Saturday, April 10, 2021

ധനികനായ സൂഫിയും ദരിദ്രനായ സൂഫിയും - Sufi Motivational Story in Malayalam

    രിക്കൽ രണ്ട് സൂഫികൾ ഉണ്ടായിരുന്നു. ഒരാൾ വലിയ ധനാഢ്യനും മറ്റേയാൾ ദരിദ്രനും ആയിരുന്നു. സമ്പന്നനായ സൂഫി ഒരു സാധാരണക്കാരനെപ്പോലെയാണ് ജീവിച്ചിരുന്നത്. വലിയ പ്രൗഢിയോ പ്രതാപമോ വിളിച്ചറിക്കാത്ത ഒരു ഇടത്തരം വീട്, നാട്ടിൽ പൊതുവെ ജനങ്ങൾ  ഉപയോഗിക്കുന്ന ഒരു വാഹനം,  സാധാരണക്കാരുടെ വസ്ത്രം. ഒരു പാട് സമ്പത്തുണ്ടായിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന അദ്ദേഹത്തെ പലരും വലിയ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. ആളുകൾ പരസ്പരം പറയും, എന്തൊരു വിനയാന്വിതനാണ് അദ്ദേഹം. ഇത്രയൊക്കെ പണമുണ്ടായിട്ടും അദ്ധേഹത്തിന്റെ ജീവിതത്തിലെ എളിമ കണ്ടില്ലേ... ഇത് കേൾക്കുമ്പോൾ ചിലർ പറയും, അയാൾ ശരിക്കും ഒരു ഹതഭാഗ്യനാണ്, കാരണം അയാളുടെ സ്വത്ത് നാട്ടിലെ മറ്റുള്ളവർക്ക് ഉപകാരപ്പെട്ട അത്ര പോലും  അയാൾക്ക് ഉപയോഗിക്കാനുള്ള ഭാഗ്യമില്ല എന്ന് വേണം അനുമാനിക്കാൻ. 

                അങ്ങനെയിരിക്കെ, അൽപം മാത്രം സംസാരിക്കാറുള്ള അദ്ധേഹത്തോട് ഒരാൾ ചോദിച്ചു, ഇത്രയും വലിയ സമ്പത്തിന്റെ ഉടമയായിട്ടും നിങ്ങളെന്താണ് സാധാരണക്കാരനെപ്പോലെ ജീവിക്കുന്നത്? അപ്പോൾ ആ സൂഫി ഒന്ന് പുഞ്ചിരിച്ചു, ശേഷം പറഞ്ഞു: എനിക്ക് സമ്പത്തോ, ഞാനൊരു കാര്യം ചോദിക്കട്ടെ? ഒരു വെക്തിക്ക് ഓരാൾ ഒരു 10000 ദീനാർ വേറൊരാൾക്ക് നൽകാൻ വേണ്ടി ഏൽപ്പിച്ചു, കൂടെ അതിൽ നിന്നും നിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം നിനക്കും ഉപയോഗിക്കാമെന്ന് പറഞ്ഞു, എങ്കിൽ അയാൾ എന്ത് ചെയ്യും? അത്ര മാത്രമേ ഞാനും ചെയ്യുന്നൊള്ളൂ. 

എന്റെ നാഥൻ എന്നെ പലതും ഏൽപ്പിച്ചു. അതും കാലങ്ങളായി ആരൊക്കെയോ മാറി മാറി ഉപയോഗിച്ചത്. ഇനി എന്നിൽ ഇത് അവസാനിക്കുന്നുമില്ല.  ഞാനും ഇതാർക്കൊക്കെയോ കയ്മാറുന്നു. രണ്ട് കൈമാറ്റങ്ങൾക്കിടയിലുള്ള ഒരു ഇടവേളയിൽ എനിക്ക് അത്യാവശ്യമായത് മാത്രം ഞാനും ഉപയോഗിക്കുന്നു. അത് ഹലാലും ത്വയ്യിബുമാവാൻ ഞാൻ ആഗ്രഹിക്കുന്നു.

പിന്നെ, ധനികനല്ലാത്ത മറ്റൊരു സൂഫിയെ കുറിച്ച് കഥയുടെ തുടക്കത്തിൽ നാം സൂചിപ്പിച്ചിരുന്നു. അദ്ധേഹം മുമ്പ് പറഞ്ഞ സൂഫിയിൽ നിന്ന് വ്യത്യസ്തനായിരുന്നു. അദ്ധേഹം ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങളേ ധരിക്കുകയൊള്ളു.. ഏറ്റവും മുന്തിയ ഇനം വാഹനത്തിലേ കേറൂ.. സമൂഹത്തിലെ ഉന്നത സ്ഥാനമലങ്കരിക്കുന്നവരുടെ മട്ടും ഭാവവുമായിട്ടായിരുന്നു ഒറ്റനോട്ടത്തിൽ അദ്ധേഹത്തിന്റേത്. ഓരോ ദിവസവും ജോലി ചെയ്ത് കിട്ടുന്ന തുക സ്വരൂപിച്ച് അദ്ദേഹം പ്രൗഢിയോടെ ജീവിക്കാൻ ശ്രമിച്ചു.

ആ സൂഫിയെ കുറിച്ച് ആളുകൾ പറഞ്ഞു : പൈതൃകം കൊണ്ടും സമ്പത്ത് കൊണ്ടും വളരെ താഴെ തട്ടിലാണെങ്കിലും അയാളുടെ നടപ്പ് കണ്ടില്ലേ.. അഹങ്കാരിയാണ് അയാൾ.

ഒരിക്കൽ ഒരാൾ അദ്ധേഹത്തോട് ചോദിച്ചു : നിങ്ങളെന്താണ് നിങ്ങൾക്കുള്ളതിനേക്കാൾ പ്രൗഢി കാണിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ അഭിനയിക്കുന്നത്? അത് അഹങ്കാരമല്ലേ...


അപ്പോൾ ആ ദർവീശ് പറഞ്ഞു : സമൂഹത്തിൽ രണ്ട് തരം യാചകരുണ്ട്. ഒന്ന്, വല്ലതും തരണേ, ഞങ്ങളെ സഹായിക്കണേ എന്ന് പറഞ്ഞ് ആളുകൾക്ക് മുമ്പിൽ കൈ നീട്ടുന്നവർ. രണ്ട്, പ്രത്യക്ഷത്തിൽ വായകൊണ്ട് യാചിക്കുന്നില്ലെങ്കിലും വേഷം കൊണ്ടും ഭാവം കൊണ്ടും 'വല്ലതും തരണേ' എന്ന മട്ടിൽ നടക്കുന്നവർ. എനിക്ക് ഈ രണ്ട് രൂപത്തിലും യാചിക്കാൻ ഇഷ്ടമില്ല. എനിക്ക് ആരുടെയും ഔദാര്യവും വേണ്ട. ഒരേ ഒരാളുടെ ഔദാര്യത്തിന് വേണ്ടി കൈ നീട്ടിക്കൊണ്ടാണ് ഞാൻ രാവും പകലും ജീവിക്കുന്നത് - എന്റെ പ്രണയഭാജനമായ തമ്പുരാന്റെ ഔദാര്യം.

40 comments:

  1. Valare nalla message tharunnu thangal

    ReplyDelete
  2. ❤️❤️❤️🌹🌹🌹🌹

    ReplyDelete
  3. ما شاء الله
    ഉൾവാതിൽ തുറക്കാനുതകുന്ന ചിന്തശകലങ്ങൾ

    ReplyDelete

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...