അഹങ്കാരിയുടെ ലക്ഷണങ്ങൾസൂഫീ ഗുരുക്കന്മാരുടെ ഗുരുവും മാർഗ്ഗദർശിയുമായ ഹസ്രത്ത് അബ്ദുൽ ഖാദർ ജീലാനി തങ്ങൾ പറഞ്ഞു: ദൈവിക സന്നിധിയിലേക്കുള്ള മുഴുവൻ കവാടങ്ങളും ജനനിബിഡമാണ്.
ഒരു കവാടം ഒഴികെ,
അത് വിനയത്തിന്റെയും താഴ്മയുടെയും കവാടമാണ്.
ആത്മജ്ഞാനികളുടെ ഗുരുവായ അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി തങ്ങൾ പറഞ്ഞു:
ദൈവത്തെ അറിയാൻ ശ്രമിക്കുന്നതിന് മുമ്പ് ഒരാൾ തൻറെ ഹൃദയം അഹങ്കാര ശൂന്യമാക്കിയിരിക്കണം.
മനുഷ്യ ഹൃദയത്തെ ബാധിക്കുന്ന മൃഗീയമായ സ്വഭാവമാണ് അഹങ്കാരം.
അഹങ്കാരത്തെ നിരുത്സാഹപ്പെടുത്താത്ത മതങ്ങളില്ല.
ആ ദുസ്വഭാവം നമ്മെ മറ്റുള്ളവരിൽ നിന്ന് അകറ്റുകയും
അഹങ്കാരിയെ സമൂഹം വെറുക്കുകയും ചെയ്യുന്നു.
സൂഫികൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് തങ്ങളുടെ ഹൃദയം ശുദ്ധീകരിക്കുന്നതിനാണ്.
കാരണം ഹൃദയത്തിലാണല്ലോ ദൈവത്തിൻറെ സ്ഥാനവും നോട്ടവും.
അഹങ്കാരത്തിന് പല ലക്ഷണങ്ങളുമുണ്ട്.
അവയിൽ ചിലത് നമുക്ക് നോക്കാം.
ഈ ലക്ഷണങ്ങൾ നമ്മിലുണ്ടെങ്കിൽ നാം അഹങ്കാരികളാണെന്ന് മനസ്സിലാക്കുകയും
അത് ഇല്ലായ്മ ചെയ്യാൻ വേണ്ടി നാം പരിശ്രമിക്കുകയും ചെയ്യണം.
അഹങ്കാരത്തിന്റെ
ഒന്നാമത്തെ ലക്ഷണം
മറ്റുള്ളവരെക്കാൾ മഹത്വമുള്ളവൻ ഞാൻ തന്നെയാണ് എന്ന ചിന്തയാണ്.
ഈ ചിന്ത നമുക്ക് ഉണ്ടെങ്കിൽ നമ്മെ അഹങ്കാരം ബാധിച്ചിട്ടുണ്ട്.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴികൾ നല്ല വായനയും യാത്രകളുമാണ്.
മഹാന്മാരെ കുറിച്ച് വായിക്കുകയും അറിയാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നാം അവരുടെ വിജയങ്ങളും അവർ നേടിയ നേട്ടങ്ങളും പഠിക്കുന്നു.
അവർ എത്ര ഉന്നതങ്ങൾ കീഴടക്കിയവരാണെങ്കിലും അവരെല്ലാം തായ്മയുള്ളവരും വിനയാന്വിതരും ആയിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും.
ഫലങ്ങൾ നിറഞ്ഞ കൊമ്പാണല്ലോ എപ്പോഴും താഴെയുണ്ടാവുക.
ഞാൻ വലിയവനാണ് എന്ന അഹങ്കാരത്തെ ഇല്ലായ്മ ചെയ്യാനുള്ള രണ്ടാമത്തെ വഴി യാത്രയാണ്.
കാരണം യാത്രകളിലെ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും നമ്മെ കൂടുതൽ താഴ്മയുള്ളവരാക്കുന്നു.
അഹങ്കാരത്തിന്റെ
രണ്ടാമത്തെ ലക്ഷണം
തെറ്റ് സംഭവിച്ചാൽ അത് സമ്മതിക്കാനുള്ള മടിയാണ്. തെറ്റുകൾ സംഭവിക്കുന്നത് മനുഷ്യസഹജമാണ്. മറ്റുള്ളവർ നമ്മുടെ തെറ്റുകൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, നമ്മെ ഓർമ്മപ്പെടുത്തിയത്
ഒരു ചെറിയ കുട്ടിയാണങ്കിൽ പോലും ആ തെറ്റ് തിരുത്താനുള്ള മനസ്സ് നമുക്കില്ലെങ്കിൽ നാം അഹങ്കാരിയാണ്.
എന്നാൽ നമ്മിൽ സംഭവിച്ച തെറ്റ് സമ്മതിക്കാൻ നാം തയ്യാറായാൽ നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല.
മറിച്ച് നമ്മുടെ വ്യക്തിത്വം പരിപോഷിക്കപ്പെടും.
അഹങ്കാരത്തിന്റെ
മൂന്നാമത്തെ ലക്ഷണം
മറ്റുള്ളവരെ പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുക എന്നതാണ്.
ആളുകളുടെ ന്യൂനതകൾ മാത്രം കാണുകയും അവരെ കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു പ്രവണത തമ്മിൽ ഉണ്ടെങ്കിൽ അഹങ്കാരം തമ്മിലുണ്ടെന്ന് നാം മനസ്സിലാക്കണം.
ഒരാളെ നാം പുച്ഛിക്കുന്നത് അയാൾ നമ്മേക്കാൾ കഴിവുകെട്ടവനാണെന്ന് നാം ചിന്തിക്കുമ്പോഴാണ്.
അടുത്ത ലക്ഷണം
വിട്ടുവീഴ്ചാ മനോഭാവം ഇല്ലാതിരിക്കുകയും ചർച്ചക്കിടെ ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണ്.
വിട്ടുവീഴ്ച ചെയ്യാനുള്ള ഒരു വലിയ മനസ്സ് നമുക്കുണ്ടെങ്കിൽ വലിയ വലിയ പ്രശ്നങ്ങൾ പോലും നിസാരമാക്കി തീർക്കാൻ നമുക്ക് സാധിക്കും.
എന്നാൽ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവർ അവരുടെ വീട്ടിലും നാട്ടിലും ജോലി സ്ഥലത്തുമെല്ലാം പ്രശ്നക്കാരായിരിക്കും.
നീതിക്ക് വേണ്ടിയുള്ള സംസാരം പോലെ അവരുടെ വാക്കുകൾ തോന്നപ്പെടാം.
പക്ഷെ അവരിൽ നീതി അശേഷം അവശേഷിക്കുന്നില്ല.
അവസാനമായി പറയുന്ന ലക്ഷണം അഹങ്കാരികൾ പൊതുവേ തന്നെക്കാൾ താഴ്ന്നവരുമായി ഇടപഴകാൻ ഇഷ്ടപ്പെടില്ല എന്നതാണ്.
ഈ മോശം സ്വഭാവം ഒഴിവാക്കാനുള്ള വഴി, നാം ആരെ അഭിമുഖീകരിക്കുകയാണെങ്കിലും,
അവർ കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും
നാം ആദ്യം വിഷ് ചെയ്യുക എന്നതാണ്.
സലാം പറയുക ഗുഡ്മോർണിംഗ് അല്ലെങ്കിൽ നമസ്കാരം എന്നോ മറ്റോ അവരോട് യോജിച്ച രൂപത്തിൽ നമുക്ക് വിഷ് ചെയ്യാം.
മറ്റൊരാളോട് സംസാരിക്കുന്നതിനിടയിൽ ഐ കോൺടാക്ട് ഒഴിവാക്കുന്നതും അഹങ്കാരത്തിന്റെ ലക്ഷണമാണ്.
മുഖത്ത് നോക്കാതെ
സംസാരിക്കുന്നത് ആ വ്യക്തി തന്നെക്കാൾ താഴ്ന്നവനാണെന്നും ഞാൻ അവനോടൊന്നും സംസാരിക്കേണ്ടവനല്ല എന്ന ഗർവുമാണ് സൂചിപ്പിക്കുന്നത്.
അഹങ്കാരമെന്ന ഈ മഹാരോഗത്തെ പതിയെ പതിയെ നമ്മിൽ നിന്നും നാം അകറ്റിയില്ലെങ്കിൽ, നാം വ്യക്തികളിൽ ഏറ്റവും നീചനും ദൈവീക ആനന്ദത്തിന്റെ ഒരംശം പോലും അനുഭവിക്കാൻ കഴിയാത്തവരും ആയിത്തീരും.