Wednesday, April 14, 2021

ദിവ്യാനുരാഗികൾക്ക് ഭയമോ ദുഃഖമോ ഇല്ല! - Sufi Motivational Story in Malayalam

            സമുദ്രത്തിലൂടെ ഒരു ചെറു പായ്ക്കപ്പൽ നീങ്ങി കൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരും, വ്യാപാരികളും, സമ്പന്നരും, തൊഴിലാളികളും , ടൂറിസ്റ്റുകളുമായ യാത്രക്കാരാണ് കപ്പലിൽ. കപ്പലിന്റെ ഒരു സൈഡിൽ ജാലകത്തിനടുത്തായി ഒരു ഭാര്യയും ഭർത്താവും ഇരിക്കുന്നുണ്ട്. എല്ലാവരും സാധാരണ സംസാരത്തിലും കളി ചിരിയിലുമാണ്. കപ്പൽ ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സമയം അർദ്ധരാത്രിയായിട്ടുണ്ട്.

     അതിനിടെ ആകാശം മേഘാവൃതമായി. ഇടിയോടുകൂടിയ മഴ പെയ്യാൻ തുടങ്ങി. ശക്തമായ കാറ്റ് ആഞ്ഞു വീശി. കപ്പൽ കാറ്റിൽ ആടിയുലഞ്ഞു. യാത്രക്കാർ ഭയചകിതരായി. പലരും നിലവിളിക്കാൻ തുടങ്ങി. തങ്ങളുടെ ജീവൻ അപകടത്തിലായിരിക്കുന്നു. ചിലരൊക്കെ കൈ ഉയർത്തി പ്രാർത്ഥിക്കുകയാണ്. 

          ആ സമയത്ത് ജാലകത്തിനരികിൽ പേടിച്ചിരിക്കുന്ന ഭർത്താവ് ഭാര്യയെ നോക്കി. അവൾ പുറത്തേക്ക് നോക്കി ഭയലേശമന്യേ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. ഇതു കണ്ട് കൊണ്ട് അത്ഭുതപ്പെട്ട ഭർത്താവ് ചോദിച്ചു, നിനക്ക് എന്തുപറ്റി? എല്ലാവരും ഭയന്നു നിലവിളിക്കുമ്പോൾ, നിന്റെ മുഖത്ത് ഞാനൊരു ഭയവും കാണുന്നില്ലല്ലോ!
 ഈ ആപൽഘട്ടത്തിലും നിനക്കെങ്ങനെയാണ് പുഞ്ചിരിക്കാൻ കഴിയുന്നത്? ഇത് കേട്ട ഭാര്യ എണീറ്റു. കപ്പലിന്റെ കോണിൽ കണ്ട ഒരു കത്തിയെടുത്ത് ഭർത്താവിൻറെ അരികിലേക്ക് വന്നു. ഭാര്യ എന്താണ് ചെയ്യുന്നത് എന്നറിയാതെ നോക്കി നിൽക്കുന്ന ഭർത്താവിൻറെ കഴുത്തിൽ ഭാര്യ കത്തി വച്ചു. ശേഷം അവൾ ചോദിച്ചു, നിങ്ങൾക്കിപ്പോൾ പേടിയുണ്ടോ? നിങ്ങളുടെ കഴുത്തിൽ ഞാനൊരു കത്തിയാണ് വെച്ചിരിക്കുന്നത്. ഇത് കേട്ടുകൊണ്ട് ഭർത്താവ് ചിരിച്ചു. എന്ത് പേടി. നീ എൻറെ പ്രിയതമയല്ലേ.. എന്നെ എത്രയോ സ്നേഹിക്കുന്ന എൻറെ പ്രണയിനിയല്ലേ... പിന്നെന്തിനു ഞാൻ നിന്നെ പേടിക്കണം.? 

     അപ്പോൾ കഴുത്തിൽനിന്നും കത്തിയെടുത്ത് ഭാര്യ പറഞ്ഞു, ഈ ഒരു പ്രണയം തന്നെയാണ് എൻറെയും പേടി അകറ്റിയത്. എല്ലാവരെയും ഭയപ്പെടുത്തിയ ഈ കാറ്റിലും കോളിലും ഞാൻ ഭയപ്പെടാതിരിക്കാനുള്ള കാരണം എൻറെ പ്രണയഭാജനത്തോടുള്ള എൻറെ അതിരറ്റ അനുരാഗമാണ്. എൻറെ പ്രണയിയോടുള്ള എൻറെ വിശ്വാസമാണ്. എന്നെ ഒരിക്കലും വഞ്ചിക്കാത്ത എൻറെ നാഥൻ, എനിക്കവൻ നൽകുന്നതെല്ലാം നന്മ മാത്രമാണ്. അവൻ എനിക്ക് നല്ലതേ വിധിക്കൂ.. പക്ഷേ, അവൻറെ പ്രവർത്തനങ്ങളുടെ പൊരുളുകൾ നാം അറിയാതെ പോകുന്നു എന്ന് മാത്രം.

         ഇതെല്ലാം കേട്ട് അനുരാഗത്തിന്റെ ആഴം മനസ്സിലാക്കിയ ഭർത്താവ് ആ ഇളകിമറിയുന്ന നടുക്കടലിലും അക്ഷോഭ്യനായി കാണപ്പെട്ടു. പുഞ്ചിരിയോടെ അയാൾ വിളിച്ചു, യാ.. അല്ലാഹ്.


അലിഫ് അഹദ്

12 comments:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...