേരും തങ്ങളുടെ പുതിയ വീട് ഒന്നു വിശദമായി കാണാൻ തീരുമാനിച്ചു.
അങ്ങനെ അവർ മാളികപ്പുറത്തേക്ക് കയറി.
മുകളിലത്തെ ഹാളിൽ ഒരു ഗ്ലാസിന്റെ കിളിവാതിൽ ഉണ്ടായിരുന്നു.
ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ധൃതിയോടെ ഭാര്യ ഭർത്താവിനെ വിളിച്ചു.
ഭർത്താവ് അവളുടെ അരികെ വന്ന് കൊണ്ട് ചോദിച്ചു.
എന്താണു കാര്യം?
അവൾ പുച്ഛഭാവത്തോടെ പറഞ്ഞു,
അപ്പുറത്തെ വീട്ടിലേക്കൊന്നു നോക്കൂ..
എന്തൊരു വൃത്തികെട്ട വീടാണത്.
സ്വന്തം വീടിനെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്ത വീട്ടുകാർ.
ചുമരിലും മതിലിലുമെല്ലാം ചെളി പുരണ്ടിരിക്കുന്നു.
എന്തിനധികം പറയണം അവർ അലക്കിയിട്ട വസ്ത്രങ്ങൾ പോലും കണ്ടില്ലേ!
എത്ര വൃത്തിഹീനമാണവ.
ഇതൊക്കെ കേട്ട് നിന്ന ഭർത്താവ് ഒന്നും പറയാതെ ഒരു ചെറു ചിരി പാസ്സാക്കി താഴെ പോയി നല്ലൊരു തുണിയും ഒരു കപ്പിൽ വെള്ളവുമായി കേറി വന്നു.
നിങ്ങൾ എന്താണ് ചെയ്യുന്നത്?
അവൾ ചോദിച്ചു.
അദ്ദേഹം പുഞ്ചിരിച്ചു,
എന്നിട്ട് തന്റെ കയ്യിലുള്ള തുണി വെള്ളത്തിൽ മുക്കിയെടുത്ത് ഗ്ലാസ് വിൻഡോ നന്നായി തുടക്കാൻ തുടങ്ങി.
അൽപ സമയത്തെ പരിശ്രമത്തിനൊടുവിൽ അയാൾ ആ ജനവാതിൽ വൃത്തിയാക്കി.
ഇപ്പോഴത് സ്ഫടികം പോലെ
തിളങ്ങുന്നുണ്ട്.
ശേഷം അയാൾ ഭാര്യയോട് പറഞ്ഞു,
നീ ഇനിയൊന്ന് പുറത്തേക്കു നോക്കൂ..
അവൾ പുറത്തേക്കു നോക്കി.
അവൾ പറഞ്ഞു,
ഹൗ.. എന്തൊരു ഭംഗിയുള്ള വീട്.
എത്ര ആകർഷകം.
അവർ അലക്കിയിട്ട വസ്ത്രങ്ങൾ പോലെ സുന്ദരമായ ഒരു വസ്ത്രം ഞാനിത് വരെ കണ്ടിട്ടില്ല.
ഇതെല്ലാം കേട്ട് ഭർത്താവ് പുഞ്ചിരിയോടെ പറഞ്ഞു,
ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ,
ആർക്കായിരുന്നു പ്രശ്നമെന്ന്?
ഭർത്താവ് തുടർന്നു,
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഇതുപോലെ ഒരു ഗ്ലാസുണ്ട്.
അതൊന്നു വൃത്തിയായി തുടച്ചു വെച്ചാൽ എല്ലാ പ്രശ്നവും തീരും.
നമ്മുടെ ഹൃദയമാണത്.
മോശമായ മനസ്സുമായി നാം എന്ത് നോക്കിയാലും എല്ലാം അഴുക്കും തിന്മയുമായേ കാണാനാവൂ.
ആയിരം നന്മകൾ ഉള്ള ഒരു വ്യക്തിയുടെ ഒരേയൊരു ന്യൂനത മാത്രമായിരിക്കും നമ്മുടെ കണ്ണിൽ പെടുക.
എല്ലാം കേട്ടു നിന്ന ആ നല്ല ഭാര്യ സ്നേഹാദരവോടെ ഭർത്താവിനെ നോക്കി.
എത്ര ശരിയാണ് ഈ കഥ. എല്ലാ സമയവും പോസിറ്റീവായി ചിന്തിക്കാൻ കഴിയുക എന്നത് ഒരു മഹാഭാഗ്യമാണ് മാത്രമല്ല ശ്രമകരവും ആണ്.
നല്ലത് മാത്രം കേൾക്കുകയും നല്ലത് കാണുകയും നല്ലത് പറയും ചെയ്യുന്നവർക്ക് നല്ലത് ചിന്തിക്കാനും കഴിയും.
ദൈവത്തിൻറെ ഇരിപ്പിടം ആവേണ്ട ഹൃദയം എപ്പോഴും നിർമ്മലവും സുന്ദരവും ആവട്ടെ.
നന്ദി.