ആ ദിവസങ്ങളിൽ നേടിയെടുത്ത ആത്മീയമായ ഊർജ്ജം ഒരാണ്ട് കാലം യാത്രികനെ നേർവഴിക്ക് നടത്തും.
ശരീരത്തിന്റെ ഭാരം കുറഞ്ഞത് പോലെതന്നെ മനസ്സിന്റെ ഭാരങ്ങളും കുറഞ്ഞിട്ടുണ്ടായിരുന്നു.
മനസ്സിലെ ഏറ്റവും വലിയ ഭാരം അഹന്തയാണ്.
തന്റെ എല്ലാ കഴിവുകളും അവയുടെ യഥാർത്ഥ ഉടമസ്ഥന് മനസ്സാ സമർപ്പിക്കുകയായിരുന്നു ബിശ്ർ ചെയ്തത്.
അതുകൊണ്ട് തന്നെ ആയിരം മാസങ്ങളേക്കാൾ പുണ്യമെന്ന് വിശേഷിക്കപ്പെട്ട ലൈലതുൽ ഖദ്റിന്റെ അനുഭൂതികൾ അവന് മറക്കാൻ കഴിഞ്ഞില്ല.
ഒരിക്കലും അവസാനിക്കാത്ത ആത്മജ്ഞാനികളുടെ ലെെലതുൽ ഖദ്റിന് എന്ത് മധുരമായിരിക്കും.
ബിശ്ർ കൊതിച്ചു.
റമളാൻ മാസം ചുടുചുംബനങ്ങൾ നൽകിയാണ് വിട പറഞ്ഞത്.
കാരണം അവനാ റമളാനിനെ അത്രമേൽ ആദിത്യമര്യാദയോടെയായിരുന്നു വിരുന്നൂട്ടിയത്.
റമളാൻ അവന്റെ കൂടെ ഉണ്ടു, ഉറങ്ങി, ഉറന്നു.
അവൻ റമളാനെ പ്രണയിച്ചു.
റമളാൻ അവനെയും.
അത്കൊണ്ട് തന്നെ ഈ ചെറിയ പെരുന്നാൾ ബിശ്റിന് വലിയ പെരുന്നാളായിരുന്നു.
സന്തോഷത്തിന്റെ ദിവസത്തിൽ പുതിയ പുടവയണിഞ്ഞ് അത്തറു പൂശി നല്ല ഭക്ഷണം കഴിച്ച് എല്ലാ ആഘോഷങ്ങളിലും പങ്കു ചേരണമെന്ന് അവൻ തീരുമാനിച്ചു.
എന്നാൽ പെരുന്നാളിന്റെ ആന്തരാർത്ഥങ്ങൾ ബിശ്റിന്റെ സന്തോഷത്തിന് കടിഞ്ഞാണിട്ടു.
പ്രപഞ്ചനാഥന്റെ തിരുദർശനം ലഭിക്കുന്ന ദിവസമാണ് പെരുന്നാൾ.
നാഥന്റെ സ്നേഹ ദീപ്തിക്കു മുമ്പിൽ അവൻ അലിഞ്ഞില്ലാതാക്കുന്ന ദിവസം.
ആകാശ ഭൂമികളെ പരിപാലിക്കുന്ന നാഥനുള്ള പ്രണയ സമ്മാനമായി എന്റെ നമസ്കാരങ്ങളും മറ്റു ആരാധനകളും എന്റെ ജീവിതവും മരണവും ഞാൻ സമർപ്പിക്കുന്നു എന്ന് അഞ്ച് നേരവും അവൻ നാഥന് മുമ്പിൽ പറയാറുണ്ട്.
ആ പ്രണയത്തിന്റെ ഓർമ്മകൾ അവനെ കൂടുതൽ വിനയാന്വിതനാക്കാറുണ്ട്.
മണ്ണിലൂടെ നിശബ്ദമായി കാൽപാദങ്ങൾ ചലിപ്പിക്കാൻ അവനെയാ വിനയം പഠിപ്പിച്ചിട്ടുണ്ട്.
വിനയത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാ പുലരിയേയും വരവേൽക്കാൻ ഗുരുനാഥന്മാർ അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
അതുകൊണ്ട് പെരുന്നാൾ ദിവസത്തെ കൂടുതൽ താഴ്മയോടെ വരവേൽക്കണം.
അഹങ്കാരത്തിന്റെ ഒരംശം പോലും ഹൃദയത്തിൽ സൂക്ഷിക്കാതെ ഭൂമിയിൽ ഏറ്റവും താഴ്ന്നവനാണ് താനെന്ന മനോഭാവത്തോടെ നിലനിൽക്കാൻ കഴിയണം.
ബിശ്ർ ചിന്തിച്ചു:
ലോകത്ത് എത്രയോ പേർ കഷ്ടത അനുഭവിക്കുന്നു.
പട്ടിണിയും രോഗവും യുദ്ധവും അടിച്ചമർത്തലും കാലാന്തരങ്ങളിൽ ചാക്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു കാലത്തെ ഇര വർഗ്ഗം മറ്റൊരു കാലത്തെ അധിപന്മാരാകുന്നു.
ഇന്ന് നീതിക്ക് വേണ്ടി വാദിച്ചവർ നാളെ അനീതിയുടെ വാക്താക്കളാകുന്നു.
എവിടെ പെരുന്നാൾ?
ലോകം മുഴുവൻ സന്തോഷവും സമാധാനവും നീതിയും അനുഭവിക്കുന്ന പെരുന്നാൾ എന്നാണ് അനുഭവിക്കാനാവുക.
കാരണം, ഞാൻ മാത്രം സന്തോഷിക്കുന്നതല്ലല്ലോ പെരുന്നാൾ.
ലോകത്തുള്ള സകല ജീവജാലങ്ങളും സന്തോഷമനുഭവിക്കുന്ന ദിവസമാണ് പെരുന്നാൾ.
അങ്ങനെ ഒരു പെരുന്നാൾ എന്നാണ്?
അനീതിയുടെയും അസഹിഷ്ണുതയുടെ തീജ്വാലകൾ അണഞ്ഞതിന് ശേഷം നീതിയുടെയും സമാധാനത്തിന്റെയും സൂര്യൻ ഉദിക്കുന്ന ഒരു ദിവസമുണ്ട്.
അന്ന് ലോകത്തുള്ള എല്ലാവരും സമന്മാരായിരിക്കും.
മുത്ത് നബി അരുളിയത് പോലെ
എല്ലാവരും മുപ്പത്തിമൂന്നിന്റെ നിറവിൽ.
അന്ന് ദുഃഖിക്കാൻ ഒരാൾക്കും ഒരു കാരണവും ലഭിക്കില്ല.
സങ്കടപ്പെടാൻ അവിടെ ഒരു വിഭാഗമില്ല.
കാണുന്നവർ പരസ്പരം പറയും. ശാന്തി, ശാന്തി.
ഭൂമിയിൽ അവഹേളിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ഇഷ്ടദാസരും അടിച്ചമർത്തപ്പെട്ട അനാഥരും അഗതികളും വിധവകളും
ചേർത്തു പിടിക്കാൻ ശ്രമിച്ച എല്ലാ സുമനസ്സിന്റെ ഉടമകളും അന്ന് ശാന്തിയുടെ നിത്യ സംഗീതമനുഭവിക്കും.
മാലാഖമാർ അവർക്ക് പാദസേവ ചെയ്യും.
ലിഖാഇനു വേണ്ടി അവരുടെ ഹൃദയം തുടിക്കും.
സർവങ്ങളിലും ചൈതന്യം നിറച്ച പ്രപഞ്ചനാഥൻ അവർക്കു ദർശനം നൽകും.
അവർക്കന്ന് ഏറ്റവും വലിയ പെരുന്നാളായിരിക്കും.
No comments:
Post a Comment
🌹🌷