സദാസമയവും ലൈലത്തുൽ ഖദ്ർ അനുഭവിക്കുന്നവർ | Ibn Ajeeba (r)
"കർമ്മങ്ങളുടെ വളർച്ച എന്നത് ആന്തരികാവസ്ഥകളുടെ (അഹ്‌വാൽ) ശുദ്ധിക്കനുസരിച്ചാണ്; ആന്തരികാവസ്ഥകളുടെ ശുദ്ധി എന്നത് ദൈവീകമായ അറിവിന്റെ പടവുകളിൽ (മഖാമാത്ത്) ഒരാൾ എത്രത്തോളം ഉറച്ചുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതായത്: ഉറപ്പായ ബോധ്യത്തിന്റെ (യഖീൻ) തലങ്ങളിൽ ഒരാൾ എത്രത്തോളം അടിയുറയ്ക്കുന്നുവോ, അത്രത്തോളം അയാളുടെ കർമ്മങ്ങൾ മഹത്തരമാവുകയും പലമടങ്ങായി വർദ്ധിപ്പിക്കപ്പെടുകയും ചെയ്യും.
നാഥനെ ശരിയായി അറിഞ്ഞ ഒരു ജ്ഞാനിയുടെ (ആരിഫ്) ഒരു 'തസ്ബീഹോ' 'തഹ്‌ലീലോ' ഈ പ്രപഞ്ചത്തോളം തന്നെ വിലമതിക്കുന്നതാണ്; ഒരു തുലാസിനും അതിനെ തൂക്കിനോക്കാനാവില്ല. ജ്ഞാനിയുടെ മറ്റെല്ലാ കർമ്മങ്ങളും അതുപോലെതന്നെ മഹത്തരവും ഇരട്ടിപ്പിക്കപ്പെട്ടതുമാണ്. കാരണം അവ അല്ലാഹുവിലൂടെയുള്ളതും, അല്ലാഹുവിൽ നിന്നുള്ളതും, അല്ലാഹുവിലേക്കുള്ളതുമാണ്. അല്ലാഹുവുമായി ബന്ധപ്പെട്ട ഒന്നിലും കുറവുകളോ പിഴവുകളോ ഉണ്ടാവുകയില്ല.
ഇതുകാരണം അവരുടെ ഓരോ നിമിഷവും 'ലൈലത്തുൽ ഖദ്ർ' പോലെയും, അവർ ഇരിക്കുന്ന ഓരോ ഇടവും 'അറഫാ' മൈതാനം പോലെയുമായി മാറുന്നു. അവരുടെ ഓരോ ശ്വാസവും പരിശുദ്ധവും, അവരുടെ സൗഹൃദം ആത്മീയ സുഗന്ധവും, അവരുമായുള്ള സമ്പർക്കം അനുഗ്രഹവുമാണ്.
അവരുടെ സ്മരണകൾ കൊണ്ട് അല്ലാഹു നമുക്ക് ഉപകാരം നൽകട്ടെ, നമ്മെ അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ. ആമീൻ."
ﻭﻓﻜﺮﺓ اﻟﺸﻬﻮﺩ ﻭاﻟﻌﻴﺎﻥ ﻫﻲ ﻋﺒﺎﺩﺓ اﻟﻌﺎﺭﻓﻴﻦ
ദൈവിക സാന്നിധ്യം നേരിട്ട് ദർശിക്കുക എന്ന ചിന്തയാണ് (ഹുളൂറ് ശുഹൂദ് മുറാഖബ) ജ്ഞാനികളുടെ (ആരിഫീങ്ങൾ) യഥാർത്ഥ ആരാധന.
ﻭﻻ ﻳﺤﺼﺮ ﺛﻮاﺑﻬﺎ ﻓﻲ ﺳﺘﻴﻦ ﻭﻻ ﻓﻲ ﺳﺒﻌﻴﻦ
അതിന്റെ പ്രതിഫലം എന്നത് അറുപതോ എഴുപതോ വർഷത്തെ കണക്കുകളിൽ ഒതുങ്ങുന്നതല്ല.
ﺑﻞ ﻭﻗﺖ ﻣﻨﻬﺎ ﻳﻌﺪﻝ ﺃﻟﻒ ﺳﻨﺔ
മറിച്ച്, അത്തരമൊരു സാമീപ്യത്തിന്റെ ഒരു നിമിഷം പോലും ആയിരം വർഷങ്ങൾക്ക് തുല്യമാണ്.
ﻛﻤﺎ ﻗﺎﻝ اﻟﺸﺎﻋﺮ: ﻛﻞ ﻭﻗﺖ ﻣﻦ ﺣﺒﻴﺒﻲ ... ﻗﺪﺭﻩ ﻛﺄﻟﻒ ﺣﺠﻪ
കവി പാടിയതുപോലെ: "എന്റെ പ്രിയതമനോടൊപ്പമുള്ള (അല്ലാഹുവുമായുള്ള) ഓരോ നിമിഷത്തിനും ആയിരം ഹജ്ജ് ചെയ്ത പുണ്യമുണ്ട്."
ﻓﺄﻭﻗﺎﺕ ﻫﺆﻻء ﻛﻠﻬﺎ ﻟﻴﻠﺔ اﻟﻘﺪﺭ
അങ്ങനെയുള്ളവരുടെ ഓരോ നിമിഷവും 'ലൈലത്തുൽ ഖദ്റിന്' (പുണ്യരാത്രി) തുല്യമാണ്.
ﻭﻣﻦ ﻟﻢ ﻳﺒﻠﻎ ﻫﺬا اﻟﻤﻘﺎﻡ ﻓﻠﻴﺒﻚ ﻋﻠﻰ ﻧﻔﺴﻪ ﻋﻠﻰ اﻟﺪﻭاﻡ
ഈ ഉന്നതമായ പദവിയിൽ എത്താൻ കഴിയാത്തവർ സ്വന്തം അവസ്ഥയോർത്ത് എപ്പോഴും വിലപിക്കട്ടെ.
ﻭﻣﻦ ﻇﻔﺮ ﺑﻬﺎ ﻭﻧﺎﻟﻬﺎ ﺣﻖ ﻟﻪ اﻟﻬﻨﺎء
എന്നാൽ, ഈ സൗഭാഗ്യം നേടിയെടുത്തവരാകട്ടെ സർവ്വ അനുഗ്രഹങ്ങൾക്കും അർഹരായിരിക്കുന്നു.
_ ഇബ്നു അജീബ (റ)
Comments
Post a Comment
🌹🌷