Monday, April 19, 2021

ദിവ്യാനുരാഗികൾക്കായി രണ്ട് പ്രണയകഥകൾ - Sufi Motivational Story in Malayalam

ഒന്ന്

ഒരു പ്രണയി തന്റെ പ്രണയിനിയുടെ വാതിലിൽ മുട്ടി. അകത്തുനിന്നും ചോദ്യമുയർന്നു. നീ ആരാണ്? അപ്പോൾ പ്രണയി പ്രതിവചിച്ചു: ഞാനാണ്, നിന്നെ എത്രയോ സ്നേഹിക്കുന്ന നിൻ്റെ ഇഷ്ടൻ.

 മറുപടിയായി പ്രണയിനി പറഞ്ഞു: പ്രണയത്തിന്റെ ഈ വീട് വളരെ ചെറുതാണ്. അതിൽ രണ്ടു പേർക്ക് താമസിക്കാൻ ഇടമില്ല. ഒരാൾക്ക് നിൽക്കാനുള്ള വിസ്തൃതിയേ ഉള്ളൂ. അങ്ങനെ വാതിൽ തുറക്കപ്പെട്ടില്ല.

 നിരാശയോടെ അയാൾ വനാന്തരങ്ങളിലേക്കോടി. ആ വിജനതയിൽ അയാൾ കഠിന തപസ്സിരുന്നു. ഒരുപാട് കാലം ധ്യാനനിരതനായി ജീവിച്ചു. അയാൾ ഒരു കാര്യം മാത്രമാണ് പ്രാർത്ഥിച്ചത്. 
എൻറെ പ്രണയനാഥാ.. എന്നിലെ എന്നെ നീ ഇല്ലായ്മ ചെയ്ത് എന്നെ നീ നിന്നിൽ ലയിപ്പിക്കണേ.. 

 ഒരുപാട് പൗർണമികൾ അസ്തമിച്ചു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. അങ്ങനെ വീണ്ടുമൊരിക്കൽ അയാൾ തൻറെ പ്രണയഭാജനത്തിന്റെ കതകിനരികിലെത്തി. പ്രണയ സാന്ദ്രമായ ഹൃദയത്തോടെ അദ്ദേഹം കതകിൽ മുട്ടി.
 ചോദിക്കപ്പെട്ടു, ആരാണു നീ. അപ്പോൾ അയാൾ മറുപടി പറഞ്ഞു: ഇത് നീ തന്നെയാണ്. 
 വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. തൻറെ പ്രണയഭാജനത്തിൽ അയാൾ അലിഞ്ഞുചേർന്നു.


രണ്ട്

അറേബ്യൻ പ്രേമ കാവ്യങ്ങളിലെ ഇതിഹാസമായ മജ്നു, താൻ ഇതുവരെ കാണാത്ത ലൈലയെ അന്വേഷിച്ച് ഒരു ഭ്രാന്തനെപ്പോലെ മരുഭൂമിയിലൂടെ അലഞ്ഞുനടന്നു. രാത്രിയുടെ കൂരിരുൾ മജ്നുവിനെ ഭയപ്പെടുത്തിയില്ല. മരുഭൂമിയുടെ ചുടുകാറ്റും സൂര്യതാപവും അവനെ ലക്ഷ്യത്തെതൊട്ട് പിന്തിരിപ്പിച്ചില്ല.

 അങ്ങനെ ഒരിക്കൽ പാദരക്ഷ പോലുമില്ലാതെ ഒരു സായാഹ്നത്തിൽ ലൈലയെ മാത്രം ചിന്തിച്ചു കൊണ്ട് മരുഭൂമിയിലൂടെ അവൻ നടന്നു നീങ്ങുകയായിരുന്നു. അപ്പോൾ വഴിയരികിൽ ഒരാൾ നിസ്കാര പടം വിരിച്ച് സായാഹ്ന നമസ്കാരം നിർവഹിക്കുന്നുണ്ടായിരുന്നു. 
പക്ഷേ മജ്നു അയാളെ കണ്ടതോ ശ്രദ്ധിച്ചതോ ഇല്ല. അതുകൊണ്ട് തന്നെ അവൻ നിസ്ക്കരിക്കുന്ന ആളുടെ മുമ്പിലൂടെ നടന്നു. 

നിസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടക്കുന്നത് നിഷിദ്ധമാണ് എന്ന് പഠിച്ച ആ വ്യക്തി തന്റെ നമസ്കാരം പെട്ടെന്ന് അവസാനിപ്പിച്ചു.
 എന്നിട്ടയാൾ മജ്നുവിന്റെ പിന്നാലെ ഓടി. തടഞ്ഞുവെച്ച് അയാൾ ചോദിച്ചു: എടോ നിനക്ക് തീരെ ബുദ്ധിയില്ലേ.. നീ നിസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെയാണ് നടന്നത്. അല്ലാഹുവിൻറെ മുമ്പിൽ നിസ്കരിക്കുന്ന എൻറെ മുൻപിലൂടെ നടക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു.


 ഇയാളുടെ ശകാരവാക്കുകൾ ശാന്തനായി കേട്ടുനിന്ന മജ്നു പറഞ്ഞു: ക്ഷമിക്കണം സുഹൃത്തെ. 
എങ്കിലും നിങ്ങളുടെ കാര്യം ഓർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. കാരണം എൻറെ അനുരാഗിയായ ലൈലയെ മാത്രം ഓർത്തുകൊണ്ട് നടന്ന എനിക്ക് നിങ്ങളെയോ നിങ്ങളുടെ നിസ്കാര പടത്തെയോ കാണാനായില്ല. പക്ഷേ, നിങ്ങളുടെ പ്രണയനാഥനായ ലോക രക്ഷിതാവിൻറെ മുമ്പിൽ നിൽക്കുന്ന നിങ്ങൾ എങ്ങനെയാണ് എന്നെ കണ്ടത്?! വല്ലാത്ത ആശ്ചര്യം തന്നെ.
 ഇത് കേട്ട് ആ വ്യക്തി മജ്നുവിന്റെ കൈ പിടിച്ചു ചുംബിച്ച് മാപ്പപേക്ഷിച്ചു.

7 comments:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...