Friday, April 16, 2021

സൂഫീ ഗുരുവായ പിതാവ് തന്റെ മോനെ ഉപദേശിക്കുന്നു - Sufi Motivational Story in Malayalam

    
    ഒരിക്കൽ ഒരു സൂഫി ഗുരുവും തൻറെ മോനും കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അങ്ങനെ അവർ ഒരുപാട് ദൂരം യാത്ര ചെയ്തു. യാത്രക്കിടെ അവർ ഒരു ചെറുപട്ടണത്തിൽ പ്രവേശിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, വഴിയരികിൽ ഇരിക്കുന്ന ചില ആളുകൾ അവരോട് ചോദിച്ചു, നിങ്ങളെ കണ്ടിട്ട് സൂഫി ദർവീശുകളെ പോലെ തോന്നുന്നുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം! നിങ്ങൾക്ക് സൂഫികൾക്കുള്ള ഒരു സ്വഭാവവും ഇല്ലല്ലോ.. നിങ്ങളിൽ തീരെ കരുണ ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. നിങ്ങൾക്കത് ദയയില്ല. കാരണം, പാവം ആ കഴുതയുടെ മേലെ നിങ്ങൾ രണ്ടുപേരും യാത്ര ചെയ്യുന്നത് എത്ര കഷ്ടമാണ്. അതെത്ര ക്ഷീണിച്ചിട്ടുണ്ടാവും? ഇതുകേട്ട് ഗുരു മോനോട് പറഞ്ഞു, കുറച്ചപ്പുറത്തെത്തിയാൽ ഞാൻ ഇറങ്ങി നടക്കാം. മോൻ കഴുതപ്പുറത്തുതന്നെ ഇരുന്നോളൂ. അല്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ഇറങ്ങി കഴുതയുടെ കടിഞ്ഞാൺ പിടിച്ചു നടക്കാൻ തുടങ്ങി.

   അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു. കുറച്ചു സമയങ്ങൾക്കു ശേഷം, അവർ അടുത്ത ബസാറിൽ എത്തി. അപ്പോൾ അവിടെയും ചിലയാളുകൾ ഇരിക്കുന്നുണ്ട്. അവർ കഴുതപ്പുറത്തിരിക്കുന്ന മോനെ നോക്കി മുഖം ചുളിച്ചു. എന്നിട്ട് പറഞ്ഞു: എന്തൊരു മര്യാദയില്ലാത്ത ചെക്കൻ. സ്വന്തം പിതാവിനോട് അൽപമെങ്കിലും ബഹുമാനം മനസ്സിലുണ്ടെങ്കിൽ അവന് ഇങ്ങനെ ചെയ്യാൻ കഴിയുമോ? പിതാവ് താഴെ ഇറങ്ങി നടക്കുന്നു. അയാളുടെ മുഖത്തെ ക്ഷീണം കണ്ടോ.. എത്ര പാവമാണയാൾ. എന്നിട്ടും മോൻ കഴുതപ്പുറത്ത് കയറി വിലസുന്നു. ഇത് കേട്ട് പിതാവ് മോനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാരല്യ കുറച്ചപ്പുറത്തെത്തിയാൽ ഞാൻ കഴുതപ്പുറത്ത് കയറാം. അപ്പോൾ മോൻ നടന്നോണ്ടൂ.. അങ്ങിനെ, പിതാവ് കഴുതപ്പുറത്തും മോൻ കൂടെ നടക്കുകയുമായി. 

     അവർ വീണ്ടും യാത്ര തുടർന്നു. അടുത്ത അങ്ങാടിയിലെത്തിയപ്പോൾ അവിടെയും കുറച്ച് ആളുകൾ നിൽക്കുന്നുണ്ട്. അവർ അത്ഭുതം അഭിനയിച്ചുകൊണ്ട് പറഞ്ഞു, ദാ അങ്ങോട്ടു നോക്കൂ.. സ്വന്തം മോനോട് ഒരല്പം പോലും സ്നേഹമില്ലാത്ത പിതാവിനെ കണ്ടോളൂ.. ഇയാൾ എത്ര ക്രൂരനാണ്. മോനോട് കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ, കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇയാൾ ഇങ്ങനെ ചെയ്യില്ല. ആ കുട്ടി എത്ര ദയനീയമായാണ് നടക്കുന്നത്. ഇത് കേട്ടപ്പോൾ ആ പിതാവും മോനും ഒപ്പം ചിരിച്ചു. ഇതെന്തു കഥ! ആളുകൾക്ക് നാം എന്ത് ചെയ്താലും മോശം അഭിപ്രായമാണല്ലോ പറയാനുള്ളത്, മോൻ പറഞ്ഞു. അങ്ങനെ, രണ്ട് പേരും കഴുതപ്പുറത്തു നിന്നും ഇറങ്ങി നടക്കാൻ തീരുമാനിച്ചു. കാരണം, അങ്ങനെയെങ്കിലും ആളുകൾ സന്തോഷിക്കട്ടെ. 

      അവർ വീണ്ടും കുറച്ചു ദൂരം യാത്ര ചെയ്തു. അങ്ങനെ അടുത്ത ടൗണിൽ എത്തിയപ്പോൾ അവിടെയും ഇതുപോലെ കുറച്ച് ആളുകൾ നിൽക്കുന്നുണ്ട്. അവിടെയുള്ളവർ ഒന്നും പറയുന്നതിനു മുമ്പ് തന്നെ അവരെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. എന്നിട്ട് അവർ പറഞ്ഞു: ഇവരെന്ത് വിഡ്ഢികളാണ്. മന്ദബുദ്ധികൾ. നമുക്കൊന്നും യാത്ര ചെയ്യാൻ കഴുത ഇല്ലാത്തതു കൊണ്ടാണ്. ഇവർ കണ്ടില്ലേ, കഴുത ഉണ്ടായിട്ടും ഇറങ്ങി നടക്കുന്നു. പിന്നെന്തിനാണ് ഇവർക്കിതിനെ?! മോൻ ദേഷ്യത്തോടെ ആളുകളെ നോക്കി. അപ്പോൾ മഹാനായ ആ പിതാവ് മോൻറെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു: മോനേ.. ഇതാണ് ജനങ്ങളുടെ അവസ്ഥ. നാം എന്ത് ചെയ്താലും എന്ത് പറഞ്ഞാലും അതിലെല്ലാം നെഗറ്റീവുകൾ മാത്രം കണ്ട് എതിരഭിപ്രായം പറയാൻ ഒരുപാടാളുകളുണ്ടാവും. അതുകൊണ്ട് നമുക്ക് ചുറ്റുമുള്ള മുഴുവനാളുകളെയും സന്തോഷിപ്പിച്ചു കൊണ്ട തൃപ്തിപ്പെടുത്തി കൊണ്ടോ ഒരു കാര്യവും നമുക്ക് ചെയ്യാനാവില്ല. മോനേ നിൻറെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നേ ഉള്ളൂ. അതുകൊണ്ട്, ഇതിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് നീ ജീവിക്കണം. എന്ത് ചെയ്യുമ്പോഴും നിൻറെ മനസ്സാക്ഷിക്ക് യോജിക്കുന്നത് മാത്രം നീ ചെയ്യുക. എന്നാൽ നിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും മനപ്പൂർവ്വം മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതാവരുത്. മാത്രമല്ല, പ്രശസ്തിക്കുവേണ്ടി യോ ആളുകളുടെ പ്രശംസകൾ കേൾക്കാൻ വേണ്ടിയോ നീ ഒരു കാര്യവും ചെയ്യരുത്. അങ്ങനെ ചെയ്താൽ നിന്നിൽ നിന്നും ആത്മാർത്ഥത എന്ന നല്ല ക്വാളിറ്റി നഷ്ടപ്പെടും. അപ്പോൾ മോൻ ചോദിച്ചു:
പ്രശസ്തിക്കുവേണ്ടിയാണെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ പോരെ, ഫലം ഉണ്ടാവുമല്ലോ? സൂഫീ ഗുരുവായ പിതാവ് പറഞ്ഞു: ഫലമുണ്ടാകും. പക്ഷേ, ആ ഫലങ്ങളൊക്കെ നശ്വരമാണ്. ഒരൽപ്പ സമയത്തേക്ക് മാത്രം. കാരണം, നിനക്കുള്ളത് ഇങ്ങനെയുള്ള മോശം മനോഭാവമാണെങ്കിൽ നിന്നെ നിരീക്ഷിക്കുവാനും പ്രശംസിക്കുവാനും ആളുകൾ ഉണ്ടാകുമ്പോഴേ നീ നന്മ ചെയ്യാൻ ശ്രമിക്കുക യുള്ളൂ. അല്ലാത്ത സമയത്ത് നീ കുഴിമടിയനാവും. ഇത് കേട്ട് സംതൃപ്തനായി അവൻ തലയാട്ടി. പിതാവ് മോനെ നെറ്റിയിൽ ഒരു ചുംബനം അർപ്പിച്ചു.

#അലിഫ് അഹദ്

3 comments:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...