ദൈവമേ.. എനിക്കൊരു ആഗ്രഹമുണ്ട്. ഒരേയൊരാഗ്രഹം.
അത് നിറവേറ്റി തരണേ..
എത്രയോ കാലമായി ഞാൻ നിന്നോട് പ്രാർത്ഥിക്കുകയാണല്ലോ.
എന്റെ പ്രാർത്ഥന ഒരിക്കലെങ്കിലും നീ സ്വീകരിക്കുമോ?
ഭൂമിയിലെ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ആൾ ഞാനാണ്.
എന്തുകൊണ്ടാണ് നീ എനിക്ക്
ഇത്രത്തോളം ബുദ്ധിമുട്ടുകൾ നൽകി പരീക്ഷിക്കുന്നത്.
"എനിക്ക് എൻ്റെ കഷ്ടപ്പാടുകൾ മറ്റാർക്കെങ്കിലും കൈമാറാനുള്ള ഒരു അവസരം തരണേ..
എനിക്ക് നിന്നോട് മറ്റൊന്നും ചോദിക്കാനില്ല.
എനിക്കെന്റെ ദുരിതങ്ങൾ
മറ്റാർക്കെങ്കിലും കൈമാറണം. അത്രയേ ഉള്ളൂ.
അങ്ങനെ ഒരു ദിവസം രാത്രി ദൈവം സംസാരിക്കുന്നത് അയാൾ കിനാവുകണ്ടു.
സ്വർഗ്ഗത്തിൽനിന്നും ഉൽകൃഷ്ടമായ ഒരു ശബ്ദം അവൻ കേട്ടു.
"എല്ലാവരും നിങ്ങളുടെ ദുരിതങ്ങൾ ഒരു സഞ്ചിയിലാക്കി ദേവാലയത്തിലേക്ക് കൊണ്ടു വരിക"
അങ്ങനെ പ്രദേശവാസികളെല്ലാം തങ്ങളുടെ ദുരിതങ്ങളുടെ ഭാണ്ഡവുമായി ആ ദേവാലയത്തിലേക്ക് വന്നു.
അയാൾക്ക് സന്തോഷം അടക്കാനായില്ല.
കാരണം തന്റെ ഒരുപാട് കാലത്തെ അഭിലാഷം പൂവണിയാൻ പോവുകയാണ്.
ആ അനർഗ നിമിഷം വന്നണഞ്ഞിരിക്കുന്നു.
അയാൾ ധൃതിയോടെ ദേവാലയത്തിലേക്ക് കേറി.
മറ്റുള്ള ജനങ്ങളും വ്യഗ്രതയിലാണ്.
എന്നാൽ ഹാളിനകത്ത് കയറിയപ്പോൾ അയാൾ അന്താളിച്ചു പോയി.
കാരണം ആളുകളിൽ പലരും അയാളെകാൾ വലിയ ഭാണ്ഡങ്ങളാണ് ചുമന്ന് നിൽക്കുന്നത്.
എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടാറുള്ള,
നല്ല വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള,
നല്ല വർത്തമാനങ്ങൾ മാത്രം പറയാറുളള ആളുകളിൽ പലരും വലിയ വലിയ ദാണ്ഡക്കെട്ടുകളാണ് ചുമന്ന് കൊണ്ട് വന്നിട്ടുള്ളത്.
അയാൾ ചിന്തിച്ചു,
നിൽക്കണോ അതോ പോണോ.
പക്ഷെ അയാൾ പോയില്ല. കാരണം ഒരുപാട് കാലത്തെ പ്രാർത്ഥനക്കുത്തരമാണല്ലോ ഇന്ന് സംഭവിച്ചിരിക്കുന്നത്.
അപ്പോൾ മറ്റൊരു അശരീരി മുഴങ്ങി.
"എല്ലാവരുടെയും ഭാണ്ഡങ്ങൾ ഹാളിന് ചുറ്റും വെക്കുക."
എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങൾ ഓരോ മൂലയിൽ വച്ചു.
അല്പസമയം മൂകമായ അന്തരീക്ഷം.
അടുത്ത കൽപ്പനക്കായി എല്ലാവരും കാത്തിരുന്നു. പെട്ടെന്ന് വീണ്ടുമൊരു അശരീരി ഉണ്ടായി.
"ഇനി ആ ഭാണ്ഡങ്ങളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം."
അവിടെ ആ നിമിഷം അത്ഭുതങ്ങളുടെ അത്ഭുതം സംഭവിച്ചു.
എല്ലാവരും തിക്കുംതിരക്കും ഉണ്ടാക്കിയത്
എങ്ങനെയെങ്കിലും സ്വന്തം ഭാണ്ഡം കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു.
അയാൾ സ്വന്തം ഭാണ്ഡത്തിന്റെ അടുത്തേക്കാണ് വെപ്രാളപ്പെട്ട് ഓടിയത്.
അയാളും ചിന്തിച്ചത് മറ്റാരെങ്കിലും എൻറെ ഭാണ്ഡം കയ്ക്കലാക്കിയാൽ ഏറ്റവും വലിയ നഷ്ടം അതായിരിക്കും.
എല്ലാവരും അവരവരുടെ തന്നെ ദുരിതങ്ങളുടെ ഭാണ്ഡങ്ങൾ തിരഞ്ഞെടുക്കുകയും ആശ്വാസത്തോടെയും വലിയ സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അയാളും വലിയ സന്തോഷത്തിലായിരുന്നു. അയാൾ സ്വയം പറഞ്ഞു: ആർക്കറിയാം, മറ്റുള്ളവരുടെ ഭാഗങ്ങളിലൊക്കെ എന്തൊക്കെയാണ് ഉള്ളത് എന്ന്?!
നമ്മൾക്ക് നമ്മളുടെത് മാത്രമല്ലേ അറിയൂ.
അന്ന് അയാൾക്ക് ഒരു കാര്യം ബോധ്യമായി.
നമ്മുടെ കഷ്ടതകൾ മാത്രമേ നമുക്ക് അനുഭവിക്കാനാവുകയൊള്ളു.
No comments:
Post a Comment
🌹🌷