അദ്ദേഹം പറഞ്ഞു, എനിക്കുള്ള സമയം വളരെ പരിമിതമാണ്. ഞാൻ മരിക്കുകയാണ്. ഇപ്പോൾ അതൊന്നും പറയാനുള്ള സമയമല്ല. അപ്പോൾ ചോദ്യകർത്താവ് ചോദിച്ചു, നിങ്ങൾ ഇപ്പോഴും ശ്വസിക്കുന്നു. നിങ്ങൾ സംസാരിക്കുന്നു. വളരെ ലളിതമായിട്ട് പറഞ്ഞാലും,
അങ്ങയുടെ ഗുരു ആരാണ്?
അപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ ഗുരുക്കന്മാരെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ആയിരത്തിലേറെ ഗുരുക്കൻമാരുണ്ട്. അവരെ മുഴുവൻ പറഞ്ഞു തീരുമ്പോഴേക്കും മാസങ്ങളും വർഷങ്ങളുമെടുക്കും. എനിക്ക് വളരെ പരിമിതമായ സമയമേ ബാക്കിയുള്ളൂ..
എന്നാലും അവരിൽ പ്രധാനികളായ മൂന്ന് പേരെ മാത്രം ഞാൻ പറയാം. എന്നിട്ടദ്ദേഹം പറഞ്ഞു തുടർന്നു, എന്റെ ആദ്യത്തെ ഗുരു ഒരു 'കള്ളൻ' ആയിരുന്നു.
ഞാൻ ഒരു ദിവസം മരുഭൂമിയിൽ അകപ്പെട്ടു പോയി. ഒരുപാട് സമയം ഞാൻ നടന്നു. അവസാനം പാതിരാത്രിയായപ്പോൾ ഞാനൊരു ഗ്രാമപ്രദേശത്തെത്തി.
കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യനെ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. അങ്ങനെ കുറേ സമയം കഴിഞ്ഞപ്പോൾ ഞാൻ ഒരു വ്യക്തിയെ കണ്ടു. അയാൾ ഒരു വീടിൻറെ മതിൽ തുളച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അടുത്തുചെന്നപ്പോൾ എനിക്ക് ബോധ്യമായി, അയാൾ ഒരു കള്ളനാണെന്ന്.
ഞാൻ അയാളോട് ചോദിച്ചു, എനിക്കിന്ന് തങ്ങാൻ ഒരിടം ഇവിടെ എവിടെയെങ്കിലും കിട്ടുമോ? അയാൾ പറഞ്ഞു: നിങ്ങളെ കണ്ടിട്ട് നിങ്ങളൊരു സൂഫീ സന്യാസിയാണെന്ന് തോന്നുന്നുവല്ലോ.. നിങ്ങളൊരൽപസമയം കാത്തിരിക്കുകയാണെങ്കിൽ ഈ ജോലി കഴിഞ്ഞാൽ എന്റെ വീട്ടിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം.
ഒരുപാട് സമയം ഞാൻ അയാളെ കാത്തിരുന്നു. അവസാനം, കവർച്ച കഴിഞ്ഞു അയാൾ എന്റെ കൈപിടിച്ചു കൊണ്ട് അയാളുടെ വീട്ടിലേക്ക് നടന്നു. അയാളുടെ കൈകൾ ശൂന്യമായിരുന്നു.
ഞാൻ അയാളോട് ചോദിച്ചു: ഇത്ര സമയം നിങ്ങൾ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് കവർച്ച നടത്തിയിട്ട് ഒന്നും ലഭിച്ചില്ലേ..
അയാൾ പറഞ്ഞു, ദൈവത്തിൻറെ വിധി അങ്ങനെയാണ്. ദൈവം ആഗ്രഹിക്കുകയാണെങ്കിൽ എനിക്ക് നാളെ ലഭിക്കും.
മുപ്പത് ദിവസത്തോളം ഞാൻ അയാളുടെ കൂടെ അയാളുടെ വീട്ടിൽ താമസിച്ചു. എല്ലാദിവസവും രാത്രി അയാൾ വീടു വിട്ടിറങ്ങും. പ്രഭാതമാകുമ്പോഴേക്കും അയാൾ വീട്ടിലേക്ക് മടങ്ങി വരുകയും ചെയ്യും. എന്നാൽ എല്ലാ ദിവസവും അയാളുടെ കൈകൾ ശൂന്യമായിരുന്നു.
ഞാനെന്റെ ചോദ്യം ആവർത്തിക്കും.
ഇന്നൊന്നും ലഭിച്ചില്ലേ. അയാൾ പറയും. ദൈവം വിധിക്കുകയാണെങ്കിൽ എനിക്ക് നാളെ ലഭിക്കും.
ഞാൻ വളരെ അത്ഭുതപ്പെട്ടുപോയി.
മുപ്പതാമത്തെ ദിവസം ഞാൻ വീട് വിട്ടിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചു, ഒരുപാട് വർഷമായി ഞാൻ ആത്മീയ വഴിയിൽ പ്രവേശിച്ചിട്ട്. പക്ഷെ എനിക്കിപ്പോഴും ആത്മസാക്ഷാത്കാരം നേടാനായിട്ടില്ല.
അതിനു വേണ്ട പ്രയത്നങ്ങൾ ഞാൻ പ്രയത്നിക്കുകയും എൻറെ ധ്യാനങ്ങൾ ഞാൻ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യും.
പക്ഷേ ഈ കള്ളൻ, ഇത്ര ദിവസം ഒന്നും ലഭിക്കാതിരുന്നിട്ട് പോലും അദ്ദേഹം തന്റെ പ്രതീക്ഷ കൈവിട്ടില്ല.
ജീവിതത്തിൽ അയാൾ എപ്പോഴും പ്രതീക്ഷയുള്ളവനാണ്. ഒരു കള്ളനുള്ള പ്രതീക്ഷ പോലും എനിക്കില്ലല്ലോ എന്നോർത്ത് ഞാൻ ഖേദിക്കുകയും എൻറെ ജീവിതത്തിൽ മാറ്റം വരുത്താൻ ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
പിന്നീടെനിക്ക് എന്ത് പരീക്ഷണങ്ങൾ വന്നപ്പോഴും ഞാൻ പതറിയില്ല. ഞാൻ പ്രതീക്ഷയോടു കൂടെത്തന്നെ ജീവിച്ചു.
അങ്ങനെ വർഷങ്ങൾക്കൊടുവിൽ എൻറെ പ്രയത്നം എൻറെ ദൈവം സ്വീകരിച്ചു. എന്റെ ദൈവം എന്നെ കനിഞ്ഞു.
അതുകൊണ്ട്, എന്റെ വിജയിത്തിന് ആവശ്യമായ ഏറ്റവും നല്ലൊരു ജീവിതമൂല്യം എന്നെ പഠിപ്പിച്ച ആ കള്ളനായിരുന്നു എൻറെ ആദ്യത്തെ ഗുരു.
Jasakumullah khair.
ReplyDeleteഅൽഹംദുലില്ലാഹ് 😘
ReplyDelete