Wednesday, April 21, 2021

സൂഫീ ഗുരുവിന്റെ ഗുരു - Sufi Motivational Story in Malayalam

            സൂഫീ ഗുരുവായ ഹസൻ മരണമാസന്നമായി കിടക്കുമ്പോൾ ചിലർ വന്നുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു, അങ്ങയുടെ ഗുരു ആരാണ്?
 അദ്ദേഹം പറഞ്ഞു, എനിക്കുള്ള സമയം വളരെ പരിമിതമാണ്. ഞാൻ മരിക്കുകയാണ്. ഇപ്പോൾ അതൊന്നും പറയാനുള്ള സമയമല്ല. അപ്പോൾ ചോദ്യകർത്താവ് ചോദിച്ചു, നിങ്ങൾ ഇപ്പോഴും ശ്വസിക്കുന്നു. നിങ്ങൾ സംസാരിക്കുന്നു. വളരെ ലളിതമായിട്ട് പറഞ്ഞാലും,
അങ്ങയുടെ ഗുരു ആരാണ്?

അപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ ഗുരുക്കന്മാരെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ആയിരത്തിലേറെ ഗുരുക്കൻമാരുണ്ട്. അവരെ മുഴുവൻ പറഞ്ഞു തീരുമ്പോഴേക്കും മാസങ്ങളും വർഷങ്ങളുമെടുക്കും. എനിക്ക് വളരെ പരിമിതമായ സമയമേ ബാക്കിയുള്ളൂ..

 എന്നാലും അവരിൽ പ്രധാനികളായ മൂന്ന് പേരെ മാത്രം ഞാൻ പറയാം. എന്നിട്ടദ്ദേഹം പറഞ്ഞു തുടർന്നു, എന്റെ ആദ്യത്തെ ഗുരു ഒരു 'കള്ളൻ' ആയിരുന്നു. 

ഞാൻ ഒരു ദിവസം മരുഭൂമിയിൽ അകപ്പെട്ടു പോയി. ഒരുപാട് സമയം ഞാൻ നടന്നു. അവസാനം പാതിരാത്രിയായപ്പോൾ ഞാനൊരു ഗ്രാമപ്രദേശത്തെത്തി.
 കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യനെ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. അങ്ങനെ കുറേ സമയം കഴിഞ്ഞപ്പോൾ ഞാൻ ഒരു വ്യക്തിയെ കണ്ടു. അയാൾ ഒരു വീടിൻറെ മതിൽ തുളച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അടുത്തുചെന്നപ്പോൾ എനിക്ക് ബോധ്യമായി, അയാൾ ഒരു കള്ളനാണെന്ന്. 
ഞാൻ അയാളോട് ചോദിച്ചു, എനിക്കിന്ന് തങ്ങാൻ ഒരിടം ഇവിടെ എവിടെയെങ്കിലും കിട്ടുമോ? അയാൾ പറഞ്ഞു: നിങ്ങളെ കണ്ടിട്ട് നിങ്ങളൊരു സൂഫീ സന്യാസിയാണെന്ന് തോന്നുന്നുവല്ലോ.. നിങ്ങളൊരൽപസമയം കാത്തിരിക്കുകയാണെങ്കിൽ ഈ ജോലി കഴിഞ്ഞാൽ എന്റെ വീട്ടിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം.

 ഒരുപാട് സമയം ഞാൻ അയാളെ കാത്തിരുന്നു. അവസാനം, കവർച്ച കഴിഞ്ഞു അയാൾ എന്റെ കൈപിടിച്ചു കൊണ്ട് അയാളുടെ വീട്ടിലേക്ക് നടന്നു. അയാളുടെ കൈകൾ ശൂന്യമായിരുന്നു. 
ഞാൻ അയാളോട് ചോദിച്ചു: ഇത്ര സമയം നിങ്ങൾ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് കവർച്ച നടത്തിയിട്ട് ഒന്നും ലഭിച്ചില്ലേ..
 അയാൾ പറഞ്ഞു, ദൈവത്തിൻറെ വിധി അങ്ങനെയാണ്. ദൈവം ആഗ്രഹിക്കുകയാണെങ്കിൽ എനിക്ക് നാളെ ലഭിക്കും.

 മുപ്പത് ദിവസത്തോളം ഞാൻ അയാളുടെ കൂടെ അയാളുടെ വീട്ടിൽ താമസിച്ചു. എല്ലാദിവസവും രാത്രി അയാൾ വീടു വിട്ടിറങ്ങും. പ്രഭാതമാകുമ്പോഴേക്കും അയാൾ വീട്ടിലേക്ക് മടങ്ങി വരുകയും ചെയ്യും. എന്നാൽ എല്ലാ ദിവസവും അയാളുടെ കൈകൾ ശൂന്യമായിരുന്നു.

 ഞാനെന്റെ ചോദ്യം ആവർത്തിക്കും.
ഇന്നൊന്നും ലഭിച്ചില്ലേ. അയാൾ പറയും. ദൈവം വിധിക്കുകയാണെങ്കിൽ എനിക്ക് നാളെ ലഭിക്കും.
 ഞാൻ വളരെ അത്ഭുതപ്പെട്ടുപോയി.

 മുപ്പതാമത്തെ ദിവസം ഞാൻ വീട് വിട്ടിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചു, ഒരുപാട് വർഷമായി ഞാൻ ആത്മീയ വഴിയിൽ പ്രവേശിച്ചിട്ട്. പക്ഷെ എനിക്കിപ്പോഴും ആത്മസാക്ഷാത്കാരം നേടാനായിട്ടില്ല.
 അതിനു വേണ്ട പ്രയത്നങ്ങൾ ഞാൻ പ്രയത്നിക്കുകയും എൻറെ ധ്യാനങ്ങൾ ഞാൻ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യും.
 പക്ഷേ ഈ കള്ളൻ, ഇത്ര ദിവസം ഒന്നും ലഭിക്കാതിരുന്നിട്ട് പോലും അദ്ദേഹം തന്റെ പ്രതീക്ഷ കൈവിട്ടില്ല.
 ജീവിതത്തിൽ അയാൾ എപ്പോഴും പ്രതീക്ഷയുള്ളവനാണ്. ഒരു കള്ളനുള്ള പ്രതീക്ഷ പോലും എനിക്കില്ലല്ലോ എന്നോർത്ത് ഞാൻ ഖേദിക്കുകയും എൻറെ ജീവിതത്തിൽ മാറ്റം വരുത്താൻ ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

പിന്നീടെനിക്ക് എന്ത് പരീക്ഷണങ്ങൾ വന്നപ്പോഴും ഞാൻ പതറിയില്ല. ഞാൻ പ്രതീക്ഷയോടു കൂടെത്തന്നെ ജീവിച്ചു. 

 അങ്ങനെ വർഷങ്ങൾക്കൊടുവിൽ എൻറെ പ്രയത്നം എൻറെ ദൈവം സ്വീകരിച്ചു. എന്റെ ദൈവം എന്നെ കനിഞ്ഞു. 

അതുകൊണ്ട്, എന്റെ വിജയിത്തിന് ആവശ്യമായ ഏറ്റവും നല്ലൊരു ജീവിതമൂല്യം എന്നെ പഠിപ്പിച്ച ആ കള്ളനായിരുന്നു എൻറെ ആദ്യത്തെ ഗുരു.

Tuesday, April 20, 2021

ഓരോ നിമിഷവും അമൂല്യമാണ് - Sufi Motivational Story in Malayalam

              ഒരിക്കൽ ഒരു ധനികനായ പിശുക്കൻ ഉണ്ടായിരുന്നു. അയാൾ വളരെ കഷ്ടപ്പെട്ട് വിശ്രമമില്ലാതെ കച്ചവടം ചെയ്ത് ഒരു പാട് സമ്പാധിച്ചു.
ആർക്കും നൽകാതെ പിശുക്കിപ്പിശുക്കി അയാൾ മുന്നൂറ് കോടി ദീനാർ സമ്പാദിച്ചു. തനിക്ക് മരണം വരെ സുഖമായി ജീവിക്കാൻ ഇതു തന്നെ ധാരാളമാണ് എന്ന് മനസ്സിലാക്കിയ അയാൾ ഒരു വലിയ ബംഗ്ലാവ് വാങ്ങി. ഇനി കച്ചവടമെല്ലാം നിറുത്തി വിശ്രമ ജീവിതം നയിക്കാമെന്ന് അയാൾ തീരുമാനിച്ചു.
എന്നാൽ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, പുതിയ വീട്ടിൽ താമസമാക്കിയ അന്ന് രാത്രി തന്നെ മരണത്തിന്റെ മാലാഖ അയാളുടെ റൂഹ്‌ പിടിക്കാനെത്തി. ഇതറിഞ്ഞ് പരിഭ്രാന്തനായ അയാൾ മാലാഖയോട് കേണപേക്ഷിച്ചു. എന്നെ ഇന്ന് കൊണ്ട് പോകരുത്. എനിക്ക് ജീവിക്കാൻ ഒരു മൂന്ന് ദിവസമെങ്കിലും തരൂ.. അതിനു പകരമായി എന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഞാൻ നിങ്ങൾക്ക് നൽകാം. മാലാഖ സമ്മതിച്ചില്ല. 
അപ്പോൾ അയാൾ ദുഃഖത്തോടെ പറഞ്ഞു: എന്റെ മുതലിന്റെ പകുതിയും ഞാൻ നിങ്ങൾക്ക് നൽകാം. പകരം എനിക്കൊരു രണ്ട് ദിവസം തരൂ..
മാലാഖ അതും സമ്മതിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു, ഞാനെന്റെ സമ്പത്ത് മുഴുവൻ നിങ്ങൾക്ക് നൽകാം. ഒരേ ഒരു ദിവസമെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കുമോ?
ദൈവകൽപ്പനക്കെതിരായി ഒന്നും ചെയ്യാത്ത മാലാഖ അതും അനുവദിച്ചില്ല.

അവസാനം അയാൾ ഒരു കുറിപ്പെഴുതാൻ മാലാഖയോട് അനുവാദം തേടി. മാലാഖ സമ്മതം മൂളി.

അയാൾ ആ കുറിപ്പിൽ ഇങ്ങനെ എഴുതി:
"ഓ മനുഷ്യ സമൂഹമേ, നിങ്ങൾ നന്മയുള്ളവരായി ജീവിക്കുക. സമയം വളരെ അമൂല്യമാണന്ന് നിങ്ങൾ മനസ്സിലാക്കുക. കാരണം, എനിക്ക് മുന്നൂറ് കോടി ദീനാറിനു പകരം ഒരു നിമിഷം പോലും വാങ്ങാൻ കഴിഞ്ഞില്ല."

അതുവരെ അറു പിശുക്കനായി ഒരാൾക്കും ഒന്നും നൽകാതെ ജീവിച്ച അയാൾ തന്റെ മുഴുവൻ സമ്പത്തും മറ്റുള്ളവർക്കായി ഉപേക്ഷിച്ചു കൊണ്ട് അയാൾ തന്റെ കണ്ണുകളടച്ചു.

Monday, April 19, 2021

ദിവ്യാനുരാഗികൾക്കായി രണ്ട് പ്രണയകഥകൾ - Sufi Motivational Story in Malayalam

ഒന്ന്

ഒരു പ്രണയി തന്റെ പ്രണയിനിയുടെ വാതിലിൽ മുട്ടി. അകത്തുനിന്നും ചോദ്യമുയർന്നു. നീ ആരാണ്? അപ്പോൾ പ്രണയി പ്രതിവചിച്ചു: ഞാനാണ്, നിന്നെ എത്രയോ സ്നേഹിക്കുന്ന നിൻ്റെ ഇഷ്ടൻ.

 മറുപടിയായി പ്രണയിനി പറഞ്ഞു: പ്രണയത്തിന്റെ ഈ വീട് വളരെ ചെറുതാണ്. അതിൽ രണ്ടു പേർക്ക് താമസിക്കാൻ ഇടമില്ല. ഒരാൾക്ക് നിൽക്കാനുള്ള വിസ്തൃതിയേ ഉള്ളൂ. അങ്ങനെ വാതിൽ തുറക്കപ്പെട്ടില്ല.

 നിരാശയോടെ അയാൾ വനാന്തരങ്ങളിലേക്കോടി. ആ വിജനതയിൽ അയാൾ കഠിന തപസ്സിരുന്നു. ഒരുപാട് കാലം ധ്യാനനിരതനായി ജീവിച്ചു. അയാൾ ഒരു കാര്യം മാത്രമാണ് പ്രാർത്ഥിച്ചത്. 
എൻറെ പ്രണയനാഥാ.. എന്നിലെ എന്നെ നീ ഇല്ലായ്മ ചെയ്ത് എന്നെ നീ നിന്നിൽ ലയിപ്പിക്കണേ.. 

 ഒരുപാട് പൗർണമികൾ അസ്തമിച്ചു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. അങ്ങനെ വീണ്ടുമൊരിക്കൽ അയാൾ തൻറെ പ്രണയഭാജനത്തിന്റെ കതകിനരികിലെത്തി. പ്രണയ സാന്ദ്രമായ ഹൃദയത്തോടെ അദ്ദേഹം കതകിൽ മുട്ടി.
 ചോദിക്കപ്പെട്ടു, ആരാണു നീ. അപ്പോൾ അയാൾ മറുപടി പറഞ്ഞു: ഇത് നീ തന്നെയാണ്. 
 വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. തൻറെ പ്രണയഭാജനത്തിൽ അയാൾ അലിഞ്ഞുചേർന്നു.


രണ്ട്

അറേബ്യൻ പ്രേമ കാവ്യങ്ങളിലെ ഇതിഹാസമായ മജ്നു, താൻ ഇതുവരെ കാണാത്ത ലൈലയെ അന്വേഷിച്ച് ഒരു ഭ്രാന്തനെപ്പോലെ മരുഭൂമിയിലൂടെ അലഞ്ഞുനടന്നു. രാത്രിയുടെ കൂരിരുൾ മജ്നുവിനെ ഭയപ്പെടുത്തിയില്ല. മരുഭൂമിയുടെ ചുടുകാറ്റും സൂര്യതാപവും അവനെ ലക്ഷ്യത്തെതൊട്ട് പിന്തിരിപ്പിച്ചില്ല.

 അങ്ങനെ ഒരിക്കൽ പാദരക്ഷ പോലുമില്ലാതെ ഒരു സായാഹ്നത്തിൽ ലൈലയെ മാത്രം ചിന്തിച്ചു കൊണ്ട് മരുഭൂമിയിലൂടെ അവൻ നടന്നു നീങ്ങുകയായിരുന്നു. അപ്പോൾ വഴിയരികിൽ ഒരാൾ നിസ്കാര പടം വിരിച്ച് സായാഹ്ന നമസ്കാരം നിർവഹിക്കുന്നുണ്ടായിരുന്നു. 
പക്ഷേ മജ്നു അയാളെ കണ്ടതോ ശ്രദ്ധിച്ചതോ ഇല്ല. അതുകൊണ്ട് തന്നെ അവൻ നിസ്ക്കരിക്കുന്ന ആളുടെ മുമ്പിലൂടെ നടന്നു. 

നിസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടക്കുന്നത് നിഷിദ്ധമാണ് എന്ന് പഠിച്ച ആ വ്യക്തി തന്റെ നമസ്കാരം പെട്ടെന്ന് അവസാനിപ്പിച്ചു.
 എന്നിട്ടയാൾ മജ്നുവിന്റെ പിന്നാലെ ഓടി. തടഞ്ഞുവെച്ച് അയാൾ ചോദിച്ചു: എടോ നിനക്ക് തീരെ ബുദ്ധിയില്ലേ.. നീ നിസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെയാണ് നടന്നത്. അല്ലാഹുവിൻറെ മുമ്പിൽ നിസ്കരിക്കുന്ന എൻറെ മുൻപിലൂടെ നടക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു.


 ഇയാളുടെ ശകാരവാക്കുകൾ ശാന്തനായി കേട്ടുനിന്ന മജ്നു പറഞ്ഞു: ക്ഷമിക്കണം സുഹൃത്തെ. 
എങ്കിലും നിങ്ങളുടെ കാര്യം ഓർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. കാരണം എൻറെ അനുരാഗിയായ ലൈലയെ മാത്രം ഓർത്തുകൊണ്ട് നടന്ന എനിക്ക് നിങ്ങളെയോ നിങ്ങളുടെ നിസ്കാര പടത്തെയോ കാണാനായില്ല. പക്ഷേ, നിങ്ങളുടെ പ്രണയനാഥനായ ലോക രക്ഷിതാവിൻറെ മുമ്പിൽ നിൽക്കുന്ന നിങ്ങൾ എങ്ങനെയാണ് എന്നെ കണ്ടത്?! വല്ലാത്ത ആശ്ചര്യം തന്നെ.
 ഇത് കേട്ട് ആ വ്യക്തി മജ്നുവിന്റെ കൈ പിടിച്ചു ചുംബിച്ച് മാപ്പപേക്ഷിച്ചു.

Sunday, April 18, 2021

ഉപാധികളില്ലാത്ത പ്രണയം - Sufi Motivational Story in Malayalam

         ഒരു പ്രണയി തൻറെ പ്രണയഭാജനത്തെ കുറിച്ച് പേമകാവ്യങ്ങൾ രചിച്ചതിനുശേഷം അതൊന്നു വായിച്ചു കേൾപ്പിക്കാനായി അനുരാഗിയുടെ ചാരെയെത്തി. ശേഷം അയാൾ ആ കാവ്യം ആലപിക്കാൻ തുടങ്ങി. 

    കവിതയിൽ ഉടനീളം പ്രണയിനിയുടെ വർണ്ണനകളായിരുന്നു. അതിൽ അനുരാഗിയുടെ രൂപഭംഗിയും മറ്റു വിശേഷണങ്ങളും അയാൾ ഉൾക്കൊള്ളിച്ചിരുന്നു. 

    അപ്പോൾ അനുരാഗി പറഞ്ഞു: നീ എന്നെയല്ല പ്രണയിക്കുന്നത്. നീ പ്രേമിക്കുന്നത് നിൻറെ മനോവികാരങ്ങളെ മാത്രമാണ്. നിനക്ക് എന്നിൽ നിന്നും എന്തോ ചില കാര്യലാഭങ്ങൾ ലഭിക്കാനുണ്ട്. എൻറെ സൗന്ദര്യം നിൻറെ കണ്ണുകൾക്ക് ആനന്ദം നൽകുന്നുണ്ട്. എൻറെ സാമീപ്യം നിന്നെ എങ്ങനെയൊക്കെയോ സന്തോഷിപ്പിക്കുന്നുണ്ട്. 

        നിനക്ക് എന്നിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും മാത്രമാണ് നിനക്കെന്നോട് തോന്നുന്ന പ്രണയത്തിനുള്ള ഹേതു. നീ എന്ന നിന്റെയുള്ളിലെ ഈഗോയാണ് നിന്റെയും എന്റെയും ഇടയിലുള്ള ഏക മറ. അതുകൊണ്ട്, നീ എന്നെ പ്രണയിക്കുന്നുവെങ്കിൽ നിൻറെ ആശകൾ മാറ്റിവെച്ച് അവിടെ എന്നെ പ്രതിഷ്ടിക്കുക. 

          നീ എന്നിൽ നിന്ന് വല്ല കാര്യലാഭവും പ്രതീക്ഷിച്ചിട്ടാണ് എന്നെ പ്രണയിക്കുന്നതെങ്കിൽ നീ എന്നോട് വിടപറഞ്ഞു പോകുക. എന്നിലുള്ള വല്ല ക്വാളിറ്റികളും കണ്ടിട്ടാണ് നീ എന്നെ പ്രേമിക്കുന്നത് എങ്കിൽ അവയെല്ലാം ഇല്ലാതെയായി എന്ന് തോന്നുന്ന ഒരു ദിവസത്തെ നീ അഭിമുഖീകരിക്കേണ്ടി വരും, പ്രണയത്തിന്റെ ഒരു പരീക്ഷണമായിട്ടെങ്കിലും. അപ്പോൾ നിനക്ക് എന്നോടുള്ള ഈ പ്രണയവും നഷ്ടമാവും. അനുരാഗിയുടെ ഈ വാക്കുകൾ കേട്ട് താൻ എഴുതിയ പ്രണയ കാവ്യം മടക്കിവെച്ച് അവൻ തലതാഴ്ത്തി നിന്നു.

Saturday, April 17, 2021

സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് - Sufi Motivational Story in Malayalam

      
           ഒരിക്കൽ ഒരു രാജാവിന് തന്ത്രജ്ഞാനിയും ദൈവഭക്തനുമായ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേകത എന്തെന്നാൽ, സൃഷ്ടാവ് വിധിച്ചിട്ടുള്ള എല്ലാം സൃഷ്ടിയുടെ നന്മക്ക് വേണ്ടി മാത്രമാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടോ അനിഷ്ടകരമായ കാര്യങ്ങളോ സംഭവിച്ചാൽ മന്ത്രി "ലഅല്ലഹു ഖൈർ" (അത് നല്ലതിനായിരിക്കാം) എന്ന് പറയും.

      അങ്ങനെയിരിക്കെ, അദ്ദേഹം ഒരിക്കൽ രാജാവിൻറെ കൂടെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടേ രാജാവിനോ അദ്ദേഹത്തിനോ എന്ത് ബുദ്ധിമുട്ട് സംഭവിച്ചാലും അദ്ദേഹം 'എല്ലാം നല്ലതിന്' എന്ന്. അങ്ങനെ വേട്ടക്കിടെ രാജാവിൻറെ കൈവിരലിൽ അമ്പ് തറച്ച് മുറിവായി. രക്തം ധാര ധാരയായി ഒഴുകുന്നുണ്ട്. അസഹ്യമായ വേദന യെ പറ്റി മന്ത്രിയോട് രാജാവ് പറഞ്ഞപ്പോൾ അപ്പോഴും മന്ത്രി പറഞ്ഞു എല്ലാം നല്ലതിന് വേണ്ടിയാണ്. മന്ത്രി രാജാവിനെ കൊട്ടാര ഭിഷഗ്വരന്റെ അരികിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വൈദ്യൻ പറഞ്ഞു: കൈവിരൽ മുറിച്ചു കളയണം. മുറിച്ചു കളഞ്ഞില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗത്തേക്കും വിഷം പകരാനുള്ള സാധ്യതയുണ്ട്. ഇത് കേട്ട് രാജാവ് വളരെയധികം സങ്കടപ്പെട്ടു. തന്റെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കാനാവുമോ? എന്നാൽ, മന്ത്രി ആ സമയത്തും മുഖത്തൊരു ഭാവപ്പകർച്ച പോലുമില്ലാതെ പറഞ്ഞു, എല്ലാം നല്ലതിനാണ്. 

          രാജാവ് ചോദിച്ചു, നിങ്ങൾക്ക് എന്റെ വിരൽ നഷ്ടപ്പെടുന്നതിൽ സന്തോഷമാണുള്ളത്. അല്ലെങ്കിൽ, നിങ്ങൾ ഇത് പറയുമായിരുന്നില്ല. അതും പറഞ്ഞുകൊണ്ട് രാജാവ് ദേഷ്യത്തോടെ രാജഭടന്മാരെ വിളിക്കുകയും മന്ത്രിയെ ജയിലിലടക്കാൻ കല്പിക്കുകയും ചെയ്തു. കൈകൾ ബന്ധിച്ച് ഭടന്മാർ മന്ത്രിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മന്ത്രി പറയുന്നുണ്ടായിരുന്നു, ലഅല്ലഹു ഖൈർ, ലഅല്ലഹു ഖൈർ. 

        മാസങ്ങൾ കഴിഞ്ഞു. മന്ത്രി ഇപ്പോഴും ജയിലിൽ തന്നെ. രാജാവിൻറെ മുറിവെല്ലാം സുഖപ്പെട്ടു. വേട്ടയാടൽ ഹോബിയായിരുന്ന രാജാവ് വീണ്ടും കാട്ടിലേക്ക് പുറപ്പെട്ടു. അങ്ങനെ, ഒരു മാൻപേടയെ പിന്തുടർന്ന് പിന്തുടർന്ന് അദ്ദേഹം വിജനമായ ഉൾവനത്തിൽ ഒറ്റപ്പെട്ടു. ആ സമയം, മതാചാരപ്രകാരം നരബലി നടത്തുന്ന ഒരു പറ്റം കൊള്ളസംഘം അദ്ദേഹത്തെ വളഞ്ഞു. രാജാവിനെ ബന്ധിയാക്കി അവർ തങ്ങളുടെ ആരാധ്യ വസ്തുവിന്റെ മുമ്പിൽ പുതുവസ്ത്രങ്ങൾ അണിയിച്ച് നിർത്തി. 

       അൽപസമയം കഴിഞ്ഞ് ആ സംഘത്തിൻറെ നേതാവ് രാജാവിൻറെ അരികിലേക്ക് വന്നു. ഭയപ്പെട്ടു നിൽക്കുന്ന രാജാവിനെ ബലി കൊടുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിൽ വല്ല ന്യൂനതകളും ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അയാൾ പറഞ്ഞു: ഈ വ്യക്തിയെ ബലി കൊടുത്താൽ നമ്മിൽ അനർത്ഥങ്ങൾ സംഭവിക്കും. ഇയാൾ പൂർണ്ണനല്ല. അംഗവൈകല്യമുള്ള ആളാണ്. ഇയാളെ വിട്ടയക്കൂ..

 കാട്ടാള സംഘത്തിൽ നിന്നും രക്ഷപ്പെട്ട് കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് ആദ്യമായി ചെന്നത് മന്ത്രിയെ അടക്കപ്പെട്ട ജയിലിലായിരുന്നു. ജയിലിലും സൗമ്യനായി കാണപ്പെട്ട മന്ത്രിയെ വളരെ സങ്കടത്തോടെ രാജാവ് ആലിംഗനം ചെയ്തു. മാപ്പപേക്ഷിച്ചു. കഴിഞ്ഞ സംഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് പറഞ്ഞു, എൻറെ വിരൽ നഷ്ടപ്പെട്ടതും എൻറെ നന്മക്ക് വേണ്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ ബോധ്യപ്പെട്ടു. അപ്പോഴും പുഞ്ചിരിയോടെ മന്ത്രി പറഞ്ഞു, "എല്ലാം നല്ലതിന് ".

          അപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു, എൻറെ വിരൽ മുറിഞ്ഞപ്പോൾ നിങ്ങൾ 'ലഅല്ലഹു ഖൈർ' എന്നു പറഞ്ഞു. എന്നാൽ, നിങ്ങളെ ഞാൻ ജയിലിലടച്ചപ്പോൾ നിങ്ങളെന്തിനാ എല്ലാം നല്ലതിന് എന്ന് പറഞ്ഞത്. അപ്പോൾ മന്ത്രി പറഞ്ഞു: നിങ്ങളുടെ വിരൽ അറ്റപ്പോൾ ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളെന്നെ തുറുങ്കിലടക്കില്ലായിരുന്നു. നിങ്ങളെന്നെ തുറുങ്കിലടച്ചില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വീണ്ടും വേട്ടയാടാൻ വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളന്മാർ നമ്മെ രണ്ടുപേരെയും ബന്ദികളാക്കുകയും, അവസാനം വിരലില്ലാത്തതിൻറെ പേരിൽ നിങ്ങളെ വെറുതെ വിടുകയും എന്നെ വധിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഞാൻ അന്ന് പറഞ്ഞത് 'എല്ലാം നല്ലതിനാണ്' എന്ന്. 
ഇത് കേട്ട് രാജാവ് വളരെ സന്തോഷത്തോടെ പറഞ്ഞു, ലഅല്ലഹു ഖൈർ.

 #അലിഫ് അഹദ്

Friday, April 16, 2021

സൂഫീ ഗുരുവായ പിതാവ് തന്റെ മോനെ ഉപദേശിക്കുന്നു - Sufi Motivational Story in Malayalam

    
    ഒരിക്കൽ ഒരു സൂഫി ഗുരുവും തൻറെ മോനും കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അങ്ങനെ അവർ ഒരുപാട് ദൂരം യാത്ര ചെയ്തു. യാത്രക്കിടെ അവർ ഒരു ചെറുപട്ടണത്തിൽ പ്രവേശിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, വഴിയരികിൽ ഇരിക്കുന്ന ചില ആളുകൾ അവരോട് ചോദിച്ചു, നിങ്ങളെ കണ്ടിട്ട് സൂഫി ദർവീശുകളെ പോലെ തോന്നുന്നുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം! നിങ്ങൾക്ക് സൂഫികൾക്കുള്ള ഒരു സ്വഭാവവും ഇല്ലല്ലോ.. നിങ്ങളിൽ തീരെ കരുണ ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. നിങ്ങൾക്കത് ദയയില്ല. കാരണം, പാവം ആ കഴുതയുടെ മേലെ നിങ്ങൾ രണ്ടുപേരും യാത്ര ചെയ്യുന്നത് എത്ര കഷ്ടമാണ്. അതെത്ര ക്ഷീണിച്ചിട്ടുണ്ടാവും? ഇതുകേട്ട് ഗുരു മോനോട് പറഞ്ഞു, കുറച്ചപ്പുറത്തെത്തിയാൽ ഞാൻ ഇറങ്ങി നടക്കാം. മോൻ കഴുതപ്പുറത്തുതന്നെ ഇരുന്നോളൂ. അല്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ഇറങ്ങി കഴുതയുടെ കടിഞ്ഞാൺ പിടിച്ചു നടക്കാൻ തുടങ്ങി.

   അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു. കുറച്ചു സമയങ്ങൾക്കു ശേഷം, അവർ അടുത്ത ബസാറിൽ എത്തി. അപ്പോൾ അവിടെയും ചിലയാളുകൾ ഇരിക്കുന്നുണ്ട്. അവർ കഴുതപ്പുറത്തിരിക്കുന്ന മോനെ നോക്കി മുഖം ചുളിച്ചു. എന്നിട്ട് പറഞ്ഞു: എന്തൊരു മര്യാദയില്ലാത്ത ചെക്കൻ. സ്വന്തം പിതാവിനോട് അൽപമെങ്കിലും ബഹുമാനം മനസ്സിലുണ്ടെങ്കിൽ അവന് ഇങ്ങനെ ചെയ്യാൻ കഴിയുമോ? പിതാവ് താഴെ ഇറങ്ങി നടക്കുന്നു. അയാളുടെ മുഖത്തെ ക്ഷീണം കണ്ടോ.. എത്ര പാവമാണയാൾ. എന്നിട്ടും മോൻ കഴുതപ്പുറത്ത് കയറി വിലസുന്നു. ഇത് കേട്ട് പിതാവ് മോനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാരല്യ കുറച്ചപ്പുറത്തെത്തിയാൽ ഞാൻ കഴുതപ്പുറത്ത് കയറാം. അപ്പോൾ മോൻ നടന്നോണ്ടൂ.. അങ്ങിനെ, പിതാവ് കഴുതപ്പുറത്തും മോൻ കൂടെ നടക്കുകയുമായി. 

     അവർ വീണ്ടും യാത്ര തുടർന്നു. അടുത്ത അങ്ങാടിയിലെത്തിയപ്പോൾ അവിടെയും കുറച്ച് ആളുകൾ നിൽക്കുന്നുണ്ട്. അവർ അത്ഭുതം അഭിനയിച്ചുകൊണ്ട് പറഞ്ഞു, ദാ അങ്ങോട്ടു നോക്കൂ.. സ്വന്തം മോനോട് ഒരല്പം പോലും സ്നേഹമില്ലാത്ത പിതാവിനെ കണ്ടോളൂ.. ഇയാൾ എത്ര ക്രൂരനാണ്. മോനോട് കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ, കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇയാൾ ഇങ്ങനെ ചെയ്യില്ല. ആ കുട്ടി എത്ര ദയനീയമായാണ് നടക്കുന്നത്. ഇത് കേട്ടപ്പോൾ ആ പിതാവും മോനും ഒപ്പം ചിരിച്ചു. ഇതെന്തു കഥ! ആളുകൾക്ക് നാം എന്ത് ചെയ്താലും മോശം അഭിപ്രായമാണല്ലോ പറയാനുള്ളത്, മോൻ പറഞ്ഞു. അങ്ങനെ, രണ്ട് പേരും കഴുതപ്പുറത്തു നിന്നും ഇറങ്ങി നടക്കാൻ തീരുമാനിച്ചു. കാരണം, അങ്ങനെയെങ്കിലും ആളുകൾ സന്തോഷിക്കട്ടെ. 

      അവർ വീണ്ടും കുറച്ചു ദൂരം യാത്ര ചെയ്തു. അങ്ങനെ അടുത്ത ടൗണിൽ എത്തിയപ്പോൾ അവിടെയും ഇതുപോലെ കുറച്ച് ആളുകൾ നിൽക്കുന്നുണ്ട്. അവിടെയുള്ളവർ ഒന്നും പറയുന്നതിനു മുമ്പ് തന്നെ അവരെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. എന്നിട്ട് അവർ പറഞ്ഞു: ഇവരെന്ത് വിഡ്ഢികളാണ്. മന്ദബുദ്ധികൾ. നമുക്കൊന്നും യാത്ര ചെയ്യാൻ കഴുത ഇല്ലാത്തതു കൊണ്ടാണ്. ഇവർ കണ്ടില്ലേ, കഴുത ഉണ്ടായിട്ടും ഇറങ്ങി നടക്കുന്നു. പിന്നെന്തിനാണ് ഇവർക്കിതിനെ?! മോൻ ദേഷ്യത്തോടെ ആളുകളെ നോക്കി. അപ്പോൾ മഹാനായ ആ പിതാവ് മോൻറെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു: മോനേ.. ഇതാണ് ജനങ്ങളുടെ അവസ്ഥ. നാം എന്ത് ചെയ്താലും എന്ത് പറഞ്ഞാലും അതിലെല്ലാം നെഗറ്റീവുകൾ മാത്രം കണ്ട് എതിരഭിപ്രായം പറയാൻ ഒരുപാടാളുകളുണ്ടാവും. അതുകൊണ്ട് നമുക്ക് ചുറ്റുമുള്ള മുഴുവനാളുകളെയും സന്തോഷിപ്പിച്ചു കൊണ്ട തൃപ്തിപ്പെടുത്തി കൊണ്ടോ ഒരു കാര്യവും നമുക്ക് ചെയ്യാനാവില്ല. മോനേ നിൻറെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നേ ഉള്ളൂ. അതുകൊണ്ട്, ഇതിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് നീ ജീവിക്കണം. എന്ത് ചെയ്യുമ്പോഴും നിൻറെ മനസ്സാക്ഷിക്ക് യോജിക്കുന്നത് മാത്രം നീ ചെയ്യുക. എന്നാൽ നിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും മനപ്പൂർവ്വം മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതാവരുത്. മാത്രമല്ല, പ്രശസ്തിക്കുവേണ്ടി യോ ആളുകളുടെ പ്രശംസകൾ കേൾക്കാൻ വേണ്ടിയോ നീ ഒരു കാര്യവും ചെയ്യരുത്. അങ്ങനെ ചെയ്താൽ നിന്നിൽ നിന്നും ആത്മാർത്ഥത എന്ന നല്ല ക്വാളിറ്റി നഷ്ടപ്പെടും. അപ്പോൾ മോൻ ചോദിച്ചു:
പ്രശസ്തിക്കുവേണ്ടിയാണെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ പോരെ, ഫലം ഉണ്ടാവുമല്ലോ? സൂഫീ ഗുരുവായ പിതാവ് പറഞ്ഞു: ഫലമുണ്ടാകും. പക്ഷേ, ആ ഫലങ്ങളൊക്കെ നശ്വരമാണ്. ഒരൽപ്പ സമയത്തേക്ക് മാത്രം. കാരണം, നിനക്കുള്ളത് ഇങ്ങനെയുള്ള മോശം മനോഭാവമാണെങ്കിൽ നിന്നെ നിരീക്ഷിക്കുവാനും പ്രശംസിക്കുവാനും ആളുകൾ ഉണ്ടാകുമ്പോഴേ നീ നന്മ ചെയ്യാൻ ശ്രമിക്കുക യുള്ളൂ. അല്ലാത്ത സമയത്ത് നീ കുഴിമടിയനാവും. ഇത് കേട്ട് സംതൃപ്തനായി അവൻ തലയാട്ടി. പിതാവ് മോനെ നെറ്റിയിൽ ഒരു ചുംബനം അർപ്പിച്ചു.

#അലിഫ് അഹദ്

Thursday, April 15, 2021

നിധി കൂടെയുണ്ട്, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം - Sufi Motivational Story in Malayalam

         
         ഒരിക്കൽ ഒരാൾ തൻറെ ജീവിത പ്രാരാബ്ദം കാരണം നാടുവിടാൻ തീരുമാനിച്ചു. സാധാരണ കൂലിപ്പണി ചെയ്തൊന്നും ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവില്ല, വല്ല നിധിയും കിട്ടിയാലേ ജീവിതം തിരിച്ചുപിടിക്കാനാകൂ എന്നയാൾ വിശ്വസിച്ചു. 

    കെട്ട് പ്രായമെത്തിയ രണ്ട് പെൺമക്കളും ചെറിയ ഒരു മഴയിൽ പോലും ചോർന്നൊലിക്കുന്ന തൻറെ വീടും ചോരനീരാക്കിയുള്ള തന്റെ ദൈനംദിന ജോലിയും അയാൾക്ക് മടുത്തിരുന്നു. അതിനെല്ലാമുപരി, സ്വന്തം കുടുംബത്തിന്റെ കുത്തുവാക്കുകളും അയാളെ വല്ലാതെ തളർത്തി. 

       അങ്ങനെ, ഒരു പാട് ദിവസത്തെ മാനസിക തയ്യാറെടുപ്പിന് ശേഷം ആരോടും മിണ്ടാതെ ഒരു ദിവസം രാത്രി കുടുംബം ഉറങ്ങി കിടന്നപ്പോൾ അയാൾ വീടുവിട്ടിറങ്ങി. ആൽക്കമിസ്റ്റിലെ സാൻഡിയാഗോയെ പോലെ നിധി കിട്ടണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഒരുപാട് ദിവസം പലയിടങ്ങളിലായി അയാൾ അലഞ്ഞു നടന്നു. നിധിയെ കുറിച്ച് പലരോടും അന്വേഷിച്ചു. 

          സൂഫീ ഗുരുക്കന്മാരെയും സന്യാസിമാരെയുമൊക്കെ അയാൾ സമീപിച്ചു. നിധി എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ എന്നയാൾ അപേക്ഷിച്ചു. അവർ പറഞ്ഞു, നിധി നിൻറെ കൂടെ തന്നെയുണ്ട്. പക്ഷേ നീ തിരിച്ചറിയണമെന്ന് മാത്രം. അങ്ങനെ, പല രാത്രികളുമയാൾ ഉറങ്ങാതെ നടന്നു. ക്ഷീണം സഹിക്കാനാവാതെ വന്നപ്പോൾ ചില പകലുകളിൽ അയാൾ പല കടത്തിണ്ണകളിലും ഉറങ്ങി. വിശന്നപ്പോൾ പലരോടും കൈനീട്ടി. എങ്ങിനെയെങ്കിലും നിധി കൈവശപ്പെടുത്തണം.

          കുടുംബത്തെക്കുറിച്ചയാൾ ചിലനേരങ്ങളിൽ ഓർക്കും. അപ്പോൾ അയാൾ കരയും. ചിലപ്പോൾ പൊട്ടിച്ചിരിക്കും. ഭ്രാന്തനെപ്പോലെ. നിധി, നിധി എന്ന് മാത്രം അയാൾ ചിന്തിച്ച് നടന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം അയാൾ നിരാശനായി ഒരു കടൽക്കരയിലെത്തി. കടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അല്പം മനസ്സമാധാനം ലഭിക്കും എന്നയാൾക്ക് തോന്നി. സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ആളുകൾ ഒഴിഞ്ഞുകിടക്കുന്ന ആ കടൽതീരത്ത് മണലിൽ അയാളിരുന്നു. 

          തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചോർത്ത് സങ്കടപ്പെട്ടു. തൻറെ യാത്രയ്ക്ക് ഒരു അറ്റമുണ്ടാവില്ലേ എന്നയാൾ പരിതപിച്ചു. അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കെ അയാളുടെ കൈ എന്തോ ഒരു വസ്തുവിൽ തട്ടി. അരണ്ട വെളിച്ചത്തിൽ അയാൾ അതൊന്നു പൊക്കി നോക്കിയപ്പോൾ അതൊരു സഞ്ചിയായിരുന്നു. സഞ്ചിയിൽ നിറയെ ചിരൽകല്ലുകളാണ്. കുട്ടികൾ നിറച്ച തായിരിക്കും എന്നയാൾ ചിന്തിച്ചു. അങ്ങനെ തന്റെ മനസ്സിൽ ഓരോ വിചാരങ്ങൾ മിന്നിമറഞ്ഞു. അതിനിടെ അശ്രദ്ധയോടെ സാധാരണ പലരും ചെയ്യുന്നതുപോലെ ഇയാൾ സഞ്ചിയിലുള്ള ഓരോ കല്ലുകളും കടലിലേക്കെറിയാൻ തുടങ്ങി. കൂടുതൽ സങ്കടകരമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ മൂന്നും നാലും കല്ലുകൾ കൂട്ടത്തോടെ അയാളെറിഞ്ഞു.

        അവസാനം പ്രഭാതം പൊട്ടിവിടർന്നു. സൂര്യൻ മെല്ലെ മെല്ലെ തലപൊക്കി. സൂര്യപ്രകാശം അവിടമാകെ പരക്കാൻ തുടങ്ങി. അപ്പോൾ അയാളുടെ കയ്യിൽ ഒരു കല്ലു മാത്രം ബാക്കിയുണ്ടായിരുന്നു. അയാൾ വെറുതെ കടലിലേക്ക് നോക്കിയപ്പോൾ സൂര്യകിരണങ്ങൾ തട്ടി അത് വെട്ടി തിളങ്ങാൻ തുടങ്ങി. അൽഭുതം. അതൊരു അമൂല്യമായ രത്നക്കല്ലായിരുന്നു. രാത്രി മുഴുവൻ താൻ കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നത് ഈ രത്നകല്ലുകളായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഇയാൾ മോഹാലസ്യപ്പെട്ടു വീഴുകയും ഹൃദയം തകർന്നു മരിക്കുകയും ചെയ്തു എന്നാണ് കഥ.

           ഈ കഥയിൽ നിധി തേടി നടന്ന വ്യക്തിയെ നമുക്ക് നമ്മോട് തന്നെ ഉപമിക്കാം. നഷ്ടപ്പെടുത്തിയ ഓരോ രത്നങ്ങളും നാം വെറുതെ കളയുന്ന സമയങ്ങളായും അല്ലെങ്കിൽ നാം തിരിച്ചറിയാതെ പോകുന്ന നമുക്ക് ലഭിച്ച ദൈവീക അനുഗ്രഹങ്ങളായും, അല്ലെങ്കിൽ ദൈവം വിജയിക്കാനായി നമുക്ക് നൽകുന്ന ഓരോ സാധ്യതകളായും കണക്കാക്കാം. ഇവയെല്ലാം നഷ്ടപ്പെടുത്തി അവസാനം മരണം മുന്നിൽ കാണുമ്പോൾ ആയിരിക്കും പൊതുവേ നമുക്ക് ബോധം വരികയുള്ളൂ. വിജയിക്കാനുള്ള സാധ്യതകൾ എപ്പോഴും കൂടെയുണ്ട്. പക്ഷേ, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം.

#അലിഫ് അഹദ്

Wednesday, April 14, 2021

ദിവ്യാനുരാഗികൾക്ക് ഭയമോ ദുഃഖമോ ഇല്ല! - Sufi Motivational Story in Malayalam

            സമുദ്രത്തിലൂടെ ഒരു ചെറു പായ്ക്കപ്പൽ നീങ്ങി കൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരും, വ്യാപാരികളും, സമ്പന്നരും, തൊഴിലാളികളും , ടൂറിസ്റ്റുകളുമായ യാത്രക്കാരാണ് കപ്പലിൽ. കപ്പലിന്റെ ഒരു സൈഡിൽ ജാലകത്തിനടുത്തായി ഒരു ഭാര്യയും ഭർത്താവും ഇരിക്കുന്നുണ്ട്. എല്ലാവരും സാധാരണ സംസാരത്തിലും കളി ചിരിയിലുമാണ്. കപ്പൽ ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സമയം അർദ്ധരാത്രിയായിട്ടുണ്ട്.

     അതിനിടെ ആകാശം മേഘാവൃതമായി. ഇടിയോടുകൂടിയ മഴ പെയ്യാൻ തുടങ്ങി. ശക്തമായ കാറ്റ് ആഞ്ഞു വീശി. കപ്പൽ കാറ്റിൽ ആടിയുലഞ്ഞു. യാത്രക്കാർ ഭയചകിതരായി. പലരും നിലവിളിക്കാൻ തുടങ്ങി. തങ്ങളുടെ ജീവൻ അപകടത്തിലായിരിക്കുന്നു. ചിലരൊക്കെ കൈ ഉയർത്തി പ്രാർത്ഥിക്കുകയാണ്. 

          ആ സമയത്ത് ജാലകത്തിനരികിൽ പേടിച്ചിരിക്കുന്ന ഭർത്താവ് ഭാര്യയെ നോക്കി. അവൾ പുറത്തേക്ക് നോക്കി ഭയലേശമന്യേ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. ഇതു കണ്ട് കൊണ്ട് അത്ഭുതപ്പെട്ട ഭർത്താവ് ചോദിച്ചു, നിനക്ക് എന്തുപറ്റി? എല്ലാവരും ഭയന്നു നിലവിളിക്കുമ്പോൾ, നിന്റെ മുഖത്ത് ഞാനൊരു ഭയവും കാണുന്നില്ലല്ലോ!
 ഈ ആപൽഘട്ടത്തിലും നിനക്കെങ്ങനെയാണ് പുഞ്ചിരിക്കാൻ കഴിയുന്നത്? ഇത് കേട്ട ഭാര്യ എണീറ്റു. കപ്പലിന്റെ കോണിൽ കണ്ട ഒരു കത്തിയെടുത്ത് ഭർത്താവിൻറെ അരികിലേക്ക് വന്നു. ഭാര്യ എന്താണ് ചെയ്യുന്നത് എന്നറിയാതെ നോക്കി നിൽക്കുന്ന ഭർത്താവിൻറെ കഴുത്തിൽ ഭാര്യ കത്തി വച്ചു. ശേഷം അവൾ ചോദിച്ചു, നിങ്ങൾക്കിപ്പോൾ പേടിയുണ്ടോ? നിങ്ങളുടെ കഴുത്തിൽ ഞാനൊരു കത്തിയാണ് വെച്ചിരിക്കുന്നത്. ഇത് കേട്ടുകൊണ്ട് ഭർത്താവ് ചിരിച്ചു. എന്ത് പേടി. നീ എൻറെ പ്രിയതമയല്ലേ.. എന്നെ എത്രയോ സ്നേഹിക്കുന്ന എൻറെ പ്രണയിനിയല്ലേ... പിന്നെന്തിനു ഞാൻ നിന്നെ പേടിക്കണം.? 

     അപ്പോൾ കഴുത്തിൽനിന്നും കത്തിയെടുത്ത് ഭാര്യ പറഞ്ഞു, ഈ ഒരു പ്രണയം തന്നെയാണ് എൻറെയും പേടി അകറ്റിയത്. എല്ലാവരെയും ഭയപ്പെടുത്തിയ ഈ കാറ്റിലും കോളിലും ഞാൻ ഭയപ്പെടാതിരിക്കാനുള്ള കാരണം എൻറെ പ്രണയഭാജനത്തോടുള്ള എൻറെ അതിരറ്റ അനുരാഗമാണ്. എൻറെ പ്രണയിയോടുള്ള എൻറെ വിശ്വാസമാണ്. എന്നെ ഒരിക്കലും വഞ്ചിക്കാത്ത എൻറെ നാഥൻ, എനിക്കവൻ നൽകുന്നതെല്ലാം നന്മ മാത്രമാണ്. അവൻ എനിക്ക് നല്ലതേ വിധിക്കൂ.. പക്ഷേ, അവൻറെ പ്രവർത്തനങ്ങളുടെ പൊരുളുകൾ നാം അറിയാതെ പോകുന്നു എന്ന് മാത്രം.

         ഇതെല്ലാം കേട്ട് അനുരാഗത്തിന്റെ ആഴം മനസ്സിലാക്കിയ ഭർത്താവ് ആ ഇളകിമറിയുന്ന നടുക്കടലിലും അക്ഷോഭ്യനായി കാണപ്പെട്ടു. പുഞ്ചിരിയോടെ അയാൾ വിളിച്ചു, യാ.. അല്ലാഹ്.


അലിഫ് അഹദ്

Tuesday, April 13, 2021

യഥാർത്ഥ ഗുരുവിനെയും തേടി - Sufi Motivational Story in Malayalam

ഒരിക്കൽ സൂഫീ മാർഗത്തെ കുറിച്ചും ഗുരുക്കന്മാരെ കുറിച്ചും കേട്ടറിഞ്ഞ, അല്ലെങ്കിൽ പുസ്തകങ്ങളിൽനിന്നും മാത്രം പഠിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ ഒരു സൂഫീ ഗുരുവിൻറെ ശിഷ്യത്വം സ്വീകരിച്ച് സൂഫി മാർഗ്ഗത്തിൽ പരിത്യാഗിയാവാൻ ആഗ്രഹിച്ചു. അങ്ങനെ സൂഫി ഗുരുവിനെയും തേടി യാത്രയായി.

      ഒരുപാട് യാത്ര ചെയ്തപ്പോൾ വഴിയരികിൽ ഒരു ദർവീശിനെ കണ്ടുമുട്ടി. അദ്ദേഹം ആ ദർവീശിനോട് ചോദിച്ചു, എനിക്കൊരു പൂർണ്ണരായ ഗുരുവിനെ സ്വീകരിക്കണം. അങ്ങയുടെ പരിചയത്തിൽ വല്ല ഗുരുക്കന്മാരും ഉണ്ടോ? ധ്യാനത്താൽ തീക്ഷ്ണമായ മിഴികൾ മെല്ലെ ഉയർന്നു. അയാളെ നോക്കിക്കൊണ്ട് ആ ദർവീശ് പറഞ്ഞു, ഒരിക്കൽ നിനക്ക് പൂർണനായ ഒരു ഗുരുവിനെ ലഭിക്കും. നീ ഇനിയും അന്വേഷിക്കണം. ഉൽഘടമായ ആഗ്രഹം നിനക്കുണ്ടാവണം. മാത്രമല്ല, നിൻറെ ആസക്തികളും ദേഹേച്ഛകളും നീ നിയന്ത്രിക്കണം. നീ അന്വേഷിക്കുക.

     അയാൾ ചോദിച്ചു, എൻറെ ഗുരുവിനെ തിരിച്ചറിയാൻ എന്തെങ്കിലും ലക്ഷണങ്ങൾ പറഞ്ഞുതരുമോ? സ ദർവീശ് പറഞ്ഞു: വെളുത്ത വസ്ത്രം ധരിച്ച് ഒരു പുഴക്കരയിൽ നിന്നെ കാത്തിരിക്കുന്നുണ്ടാകും. അദ്ദേഹത്തിൻറെ മുഖം പ്രകാശപൂരിതമായിരിക്കും. അദ്ദേഹത്തിൽ നിന്നും കസ്തൂരിയുടെ ഗന്ധം വമിക്കുന്നുണ്ടാകും.
       തന്റെ ഗുരുവിന്റെ അടയാളങ്ങൾ മനസ്സിലുറപ്പിച്ച് അയാൾ നടന്നു. ഗ്രാമഗ്രാമാന്തരങ്ങളും, നഗരങ്ങളും, കാടും, മലയും താണ്ടി അയാൾ നടന്നു. മരുഭൂമിയിലെ കൊടും ചൂടും, തീക്കാറ്റും അയാൾക്ക് ഒരു വിഷയമായിരുന്നില്ല. 
തൻറെ ചിന്തകൾ ഏകീകരിച്ച് മനഃ ശക്തിയോടെ അയാൾ സഞ്ചരിച്ചു. കാമക്രോധാദികൾക്ക് മുമ്പിലും അയാൾ പതറിയില്ല. എല്ലാ പരീക്ഷണങ്ങളും വിജയിക്കേണ്ടതുണ്ടെന്ന നിശ്ചയദാർഢ്യം അയാൾക്കുണ്ടായിരുന്നു. 

       തോറ്റു കൊടുക്കാത്ത മനസ്സുമായി നീണ്ട പത്ത് വർഷം ആയാൾ അലഞ്ഞുനടന്നു. അവസാനം അയാൾ ഒരു പുഴക്കരയിൽ എത്തി. അവിടെ ഒരു സൂഫി ഗുരുവിനെ പോലെ തോന്നിക്കുന്ന ഒരാൾ ഇയാളെയും കാത്തിരിക്കുന്നുണ്ടായിരുന്നു. വെളുത്ത വസ്ത്രമാണദ്ദേഹം ധരിച്ചിരിക്കുന്നത്. മുഖം പ്രകാശപൂരിതമായിരുന്നു. കസ്തൂരി വെല്ലുന്ന സുഗന്ധം അദ്ദേഹത്തിൽനിന്നും അയാൾ അനുഭവിച്ചു. അയാൾ ഹർഷ പുളകിതനായി.
താൻ തൻറെ പ്രാണനാഥനായ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു. തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. അയാൾ അടുത്തേക്ക് താഴ്മയോടെ ചെന്നു. സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊഴിച്ചുകൊണ്ട് അയാൾ ഗുരുവിൻറെ മുഖത്തുനോക്കി. അയാൾക്ക് വിശ്വസിക്കാനായില്ല. അത്ഭുതത്തോടെ അയാൾ ചോദിച്ചു: പത്ത് വർഷങ്ങൾക്കു മുമ്പ് ഞാൻ വഴിയിൽ കണ്ട ആ ദർവീശ് അല്ലയോ നിങ്ങൾ? അതേ മോനേ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. അയാൾ ചോദിച്ചു, അന്ന് ഞാൻ നിങ്ങളെ കണ്ടപ്പോൾ ഈ വിശേഷണങ്ങളൊന്നും നിങ്ങളിൽ ഉണ്ടായിരുന്നില്ലല്ലോ! പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഉണ്ടായിരുന്നു മോനേ.. പക്ഷേ, അത് ദർശിക്കുവാനുള്ള കണ്ണുകൾ നിനക്ക് അന്നില്ലായിരുന്നു. പത്തുവർഷത്തെ യാത്ര നിൻറെ ആ കണ്ണുകൾ തുറപ്പിച്ചു. നിൻറെ ഹൃദയത്തിൻറെ കണ്ണുകൾ. താനറിയാതെ തന്നെ നേർവഴിക്ക് നയിച്ച തന്റെ പ്രണയഭാജനമായ ഗുരുവിൻറെ മുമ്പിൽ അയാൾ നമിച്ചു. പിന്നെ അവർ ഒന്നിച്ചു നടന്നു. ഒന്നായി നടന്നു. സംസാരസാഗരത്തിനും അപ്പുറത്തേക്ക്.


അലിഫ് അഹദ്

Monday, April 12, 2021

കച്ചവടക്കാരനായ സൂഫി - Sufi Motivational Story in Malayalam

      ഈജിപ്തിൽ ഒരു പ്രമുഖനായ വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ സൂഫി മാർഗ്ഗം സ്വീകരിക്കുകയും ഈ വാർത്ത കാട്ടുതീപോലെ പരക്കുകയും ചെയ്തു. പലർക്കും അത് വിശ്വസിക്കാനായില്ല. അദ്ദേഹം ഒരിക്കലും അങ്ങനെയാവാൻ വഴിയില്ല എന്നായിരുന്നു പലരും പറഞ്ഞത്.

       അങ്ങനെയിരിക്കെ ഈജിപ്തിൽ നിന്നും ഒരു കച്ചവട സംഘം ബാഗ്ദാദിലേക്ക് പുറപ്പെട്ടു. കച്ചവടസംഘം സൂഫിയായ വ്യക്തിയുടെ ഒരു സുഹൃത്തിനെ കാണുകയും അദ്ദേഹത്തോട് ആ വിവരം പറയുകയും ചെയ്തു. നിന്റെ പഴയകാല സുഹൃത്തായിരുന്ന ഇന്നാലിന്ന വ്യക്തി ഇന്നൊരു സൂഫിയാണ്. തന്റെ സുഹൃത്ത് സൂഫിയായ വിവരമറിഞ്ഞ് സന്തോഷിച്ച ബഗ്ദാദ് കാരൻ ഉടനെ തന്നെ ഈജിപ്തിലേക്ക് പുറപ്പെട്ടു. 


       ഒരുപാട് ദിവസത്തെ യാത്രക്കൊടുവിൽ ഈജിപ്തിലെത്തിയ അദ്ദേഹം തന്റെ സൂഫിയായ സുഹൃത്തിനെ അന്വേഷിച്ച് നടന്നു. അവസാനം താൻ പഴയകാലത്ത് കച്ചവടം ചെയ്തിരുന്ന അതേ കടയിൽ അതേ വേഷത്തിൽ അദ്ദേഹം നിൽക്കുന്നത് കണ്ട് അത്ഭുതപ്പെട്ട ബാഗ്ദാദുകാരനായ വ്യക്തി ചോദിച്ചു, നീയൊരു സൂഫിയായി എന്ന് അറിഞ്ഞിട്ടാണല്ലോ ഞാൻ ഇത്രയും ദൂരം കഷ്ടപ്പെട്ട് വന്നത്. പക്ഷേ, എൻറെ യാത്രയെല്ലാം വെറുതെയായിപ്പോയല്ലോ.. കാരണം നിന്റെ വേഷത്തിലോ ഭാവത്തിലോ ഒന്നും എനിക്ക് സൂഫിസം കാണാൻ കഴിയുന്നില്ലല്ലോ.. ചോദ്യം കേട്ടുകൊണ്ട് ബാഗ്ദാദുകാരനായ തൻറെ സുഹൃത്തിൻറെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് വ്യാപാരിയായ സൂഫി
പറഞ്ഞു, എൻറെ സൂഫിസം എന്നെ ബാധിച്ചത് എൻറെ വേഷത്തെയോ ഭാവത്തെയോ അല്ല. മറിച്ച് എൻറെ ഹൃദയത്തെയാണ്. 
പണ്ട് എനിക്ക് എൻറെ കച്ചവടത്തിൽ വല്ല നഷ്ടവും സംഭവിക്കുകയാണെങ്കിൽ ഞാൻ വല്ലാതെ ദുഃഖിതനാവുമായിരുന്നു. ആരെങ്കിലും എൻറെ കടയിൽ വന്ന് കടം പറഞ്ഞ് വല്ല സാധനവും വാങ്ങി കൊണ്ടു പോയാൽ ഞാൻ പിറുപിറുക്കുമായിരുന്നു. എനിക്ക് ആരെങ്കിലും പണം തരാൻ ഉണ്ടെങ്കിൽ ഏതു മാർഗ്ഗത്തിലൂടെയും ഞാൻ അവൻറെ കയ്യിൽ നിന്നും ആ പണം തിരിച്ചു വാങ്ങുമായിരുന്നു. അവൻറെ അവസ്ഥ ഒരിക്കൽപോലും ഞാൻ അന്വേഷിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ അങ്ങനെയല്ല.
എന്റെ വ്യാപാരത്തിൽ
നഷ്ടം സംഭവിക്കുകയോ, ആരെങ്കിലും കടം വാങ്ങുകയോ ചെയ്താലും അതൊന്നും എന്റെ സ്വസ്ഥതയെ ബാധിക്കുന്ന വിഷയമല്ല. കാരണം ഞാനിന്ന് ഒരാളുമായി പ്രണയത്തിലാണ്. എൻറെ പ്രണയഭാജനം എനിക്ക് വിധിച്ചത് മാത്രമേ എനിക്ക് സംഭവിക്കുകയുള്ളൂ എന്നും, എൻറെ പ്രണയഭാജനം എനിക്ക് നന്മയല്ലാതെ ഒന്നും വിധിക്കില്ല എന്നും എനിക്ക് ഉറപ്പാണ്.
 ഏത് സമയത്തും അവൻറെ നാടകങ്ങളെ, അവൻറെ പ്രവർത്തനങ്ങളെ വീക്ഷിച്ചുകൊണ്ട് പുഞ്ചിരി തൂകി ജീവിക്കാൻ എൻറെ ഉള്ളിലുള്ള സൂഫിസം എന്നെ പഠിപ്പിച്ചു. അതുകൊണ്ട് എൻറെ ഹൃദയത്തെയാണ് എൻറെ സൂഫിസം പരിവർത്തനപ്പെടുത്തിയത്. അല്ലാതെ എൻറെ വേഷത്തെയോ എൻറെ രൂപയോ എൻറെ ജോലിയെയോ അല്ല.

       സൂഫീ ഗുരുക്കന്മാരുടെ ഗുരുവര്യരായ പ്രവാചകർ (സ) പറഞ്ഞു: ദൈവം നിങ്ങളുടെ വേഷത്തിലേക്കോ നിങ്ങളുടെ രൂപത്തിലേക്കോ നോക്കുന്നില്ല. അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്.

Saturday, April 10, 2021

ധനികനായ സൂഫിയും ദരിദ്രനായ സൂഫിയും - Sufi Motivational Story in Malayalam

    രിക്കൽ രണ്ട് സൂഫികൾ ഉണ്ടായിരുന്നു. ഒരാൾ വലിയ ധനാഢ്യനും മറ്റേയാൾ ദരിദ്രനും ആയിരുന്നു. സമ്പന്നനായ സൂഫി ഒരു സാധാരണക്കാരനെപ്പോലെയാണ് ജീവിച്ചിരുന്നത്. വലിയ പ്രൗഢിയോ പ്രതാപമോ വിളിച്ചറിക്കാത്ത ഒരു ഇടത്തരം വീട്, നാട്ടിൽ പൊതുവെ ജനങ്ങൾ  ഉപയോഗിക്കുന്ന ഒരു വാഹനം,  സാധാരണക്കാരുടെ വസ്ത്രം. ഒരു പാട് സമ്പത്തുണ്ടായിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന അദ്ദേഹത്തെ പലരും വലിയ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. ആളുകൾ പരസ്പരം പറയും, എന്തൊരു വിനയാന്വിതനാണ് അദ്ദേഹം. ഇത്രയൊക്കെ പണമുണ്ടായിട്ടും അദ്ധേഹത്തിന്റെ ജീവിതത്തിലെ എളിമ കണ്ടില്ലേ... ഇത് കേൾക്കുമ്പോൾ ചിലർ പറയും, അയാൾ ശരിക്കും ഒരു ഹതഭാഗ്യനാണ്, കാരണം അയാളുടെ സ്വത്ത് നാട്ടിലെ മറ്റുള്ളവർക്ക് ഉപകാരപ്പെട്ട അത്ര പോലും  അയാൾക്ക് ഉപയോഗിക്കാനുള്ള ഭാഗ്യമില്ല എന്ന് വേണം അനുമാനിക്കാൻ. 

                അങ്ങനെയിരിക്കെ, അൽപം മാത്രം സംസാരിക്കാറുള്ള അദ്ധേഹത്തോട് ഒരാൾ ചോദിച്ചു, ഇത്രയും വലിയ സമ്പത്തിന്റെ ഉടമയായിട്ടും നിങ്ങളെന്താണ് സാധാരണക്കാരനെപ്പോലെ ജീവിക്കുന്നത്? അപ്പോൾ ആ സൂഫി ഒന്ന് പുഞ്ചിരിച്ചു, ശേഷം പറഞ്ഞു: എനിക്ക് സമ്പത്തോ, ഞാനൊരു കാര്യം ചോദിക്കട്ടെ? ഒരു വെക്തിക്ക് ഓരാൾ ഒരു 10000 ദീനാർ വേറൊരാൾക്ക് നൽകാൻ വേണ്ടി ഏൽപ്പിച്ചു, കൂടെ അതിൽ നിന്നും നിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം നിനക്കും ഉപയോഗിക്കാമെന്ന് പറഞ്ഞു, എങ്കിൽ അയാൾ എന്ത് ചെയ്യും? അത്ര മാത്രമേ ഞാനും ചെയ്യുന്നൊള്ളൂ. 

എന്റെ നാഥൻ എന്നെ പലതും ഏൽപ്പിച്ചു. അതും കാലങ്ങളായി ആരൊക്കെയോ മാറി മാറി ഉപയോഗിച്ചത്. ഇനി എന്നിൽ ഇത് അവസാനിക്കുന്നുമില്ല.  ഞാനും ഇതാർക്കൊക്കെയോ കയ്മാറുന്നു. രണ്ട് കൈമാറ്റങ്ങൾക്കിടയിലുള്ള ഒരു ഇടവേളയിൽ എനിക്ക് അത്യാവശ്യമായത് മാത്രം ഞാനും ഉപയോഗിക്കുന്നു. അത് ഹലാലും ത്വയ്യിബുമാവാൻ ഞാൻ ആഗ്രഹിക്കുന്നു.

പിന്നെ, ധനികനല്ലാത്ത മറ്റൊരു സൂഫിയെ കുറിച്ച് കഥയുടെ തുടക്കത്തിൽ നാം സൂചിപ്പിച്ചിരുന്നു. അദ്ധേഹം മുമ്പ് പറഞ്ഞ സൂഫിയിൽ നിന്ന് വ്യത്യസ്തനായിരുന്നു. അദ്ധേഹം ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങളേ ധരിക്കുകയൊള്ളു.. ഏറ്റവും മുന്തിയ ഇനം വാഹനത്തിലേ കേറൂ.. സമൂഹത്തിലെ ഉന്നത സ്ഥാനമലങ്കരിക്കുന്നവരുടെ മട്ടും ഭാവവുമായിട്ടായിരുന്നു ഒറ്റനോട്ടത്തിൽ അദ്ധേഹത്തിന്റേത്. ഓരോ ദിവസവും ജോലി ചെയ്ത് കിട്ടുന്ന തുക സ്വരൂപിച്ച് അദ്ദേഹം പ്രൗഢിയോടെ ജീവിക്കാൻ ശ്രമിച്ചു.

ആ സൂഫിയെ കുറിച്ച് ആളുകൾ പറഞ്ഞു : പൈതൃകം കൊണ്ടും സമ്പത്ത് കൊണ്ടും വളരെ താഴെ തട്ടിലാണെങ്കിലും അയാളുടെ നടപ്പ് കണ്ടില്ലേ.. അഹങ്കാരിയാണ് അയാൾ.

ഒരിക്കൽ ഒരാൾ അദ്ധേഹത്തോട് ചോദിച്ചു : നിങ്ങളെന്താണ് നിങ്ങൾക്കുള്ളതിനേക്കാൾ പ്രൗഢി കാണിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ അഭിനയിക്കുന്നത്? അത് അഹങ്കാരമല്ലേ...


അപ്പോൾ ആ ദർവീശ് പറഞ്ഞു : സമൂഹത്തിൽ രണ്ട് തരം യാചകരുണ്ട്. ഒന്ന്, വല്ലതും തരണേ, ഞങ്ങളെ സഹായിക്കണേ എന്ന് പറഞ്ഞ് ആളുകൾക്ക് മുമ്പിൽ കൈ നീട്ടുന്നവർ. രണ്ട്, പ്രത്യക്ഷത്തിൽ വായകൊണ്ട് യാചിക്കുന്നില്ലെങ്കിലും വേഷം കൊണ്ടും ഭാവം കൊണ്ടും 'വല്ലതും തരണേ' എന്ന മട്ടിൽ നടക്കുന്നവർ. എനിക്ക് ഈ രണ്ട് രൂപത്തിലും യാചിക്കാൻ ഇഷ്ടമില്ല. എനിക്ക് ആരുടെയും ഔദാര്യവും വേണ്ട. ഒരേ ഒരാളുടെ ഔദാര്യത്തിന് വേണ്ടി കൈ നീട്ടിക്കൊണ്ടാണ് ഞാൻ രാവും പകലും ജീവിക്കുന്നത് - എന്റെ പ്രണയഭാജനമായ തമ്പുരാന്റെ ഔദാര്യം.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...