നമുക്ക് എപ്പോഴെങ്കിലും ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ?
മറ്റുള്ളവരെപ്പോലെ അവർക്കുള്ളതെല്ലാം എനിക്കും വേണം എന്ന ആഗ്രഹം എപ്പോഴാണ് അസൂയ ആയി മാറുന്നത് എന്നറിയാമോ?
നമ്മുടെ സുഹൃത്തിന് ലഭിച്ച ഒരു അനുഗ്രഹം അവന് നഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുമ്പോഴാണ് അസൂയ എന്ന മഹാമാരി നമ്മെ പിടികൂടുന്നത്.
നാം ചിന്തിക്കുക, ഏഷണി, പരദൂഷണം, എന്നീ രണ്ട് സ്വഭാവം നമുക്ക് ഉണ്ടെങ്കിൽ നമ്മിൽ അസൂയയുമുണ്ട് എന്ന് നാം മനസ്സിലാക്കണം.
കാരണം ആ രണ്ട് സ്വഭാവദൂശ്യങ്ങൾ മനസ്സിനുള്ളിലെ അസൂയയുടെ ഫലമായി ഉണ്ടാകുന്നതാണ്.
പ്രവാചകർ പറഞ്ഞു: "വിറകിനെ തീ തിന്നുന്നത് പോലെ അസൂയ നമ്മിലുള്ള നന്മകളെ തിന്നുകളയും."
താഴ്മ, ആത്മവിശ്വാസം, ദയ, സഹാനുഭൂതി, തുടങ്ങിയ ഒരുപാട് നന്മകൾ ജന്മനാ തന്നെ ദൈവം നമ്മിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഈ നന്മകളാണ് നമ്മെ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാക്കുന്നത്.
എന്നാൽ അസൂയ എന്ന വിപത്ത് നമ്മിലുണ്ടെങ്കിൽ നമ്മുടെ ചിന്തകളെ അത് വികലമാക്കും.
നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും അത് നഷ്ടപ്പെടുത്തും.
പോസിറ്റീവ് ചിന്തകളും ശുഭാപ്തിവിശ്വാസവും നമ്മിൽനിന്ന് അന്യമാകും.
നാം ശ്രദ്ധിച്ചിട്ടുണ്ടോ? ആരോടെങ്കിലും അസൂയ തോന്നുമ്പോൾ, ദേഷ്യം പിടിക്കുമ്പോഴെന്നപോലെ നമ്മുടെ ശരീരം ചൂടായിട്ടുണ്ടാകും.
ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാകും.
കാരണം, നമ്മുടെ ബുദ്ധി ആഗ്രഹിച്ചാലും നമ്മുടെ ഹൃദയത്തിന് അതൊന്നും ഇഷ്ടമില്ല എന്നർത്ഥം.
അസൂയ ആപേക്ഷികമാണ്. നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന മേഖലയിലാണ് നമുക്ക് അസൂയ ഉണ്ടാവുക.
അത് പണമാകാം, പ്രശസ്തിയാകാം, പദവികളാകാം, സൗന്ദര്യമാകാം, മറ്റു പലതുമാകാം.
എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും ചിലപ്പോൾ അത് നമ്മെ പിടികൂടിയിട്ടുണ്ടാകും.
ഇനി, അസൂയ എന്ന ദുർചിന്ത ഇല്ലാതെയാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒറ്റമൂലി പറയാം.
എപ്പോഴെങ്കിലും നമ്മുക്ക് ഒരാളോട് അസൂയ തോന്നിയാൽ,
അത് ചിലപ്പോൾ അയാളെ കുറിച്ച് നാം ചിന്തിക്കുമ്പോഴാവാം, അയാളെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോഴാവാം.
എപ്പോഴാണെങ്കിലും,
നമുക്ക് അസൂയ തോന്നുന്ന മാത്രയിൽ പ്രസ്തുത വ്യക്തിക്ക് വേണ്ടി നാം മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക.
അയാളിലുള്ള എന്ത് ഗുണമാണ് നമ്മെ അസൂയപ്പെടുത്തുന്നത് അത് ഇനിയുമിനിയും അയാളിൽ വർദ്ധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക.
അസൂയ തോന്നുന്ന സമയത്തെല്ലാം ഇങ്ങനെ ചെയ്താൽ അയാളിലുള്ള ഗുണം നമ്മുടേതായി നമുക്ക് അനുഭവപ്പെടും.
അയാളുടെ ലാഭം നമ്മുടെ ലാഭമായി തോന്നും.
അയാളുടെ നഷ്ടത്തിൽ അയാളെക്കാൾ ചിലപ്പോൾ നാം ദുഃഖിക്കും.
ആത്മാർത്ഥതയും, നമ്മുടെ മനസ്സിന് കൂടുതൽ വിശാലതയും കൈവരും.
നമുക്ക് ചുറ്റുമുള്ളതല്ലാം നമ്മുടേതായി തോന്നുമ്പോൾ നമ്മുടെ സ്വാർത്ഥത കുറയും. ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ജനന-മരണത്തിനിടക്ക് നമ്മോട് ബന്ധപ്പെടുന്നതെല്ലാം നമ്മുടേതാണെന്ന ചിന്തയാണ് നമുക്ക് വേണ്ടത്.
നന്ദി.