ഇറാനിൽ ഫാർസി, അഫ്ഗാനിസ്ഥാനിൽ ദാരി, താജിക്കിസ്ഥാനിൽ താജിക് എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
ഏകദേശം 62 ദശലക്ഷം തദ്ദേശീയർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷകളിൽ ഇരുപതാം സ്ഥാനമാണ് ഫാർസിക്കുള്ളത്.
50 ദശലക്ഷമോ അതിൽ കൂടുതലോ ആളുകൾ രണ്ടാം ഭാഷയായി ഫാർസി സംസാരിക്കുന്നു.
ഈ വസ്തുതകൾക്കെല്ലാം ഉപരിയായി പേർഷ്യൻ ഭാഷയോടുള്ള അദമ്യമായ അനുരാഗം ഹൃദയത്തിൽ വേരുറക്കാനുള്ള കാരണം പ്രണയത്തിന്റെ അനന്ദമായ ആകാശം തുറന്ന് തന്ന ഗുരു ജലാലുദ്ധീൻ റൂമിയും, അനുരാഗത്തിന്റെ കാനനത്തിൽ അലയുന്ന പഥികന്റെ ആത്മാവിൽ പ്രതീക്ഷയുടെ മരുപ്പച്ച തീർത്ത ഗുരു ശ്രേഷ്ഠർ ഫരീദുദ്ധീൻ അത്താറും,
ബുസ്താനും ഗുലിസ്താനും കൊണ്ട് കാർമേഘങ്ങളെ വകഞ്ഞ് മാറ്റി ജ്ഞാന സൂര്യനിലേക്ക് വഴി തെളിയിച്ച സഅദീ ശീറാസിയും,
അനുരാഗ തീക്ഷ്ണമായ അക്ഷരങ്ങളാൽ മായാജാലം തീർത്ത ഹാഫിസും, ഫിർദൗസിയും, സനാഇയും, ഉമർ ഖയ്യാമും, നിസാമി ഗഞ്ചവിയും,
ഇതിനെല്ലാം പുറമെ, ആത്മ സാംറാജ്യത്തിന്റെ അധിപതി ഗൗസുൽ അഅ്ദം ജീലാനീ ഗുരുവര്യരും സംസാരിച്ചിരുന്ന ഭാഷ ഫാർസിയായിരുന്നു എന്ന ആത്മാവിന്റെ ഗൃഹാതുരത്വമായിരുന്നു.
നിശാ ഗന്ധികൾ പൂക്കുന്ന നേരം മിന്നാമിനുങ്ങുകളോട് സംവദിച്ച് കൊണ്ടിരിക്കുമ്പോൾ അമീർ ഖുസ്രുവിന്റെയും മൗലാനാ റൂമിയുടെയും ലാൽ ശഹബാസ് ഖലന്ദറിന്റെയും വരികൾ ഉസ്താദ് നുസ്റത് ഫതഹ് അലീ ഖാന്റെയും, ഫരിദ് അയാസിന്റെയും, മുൻശി റസീഉദ്ധീന്റെയും, ബഹാഉദ്ധീൻ ഖാന്റെയും അധരങ്ങൾ വിരഹവും പ്രണയവും ഉന്മാദവും ഇഴുകിച്ചേർന്ന ഖവ്വാലി സംഗീതത്തിന്റെ മധുരാനുഭവങ്ങൾ പകർന്ന് തന്നപ്പോഴും ഫാർസിയോടുള്ള അനുരാഗം തീവ്രമാക്കി.
ഭാഷകൾക്കപ്പുറത്താണ് സൂഫിയുടെ അനുഭവങ്ങളും സഞ്ചാരപഥങ്ങളുമെങ്കിലും ഭാഷയുടെ ലോകത്ത് നിൽക്കുമ്പോൾ അതിനെയും പ്രണയത്തോടെ തൊട്ട് തലോടി ഒരു നവ്യാനുഭവം സൃഷ്ടിക്കാം...
"ന മൻ ബേഹൂദ ഗിർദേ കൂച്ച വൊ ബാസാർ മീ ഗർദം......
മസാഖേ ആശിഖീ ദാറം...."
No comments:
Post a Comment
🌹🌷